ടോപ് ഓർഡറിൽ സഞ്ജു നിർഭയൻ; പിച്ച് മനസിലാക്കുന്നതിൽ പിഴവുപറ്റി: കോലി
by മനോരമ ലേഖകൻവെല്ലിങ്ടൻ∙ സഞ്ജു സാംസൺ നിർഭയനായ കളിക്കാരനാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടപ്പോൾ ലോകേഷ് രാഹുലിനൊപ്പം സഞ്ജുവിനെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കാനായിരുന്നു ടീമിന്റെ തീരുമാനം. പ്രഹരശേഷിയുടെ കാര്യത്തിൽ ഇരുവരെയും വെല്ലാനാവില്ലല്ലോ. എന്നാൽ, കൂടുതൽ പരിചയ സമ്പന്നനെന്ന നിലയിൽ ഞാൻ കൂടെ ഇറങ്ങണമെന്ന രാഹുലിന്റെ അഭ്യർഥനപ്രകാരമാണ് തീരുമാനം മാറ്റിയത്. സമ്മർദ്ദഘട്ടമായതിനാൽ താൻ തന്നെ രംഗം കൈകാര്യം ചെയ്യാമെന്ന് കരുതിയെന്നും കോലി വ്യക്തമാക്കി. മത്സരശേഷം സംസാരിക്കുമ്പോഴാണ് കോലിയുടെ പ്രതികരണം.
സൂപ്പർ ഓവറിൽ 14 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ അഞ്ചു പന്തിൽത്തന്നെ വിജയം കുറിച്ചിരുന്നു. ആദ്യ രണ്ടു പന്തുകളിൽ സിക്സും ഫോറും നേടിയ ലോകേഷ് രാഹുൽ മൂന്നാം പന്തിൽ പുറത്തായെങ്കിലും തുടർന്നെത്തിയ സഞ്ജുവിനെ സാക്ഷിനിർത്തി ഒരു ഡബിളും ഫോറും സഹിതം കോലി ടീമിനെ വിജയത്തിലെത്തിച്ചു.
‘സൂപ്പർ ഓവറിലെ ആദ്യ രണ്ടു പന്തുകൾ നിർണായകമായി (ഈ രണ്ടു പന്തുകളിൽ ലോകേഷ് രാഹുൽ തുടർച്ചയായി സിക്സും ഫോറും നേടിയിരുന്നു). ഫീൽഡിലെ വിടവുകൾ നോക്കി കളിച്ചാൽ മത്സരം സ്വന്തമാക്കാമെന്ന ആത്മവിശ്വാസം ഇതോടെ ലഭിച്ചു. സൂപ്പർ ഓവറുകളിൽ കളിച്ച് അത്ര പരിചയമുള്ള ആളല്ല ഞാൻ. എങ്കിലും ടീമിനായി ആ ദൗത്യം വിജയകരമായി പൂർത്തിയാക്കാനായതിൽ സന്തോഷം’ – കോലി പറഞ്ഞു.
‘സഞ്ജു സാംസൺ നിർഭയനായ കളിക്കാരനാണ്. എല്ലാം വരുതിയിലാക്കാൻ ഇന്ന് സുവർണാവസരമായിരുന്നു. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതിൽ നമുക്കു പിഴവുപറ്റി. ആദ്യത്തെ സിക്സിനുശേഷം അതേ വേഗം തുടരാനായിരുന്നു ശ്രമം. നടന്നില്ല. വാഷിങ്ടൻ സുന്ദറും നവ്ദീപ് സെയ്നിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ന്യൂസീലൻഡ് കാഴ്ചവച്ച പ്രകടനം വച്ചുനോക്കുമ്പോൾ കൃത്യസമയത്ത് മികവു കാട്ടാൻ നമുക്കായി എന്നതാണ് സത്യം. ടീമിന്റെ ഇന്നത്തെ പ്രകടനത്തിൽ അതിയായ സന്തോഷമുണ്ട്’ – കോലി വ്യക്തമാക്കി.
മത്സരത്തിൽ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചാണ് പകരം സഞ്ജു സാംസണ് അവസരം നൽകിയത്. ലോകേഷ് രാഹുലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത സഞ്ജു നേരിട്ട മൂന്നാം പന്തിൽ സ്കോട്ട് കുഗ്ഗെലെയ്നെതിരെ സിക്സർ നേടിയെങ്കിലും അഞ്ചാം പന്തിൽ പുറത്തായി. ആകെ സമ്പാദ്യം ഒരു സിക്സ് സഹിതം എട്ടു റൺസ്. ഇതിനു മുൻപ് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും നേരിട്ട ആദ്യ പന്തിൽത്തന്നെ സിക്സർ നേടിയ സഞ്ജു തൊട്ടടുത്ത പന്തിൽ പുറത്തായിരുന്നു.
‘ഇന്നത്തെ മത്സരം പ്രധാനപ്പെട്ടൊരു പാഠം കൂടി പറഞ്ഞുതരുന്നുണ്ട്. മത്സരത്തിന്റെ ഏതു ഘട്ടത്തിലും ശാന്തത കൈവിടാതിരിക്കുക. സംഭവിക്കുന്ന കാര്യങ്ങൾ ശാന്തമായി നിരീക്ഷിക്കുക. അവസരം കിട്ടുമ്പോൾ തിരിച്ചടിക്കുക – അതാണ് വേണ്ടത്. തുടർച്ചയായി രണ്ടു മത്സരങ്ങളിൽ നേടിയ ഈ വിജയത്തേക്കാൾ ആവേശം പകരുന്നതെന്തുണ്ട്? ഇതിനു മുൻപ് നമ്മൾ സൂപ്പർ ഓവറിൽ കളിച്ചിട്ടില്ല. ഇപ്പോഴിതാ, തുടർച്ചയായി രണ്ടു മത്സരങ്ങൾ സൂപ്പർ ഓവറിൽ ജയിച്ചിരിക്കുന്നു. കൈവിട്ട മത്സരം ഈവിധം തിരിച്ചുപിടിക്കുന്നത് തീർച്ചയായും സന്തോഷം പകരുന്ന കാര്യമാണ്’ – കോലി പറഞ്ഞു.
English Summary: Virat Kohli thought of sending 'fearless' Sanju Samson for Super Over, but KL Rahul opposed