വെടിയുണ്ട കാണാതായ കേസ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ മൂന്നാം പ്രതി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372751/bullet.jpg

തിരുവനന്തപുരം: കേരള പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ മൂന്നാം പ്രതി. കടകംപള്ളിയുടെ ഗണ്‍മാന്‍ സനില്‍ കുമാറാണ് പതിനൊന്നംഗ പ്രതിപട്ടികയില്‍ മൂന്നാം പ്രതിയായിട്ടുള്ളത്. 2019 ഏപ്രില്‍ മൂന്നിന് പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്.

സായുധ സേന ക്യാമ്പിലെ ഹവില്‍ദാറായിരുന്ന സനില്‍ കുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതല. വെടിയുണ്ടകളുടെ വിവരങ്ങള്‍ സനില്‍ കുമാര്‍ അടക്കമുള്ള 11 പേരും രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് എഫ്‌ഐആര്‍ില്‍ വ്യക്്തമാക്കുന്നത്. എഫ്‌ഐആറില്‍ ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളത്. 1996 മുതല്‍ 2018 വരെയുള്ള കാലയളവില്‍ എസ്എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായെന്ന മുന്‍ കമാണ്ടന്റ് സേവ്യറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടന്നിട്ടില്ല.

സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നു എന്നാണ് വിശദീകരണം. അതീവ ഗൗരവമുള്ള കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. അതേസമയം രജിസ്റ്റര്‍ സൂക്ഷിക്കേണ്ട പോലീസുകാര്‍ മാത്രമാണ് എഫ്‌ഐആറില്‍ പ്രതികളായിട്ടുള്ളത്. സംഭവത്തില്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അന്വേഷണം രണ്ട് മാസം കൊണ്ട് തീര്‍ക്കണമെന്നാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ നിര്‍ദേശം. കുറ്റവാളിയെന്ന് തെളിയും വരെ സനില്‍ കുമാര്‍ സ്റ്റാഫായി തുടരുമെന്ന് മന്ത്രി പ്രതികരിച്ചു.