![https://img.manoramanews.com/content/dam/mm/mnews/news/spotlight/images/2020/2/14/surgery.jpg https://img.manoramanews.com/content/dam/mm/mnews/news/spotlight/images/2020/2/14/surgery.jpg](https://img.manoramanews.com/content/dam/mm/mnews/news/spotlight/images/2020/2/14/surgery.jpg)
10 വർഷം മുൻപ് അപകടത്തിൽ തലയിൽ കയറിയ കമ്പി ശസ്ത്രക്രിയയിലൂടെ നീക്കി
by സ്വന്തം ലേഖകൻഒറ്റപ്പാലം: 10 വർഷം മുൻപു സംഭവിച്ച വാഹനാപകടത്തിൽ തലയിൽ കയറിയ ഇരുമ്പു കമ്പി ശസ്ത്രക്രിയയിലൂടെ നീക്കി. വയനാട് ബത്തേരി കാരശ്ശേരി കരിപ്പുമൂടിയിൽ വീട്ടിൽ തോമസിന്റെ ഭാര്യ ഏലിയാമ്മയുടെ തലയിൽ കയറിയ 2.5 സെന്റീമീറ്റർ നീളമുള്ള ഇരുമ്പു കമ്പിയാണു വാണിയംകുളം പികെ ദാസ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ന്യൂറോ സർജൻ ഡോ. ബിജു ജോസിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
മകളെ മൈസൂരിൽ ഉപരിപഠനത്തിനു ചേർക്കാനുള്ള യാത്രയ്ക്കിടെ ലോറിയും ബസും കൂട്ടിയിടിച്ചാണ് ഏലിയാമ്മയ്ക്കു പരുക്കേറ്റത്. ആശുപത്രി വിട്ടു വീട്ടിലെത്തിയ ശേഷം തലയുടെ ഇടതുവശത്തു മുഴ കണ്ടെത്തി. ബത്തേരിയിലെ ആശുപത്രിയിൽ സ്‌കാൻ ചെയ്തപ്പോൾ കൊഴുപ്പു പോലെ എന്തോ അടിഞ്ഞെന്നാണു ഡോക്ടർമാർ കണ്ടെത്തിയത്. 2 മാസം മുൻപു വേദന തീവ്രമായതോടെ വീണ്ടും ചികിത്സ തേടി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ശുപാർശ ചെയ്യപ്പെട്ട ഇവർ പികെ ദാസിൽ ചികിത്സയ്ക്കെത്തുകയായിരുന്നു.
മനോരമ ഓണ്‍ലൈന്‍