https://www.doolnews.com/assets/2020/02/131-399x227.jpg

വണ്‍മാന്‍ ഷോ അവസാനിച്ചോ? ദല്‍ഹി തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പിക്ക് ഉപദേശവുമായി സഖ്യകക്ഷികള്‍; ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടണമെന്ന് ശിരോമണി അകാലി ദള്‍

by

അമൃത്‌സര്‍: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിക്ക് ഉപദേശവുമായി സഖ്യകക്ഷി കൂടിയായ ശിരോമണി അകാലി ദള്‍. മതാടിസ്ഥാനത്തില്‍ പൗരന്മാരോട് വിവേചനം കാണിക്കരുതെന്നും വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹൃദാന്തരീക്ഷം തകര്‍ക്കരുതെന്നും മുതിര്‍ന്ന നേതാവ് പ്രകാശ് സിങ് ബാദല്‍ പറഞ്ഞു.

” രാജ്യത്ത് നിലവിലുള്ള അവസ്ഥ അത്ര ശുഭകരമല്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കണം. ഒരു സര്‍ക്കാരിന് വിജയകരമായി മുന്നോട്ട് പോകണമെങ്കില്‍ അവര്‍ ന്യൂനപക്ഷങ്ങളെയും കൂടെ കൂട്ടണം. ഹിന്ദുക്കള്‍ക്കും, മുസ്‌ലിങ്ങള്‍ക്കും, സിഖ്കാര്‍ക്കും, ക്രിസ്ത്യാനികള്‍ക്കും തങ്ങള്‍ ഒരു പോലെ ഈ രാജ്യത്ത് ബഹുമാനിക്കപ്പെടുന്നുണ്ട് എന്ന് തോന്നണം. അവര്‍ പരസ്പരം സൗഹൃദപരമായി കഴിയേണ്ടവരാണ്. വിദ്വേഷത്തിന്റെ വിത്തല്ല ഈ രാജ്യത്ത് വിതയ്‌ക്കേണ്ടത്, സ്‌നേഹത്തിന്റെ വിത്താണ്”. പ്രകാശ് സിങ് ബാദല്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”രാജ്യത്തിന്റെ ഭരണഘടന മതേതര ജനാധിപത്യ സ്വഭാവം പുലര്‍ത്തുന്നതാണ്. ഭരണഘടനയില്‍ നിന്നും ഏതെങ്കിലും തരത്തില്‍ പിന്നോട്ട് പോകുന്ന നിലപാട് രാജ്യത്തെ ദുര്‍ബലപ്പെടുത്തും. അധികാരത്തിലുള്ളവര്‍ ഇന്ത്യയെ മതേതര ജനാധിപത്യ രാജ്യമായി ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്”. പ്രകാശ് സിങ് ബാദല്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തെ തന്നെ ശിരോമണി അകാലി ദള്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ദല്‍ഹി നിയമ സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ചര്‍ച്ചയില്‍ ബി.ജെ.പിയുമായി യോജിപ്പിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നും അകാലി ദള്‍ വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡിസംബറിലാണ് ശിരോമണി അകാലി ദളിന്റെ രാജ്യസഭയില്‍ നിന്നുള്ള എം.പി നരേഷ് ഗുജ്രാള്‍ പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലിം വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം മുന്നോട്ട് വെച്ചതോടെയാണ് അകാലി ദളും ബി.ജെ.പിയുമായുള്ള പടലപിണക്കങ്ങള്‍ ആരംഭിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ ജനസംഖ്യ പട്ടികയിലും വിമര്‍ശനം ഉന്നയിച്ചത് ഇരു കക്ഷികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.