https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2019/5/24/manoj-tiwari.jpg
മനോജ് തീവാരി

എഎപിക്കാരൻ അല്ലെങ്കിൽ ഷഹീൻ ബാഗിൽനിന്ന്: ജാമിയ അക്രമിയെ കുറിച്ച് മനോജ് തീവാരി

by

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയ വിദ്യാർഥികൾക്കു നേരേ പതിനേഴുകാരൻ വെടിയുതിർത്ത സംഭവത്തിൽ കടുത്ത ആരോപണവുമായി ബിജെപി ഡൽഹി അധ്യക്ഷനും ലോക്സഭാംഗവുമായ മനോജ് തീവാരി. അക്രമി ആം ആദ്മി പാർട്ടി പ്രവർത്തകനോ അല്ലെങ്കിൽ സിഎഎയ്ക്കെതിരെ പ്രക്ഷോഭം നടക്കുന്ന ഷഹീൻ ബാഗിൽ നിന്നോ ആകാനാണ് സാധ്യതയെന്ന് മനോജ് തീവാരി പറഞ്ഞു. പ്രക്ഷോഭകർക്ക് ഇപ്പോൾ പ്രതിഷേധം തുടരാൻ സാധിക്കുന്നില്ല.

അതുകൊണ്ടാണ് അവർ പല അവകാശവാദങ്ങളുമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്രമി ഉത്തർപ്രദേശ് സ്വദേശിയാണെന്നും ബിജെപി അനുകൂല നിലപാട് ഉള്ള ആളാണെന്നും ഇയാളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ നിന്നു വ്യക്തമായിരുന്നു. എന്നാൽ മനോജ് തീവാരി ഇതു നിഷേധിച്ചു. അക്രമിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആർക്കും അവകാശപ്പെടാം. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരിൽ ഒരാളാണ് ഇയാളെന്നു തനിക്ക് ഉറപ്പുണ്ടെന്നു മനോജ് തീവാരി പറഞ്ഞു. പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്ഘട്ടിലേക്കു മാർച്ച് നടത്തിയ ജാമിയ മില്ലിയ സർവകലാശാലാ വിദ്യാർഥികൾക്കു നേരേ അക്രമി വെടിയുതിർത്തത് ന്യായീകരിക്കാനാവില്ലെന്നു ബിജെപി എംപി പർവേഷ് വർമ േനരത്തെ പറഞ്ഞിരുന്നു. നിയമം കയ്യിലെടുക്കുന്നത് ഭൂഷണമല്ല. പൗരത്വ നിയമത്തിനെതിരെ ഷഹീൻ ബാഗിൽ സമരം നടത്തുന്നവർ വീടുകളിൽ കയറാൻ സാധ്യതയുണ്ടെന്നും കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചത് ഡൽഹിയിലും സംഭവിച്ചേക്കാമെന്നും തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സംഗിച്ചതിനെത്തുടർന്ന് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കേർപ്പെടുത്തിയിരുന്നു.

English Summary: "AAP Supporter Or From Shaheen Bagh": BJP's Manoj Tiwari On Jamia Shooter