https://www.doolnews.com/assets/2020/01/joseph-puthanpurakkal-399x227.jpg

മുസ്ലീം വിദ്വേഷ പ്രസംഗം, ടിപ്പുസുല്‍ത്താനെക്കുറിച്ച് കള്ളം; മാപ്പ് പറഞ്ഞ് തടിയൂരാന്‍ നോക്കി ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍

by

കോഴിക്കോട്: ഇസ്‌ലാം മതത്തെകുറിച്ചും ടിപ്പുസുല്‍ത്താനെകുറിച്ചും നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് കാപ്പിപൊടിയച്ചന്‍ എന്നാണറിയപ്പെടുന്ന ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍. കപ്പൂച്ചിന്‍ സഭയിലെ സുവിഷേകനായ ഇദ്ദേഹം തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയിലൂടെയാണ് പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

പൗരത്വ നിയമഭേദഗതിയുടെ പേരില്‍ മുസ്‌ലീങ്ങള്‍ക്കുനേരെ അനീതി നടക്കുന്നുണ്ടെങ്കിലും അതിന്റെ മറുവശം കൂടി നമ്മള്‍ ഓര്‍ക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫാദര്‍ ടിപ്പുസുല്‍ത്താനിലേക്ക് എത്തുന്നത്. തുടര്‍ന്ന് ടിപ്പു കേരളത്തിലെ പടയോട്ട കാലത്ത് നടത്തിയെന്ന് പറയപ്പെടുന്ന പല ക്രൂരകൃത്യങ്ങളെകുറിച്ചും ഫാദര്‍ തന്റെ പ്രഭാഷണത്തില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ ഉദ്ദേശിക്കാത്ത തരത്തിലാണ് ആ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നതെന്ന് പറഞ്ഞ് ജോസഫ് പുത്തന്‍പുരക്കല്‍ രംഗത്തെത്തിയിരിക്കുകയാണ്.

‘ഇസ്ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. താന്‍ ഉദ്ദേശിക്കാത്ത തരത്തിലാണ് ആ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നത്.’ പ്രസംഗത്തില്‍ ടിപ്പു സുല്‍ത്താനെ കുറിച്ച് പറഞ്ഞ സന്ദര്‍ഭത്തില്‍ തിയതി മാറിപ്പോയിട്ടുണ്ടെന്നും ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. സ്വകാര്യ ചടങ്ങായതിനാലാണ് താന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന വിചിത്രവാദവും ജോസഫ് പുത്തന്‍പുരക്കല്‍ ഉയര്‍ത്തുന്നുണ്ട്.

ലവ് ജിഹാദ്, നൈജീരിയായിലെ ക്രൈസ്തവരുടെ കൂട്ടക്കൊല, മറ്റു ചില രാജ്യങ്ങളിലെ ക്രൈസ്തവരെ കൊന്നൊടുക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പങ്കുവെച്ച ചിന്തകളായിരുന്നു പ്രസംഗം. പക്ഷേ ചില പരാമര്‍ശങ്ങള്‍ ഒരുപാട് പേരെ വേദനിപ്പിച്ചെന്ന് മനസിലായി. അതില്‍ നിര്‍വാജ്യം ക്ഷമ ചോദിക്കുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. മനപ്പൂര്‍വമായി ആരെയും വേദനിപ്പിക്കാനായിരുന്നില്ല ആ പ്രസംഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിപ്പുസുല്‍ത്താനും മുസ്ലീങ്ങള്‍ക്കുമെതിരെ ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം;

‘വാടിയ രാജാവിന് സൈന്യാധിപനായ ടിപ്പുസുല്‍ത്താന്‍ മലബാറില്‍ വന്നു. കുതിരപ്പുറത്ത് വന്ന ടിപ്പുവും പട്ടാളവും ക്രിസ്റ്റ്യാനികളെ വെടിവെച്ചുകൊന്നു. ഹിന്ദുക്കളെ ഇല്ലാതാക്കി. പേടിപ്പിച്ചു വിരട്ടി മുസ്ലീങ്ങളാക്കി. അല്ലാതെ മലബാറികള്‍ മുസ്ലീം സ്വീകരിച്ചതൊന്നുമല്ല. ഇത് ഹിന്ദുക്കളേയും മുസ്ലീങ്ങളേയും പേടിപ്പിച്ച് മതം മാറ്റിയതാ. അഞ്ചൂറ്റി പതിനഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറത്ത്. അതുകൊണ്ടാണ് മുസ്ലീങ്ങളുടെ പൗരത്വ നിയമം വരുമ്പോള്‍ കാണിച്ചത് തെറ്റാണ്. പക്ഷെ ഒരു കാര്യം നമ്മള്‍ ഓര്‍ക്കണം മുസ്ലീങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടപോലെ നമ്മള്‍ക്കും നിഷേധിക്കപ്പെടാം. മുസ്ലീങ്ങളേയും നമുക്ക് വിശ്വസിക്കാന്‍ പറ്റുന്നവരല്ല. ബോംബെയില്‍ നമ്മള്‍ നില്‍ക്കുന്നത് ശിവസേനയുള്ളത് കൊണ്ടാ. അല്ലെങ്കില്‍ മുസ്ലിങ്ങള്‍ നമ്മളെ ഇല്ലാതാക്കും.

