https://janamtv.com/wp-content/uploads/2019/10/kerala-bank.jpg

കേരളാ ബാങ്ക് രൂപീകരിക്കാനായി റബ്കോ അടക്കമുള്ള സഹകരണ സ്ഥാപനങ്ങളുടെ വായ്പാ കുടിശ്ശിക ഏറ്റെടുത്തതിലും ക്രമക്കേട്

by

കണ്ണൂർ: കേരളാ ബാങ്ക് രൂപീകരിക്കാനായി റബ്കോ അടക്കമുള്ള സഹകരണ സ്ഥാപനങ്ങളുടെ വായ്പാ കുടിശ്ശിക ഏറ്റെടുത്തതിലും ക്രമക്കേട്. അപക്സ് സൊസൈറ്റിയല്ലാത്ത റബ്കോയുടെ ബാധ്യതകൾ ഏറ്റെടുത്തത് സാമ്പത്തിക പരാധീനതയിൽ നട്ടം തിരിയുന്ന റബ്കോയെ സഹായിക്കാനാണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.

സംസ്ഥാന സഹകരണ ബാങ്കിന്റെ കുടിശ്ശിക ലിസ്റ്റിൽ പെട്ടതും അപ്രൈസൽ റിപ്പോർട്ട്, കരണ്ട് വാലുവേഷൻ റിപ്പോർട്ട്, സാങ്കേതിക പരിശോധന റിപ്പോർട്ട് തുടങ്ങിയ നടപടികൾ പൂർത്തീകരിച്ചതുമായ അനേകം സഹകരണസംഘങ്ങൾ സംസ്ഥാനത്തുണ്ട്. ഇവയിൽ പലതും ആസ്തികൾ സർക്കാറിലേക്ക് പണയപ്പെടുത്താൻ പറ്റുന്നവയും ആണ്.

സർക്കാരിന്റെ പരിഗണനക്കായി നിരവധി അപേക്ഷകളാണ് സംസ്ഥാന സഹകരണ ബാങ്കിൽ കെട്ടികിടക്കുന്നത്. ഇത്തരത്തിൽ യോഗ്യരായ നിരവധി സഹകരണസംഘങ്ങൾ പുറത്തു നിൽക്കുമ്പോഴാണ് കേരളാ ബാങ്കിന് വേണ്ടി നിയമപരമായുള്ള ഒരു നടപടിയും പാലിക്കാതെ റബ്കോയുടെ കോടികളുടെ ബാദ്ധ്യത സർക്കാർ ഏറ്റെടുത്തത്. ഒരു സാധാ സഹകരണ കമ്പനിയായ റബ്‌കോയെ മാനദണ്ഡങ്ങള്‍ പാലിക്കാതെ പിന്‍വാതിലിലൂടെ തിരുകി കയറ്റുകയാണ് ഉണ്ടായതെന്നാണ് പ്രധാന ആരോപണം.

സിപിഎം സഹകരണ സംഘമെന്നതിലുപരി ഒരു പരിഗണനയും അർഹിക്കാത്ത റബ്കോയുടെ കോടികളുടെ ബാധ്യത ഏറ്റെടുത്തത് വഴിവിട്ടാണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.