ക്രിസ്റ്റ്യാനോ രക്ഷകന്‍; മിലാനെ സമനിലയില്‍ പിടിച്ച് യുവന്റസ്

ആദ്യ പാദത്തില്‍ മിലാന്റെ ഹോം ഗ്രൗണ്ടില്‍ സമനില നേടാനായത് യുവന്റസിന് രണ്ടാം പാദത്തില്‍ കാര്യങ്ങള്‍ എളുപ്പമാക്കും

https://www.mathrubhumi.com/polopoly_fs/1.4528130.1581657509!/image/image.jpg_gen/derivatives/landscape_894_577/image.jpg
Photo Credit

മിലാന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും മുഖാമുഖം വരുന്നു എന്ന പ്രത്യേകതയുണ്ടായിരുന്നു ഇത്തവണത്ത യുവന്റസ്- എ.സി. മിലാന്‍ പോരാട്ടത്തിന്. ആ പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ യുവന്റസിന്റെ രക്ഷകനായി. ഇഞ്ചുറി ടൈമില്‍ കിട്ടിയ പെനാല്‍റ്റി ഗോളാക്കി ക്രിസ്റ്റ്യാനോ യുവന്റസിന് സമനില സമ്മാനിച്ചു. കോപ്പ ഇറ്റാലിയ സെമിഫൈനല്‍ ആദ്യ പാദത്തിലാണ് മിലാനും യുവന്റസും (1-1) സമനിലയില്‍ പിരിഞ്ഞത്.

61-ാം മിനിറ്റില്‍ ആന്റി റെബിച്ചിന്റെ ഗോളില്‍ എ.സി. മിലാന്‍ മുന്നിലെത്തി. എന്നാല്‍, പത്ത് മിനിറ്റിന് ശേഷം പ്രതിരോധ താരം തിയോ ഹെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ മിലാന്‍ പത്ത് പേരായി ചുരുങ്ങി. എന്നാല്‍, മിലാന്‍ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റി ഗോള്‍.

88-ാം മിനിറ്റില്‍ മിലാന്‍ ബോക്സില്‍ നിന്ന് ക്രിസ്റ്റ്യാനോ ബൈസിക്കിള്‍ കിക്കിനായി ശ്രമിച്ചു. എന്നാല്‍, പന്ത് മിലാന്‍ പ്രതിരോധതാരം ഡേവിഡ് കലാബ്രിയയുടെ കൈയില്‍ തട്ടി. ഇതോടെ യുവന്റസ് താരങ്ങള്‍ പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്തു. റഫറി വാര്‍ സിസ്റ്റത്തിലൂടെ പരിശോധിച്ചതിന് ശേഷം പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത ക്രിസ്റ്റ്യാനോയ്ക്ക് പിഴച്ചില്ല. ആദ്യ പാദത്തില്‍ മിലാന്റെ ഹോം ഗ്രൗണ്ടില്‍ സമനില നേടാനായത് യുവന്റസിന് രണ്ടാം പാദത്തില്‍ കാര്യങ്ങള്‍ എളുപ്പമാക്കും.

Content Highlights: Ronaldo Brings Juventus Level With Milan