ലോകത്ത് ഒരു രാജ്യത്തേയുള്ള മുസ്ലീമിന് മാത്രം സഞ്ചരിക്കാവുന്ന റോഡ്. സൗദിയില്‍, മക്കയില്‍. മുസ്ലിം റോഡാണ് നമ്മള്‍ വണ്ടിയോടിച്ചാല്‍ ശിക്ഷയാണ്. അങ്ങനെയുള്ള വ്യത്യാസം കാണിക്കുന്ന മതഭ്രാന്ത് ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ക്കാണ് എന്ന് പറയാതിരിക്കാന്‍ പറ്റുകയില്ല. ഇന്ന് കേന്ദ്രം അവരോട് കാണിച്ച അനീതി അത് മറ്റൊരു വശം. പക്ഷെ അവരും അത്ര പുണ്യാളന്‍മാരൊന്നുമല്ല. നമ്മള്‍ സഹിക്കുന്ന ഒരു ഭാഗമുണ്ട്. ഏറ്റവും കൂടുതല്‍ നമ്മളെ കൊല്ലുന്നതാരാ. ഹിന്ദുക്കളാണോ? നൈജീരിയയില്‍ ഇറാഖില്‍ സിറിയയില്‍. മുസ്ലീങ്ങളാണ്. അതും നമ്മള്‍ കൂട്ടിവായിക്കണം. വികാരത്തില്‍ ഒരുഭാഗം പറയുമ്പോള്‍ അതിന്റെ മറുഭാഗം കൂടിയോര്‍ക്കുക. ലോകത്ത് നമ്മളെ കൊല്ലുന്നത് മുഴുവന്‍ മുസ്ലീങ്ങളാണ്. എവിടെ ചെന്നാലും ഇന്ത്യയില്‍ നമ്മള്‍ ഒത്തിരി ക്ഷമകാണിച്ചവരാ. ഈ മതഭ്രാന്തമ്മാര് വന്നപ്പോഴാണ് ഈ ബഹളം.

അപ്പോള്‍ അന്ന് ടിപ്പുവിന്റെ പട്ടാളം ഇങ്ങനെ വന്നു. വന്നു വന്ന് ആലുവ കഴിഞ്ഞ് പോരുമ്പോഴത്തോക്ക് ആലങ്ങാട് പ്രദേശത്ത് വരുന്ന ആ സമയത്ത് പെട്ടെന്ന് ആ പ്രദേശത്തെ മാവ് വഴിയില്‍ വളഞ്ഞു. മാവ് വളഞ്ഞപ്പോള്‍ ടിപ്പുവിന്റെ പടക്ക് പോകാന്‍ പറ്റിയില്ല. ആ സ്ഥലമാണ് കൂനന്‍മാവ് എന്നറിയപ്പെടുന്നത്. അങ്ങനെ പട്ടാളം വരുമ്പോള്‍ ചേറായി ബീച്ച് വഴി വരുമ്പോള്‍ ശക്തമായ മഞ്ഞ് വീഴ്ച്ചയില്‍ പള്ളിയങ്ങ് മറിഞ്ഞുപോയി. പള്ളി മറിഞ്ഞത് കാണാന്‍ ടിപ്പുവിന്റെ പട്ടാളം മുമ്പോട്ട് പോയപ്പോഴാണ് വാടിയാറില്‍ മറ്റൊരു യുദ്ധത്തിന് ടിപ്പുവിനെ തിരിച്ചുവിളിച്ചു. അങ്ങനെ വിളിച്ചില്ലായിരുന്നെങ്കില്‍ അഞ്ഞ്ൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടാളം കോട്ടയം അടൂര്, പത്തനംതിട്ട ദേവലോകം, വാളയാര്‍ റാന്തി വഴി ഒറ്റ പോക്ക് പോയെനെ. അങ്ങനെ പോയിരുന്നെങ്കില്‍ നിങ്ങളുടെ ഒക്കെ പേര് ഫാത്തിമ, സുലേഖ. ബഷീര്‍ മുസ്ത്തഫ എന്നിങ്ങനെയാവുമായിരുന്നു.’ എന്നായിരുന്നു ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