https://www.deshabhimani.com/images/news/large/2020/02/s-849785.jpg

നാരായണമൂര്‍ത്തിയുടെ മരുമകന്‍ റിഷി സുനാക് യുകെ ധനമന്ത്രി

by

ലണ്ടന്‍
ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജനായ റിഷി സുനാക് നിയമിതനായി. ഇന്‍ഫോസിന്റെ സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകനാണ്. ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന നിര്‍ണായകപദവിയാണ് തേടിയെത്തിയിരിക്കുന്നത്. നിയമനത്തിന് രാജ്ഞി അംഗീകാരം നല്‍കി.

പാക് വംശജനായ സാജിദ് ജാവിദ് അപ്രതീക്ഷിതമായി രാജിവച്ച ഒഴിവിലാണ് നിയമനം.

അദ്ദേഹത്തിന് കീഴില്‍ ട്രഷറി ചീഫ്‌ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു റിഷി. ബജറ്റ് അവതരിപ്പിക്കാന്‍ മാസം മാത്രം ശേഷിക്കെയാണ് ജാവിദ് മന്ത്രിസഭക്ക് പുറത്തുപോകുന്നത്. ഡിസംബറിലെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ജോണ്‍സണ്‍ മന്ത്രിസഭയിലെ ആദ്യ ആഴിച്ചുപണിയാണിത്. ജോണ്‍സണുമായുള്ള തര്‍ക്കമാണ് ജാവിദ് പുറത്തുപോകാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

യോര്‍ക് ഷെയറിലെ റിച്ച്‌മൊണ്ടില്‍നിന്നുള്ള കണ്‍സര്‍‌വേറ്റീവ് പാര്‍ടി എംപിയായ റിഷി, നാരായണമൂര്‍ത്തിയുടെ മകള്‍ ആക്ഷരയെയാണ് വിവാഹം കഴിച്ചത്. 2015ല്‍ എംപിയായ റിഷി, ബ്രക്‌സിറ്റ് സാധ്യമാക്കാനുള്ള ബോറിസ് ജോണ്‍സണന്റ തീരുമാനത്തിനുപിന്നിലെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു.
1960കളില്‍ പഞ്ചാബില്‍നിന്ന്‌ കുടിയേറിയവരാണ് മുത്തച്ഛനും കുടുംബവും. ഓക്‌സ്‌‌ഫഡ് , സ്റ്റാന്‍ഫഡ് സര്‍‌വകലാശാലകളിലായിരുന്നു വിദ്യാഭ്യാസം. ഇന്ത്യന്‍ വംശജരായ അലോക് ശര്‍മ, സുയേല ബ്രവര്‍മന്‍ തുടങ്ങിയ എംപിമാര്‍ക്കും വരുംദിവസങ്ങളില്‍ മന്ത്രിസഭയില്‍ പ്രാതിനിധ്യം കിട്ടുമെന്ന് റിപ്പോര്‍ട്ടുണ്ട്.