
പ്രണയവഴിയിലെ ആ ‘വമ്പന്‍’ യാദൃച്ഛികത; ആദ്യസമ്മാനത്തിലെ ട്വിസ്റ്റ്
by സ്വന്തം ലേഖകൻപ്രണയവഴിയിലെ ഇഷ്ടപ്പെട്ട സമ്മാനം എന്തായിരുന്നുവെന്നു ചോദിച്ചാൽ അതിലും ട്വിസ്റ്റുണ്ട് അരുവിക്കര എംഎൽഎ കെ.എസ്.ശബരീനാഥനും തൊഴിലുറപ്പ് മിഷൻ പദ്ധതി ഡയറക്ടർ ദിവ്യ എസ്.അയ്യർക്കും.
ദിവ്യ സബ്കലക്ടർ ആയിരുന്ന കാലത്താണ് ഇരുവരുടെയും സൗഹൃദം പ്രണയത്തിനു വഴി മാറുന്നത്. പുസ്തകങ്ങളോട് ഇഷ്ടമുള്ളവരാണ് ഇരുവരും. അതുകൊണ്ട് ആദ്യസമ്മാനം പുസ്തകമാവട്ടെ എന്നായിരുന്നു ആഗ്രഹം.
സർപ്രൈസ് കൊടുക്കാനായി ഇരുവരും ആമസോണിൽ നിന്ന് വരുത്തിയ പുസ്തകങ്ങൾ കൈമാറിയപ്പോഴാണറിഞ്ഞത്, രണ്ടും ഒരേ പുസ്തകം!
ആന്ദ്രേ അഗാസിയുടെ ‘ഓപ്പൺ’ ആയിരുന്നു ആ പുസ്തകം.
സ്റ്റെഫി ഗ്രാഫിനെ കണ്ടതും ഇഷ്ടപ്പെട്ടതും ജീവിതത്തിലുണ്ടായ മാറ്റങ്ങളുമെല്ലാം വിശദമായി പറയുന്ന ‘ഓപ്പൺ’ ഇരുവരും ചർച്ച ചെയ്തിരുന്ന പുസ്തകമായിരുന്നു. പുസ്തകങ്ങൾ തന്നെയായിരുന്നു ആദ്യകാലത്തെ സമ്മാനങ്ങളൊക്കെയെന്ന് ഇരുവരും പറയും. ഏറ്റവും പ്രിയപ്പെട്ട സമ്മാനങ്ങളും പുസ്തകങ്ങൾ തന്നെ.
ഇപ്പോൾ പക്ഷേ പുസ്തകങ്ങൾ കുഞ്ഞു കുഞ്ഞു അലങ്കാര വസ്തുക്കൾക്കു വഴി മാറി. വീട് അലങ്കരിക്കാവുന്ന കൗതുക വസ്തുക്കളിലാണ് ഇപ്പോൾ ഇരുവരുടെയും കണ്ണെത്തുക. ‘‘പക്ഷേ, ഇന്നത്തേക്കു ഞാനൊന്നും വാങ്ങിയിട്ടില്ല കേട്ടോ’’ ശബരി പറയുന്നു. 2017 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.