https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2020/1/13/thrissur-arrest.jpg

അക്ബർ ചക്രവർത്തി സമ്മാനിച്ച ഖുറാൻ തട്ടിയെടുത്തു: മുഖ്യപ്രതി അറസ്റ്റിൽ

by

ജയ്പുർ ∙ അക്ബർ ചക്രവർത്തി സമ്മാനിച്ച ഖുറാൻ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. ബിൽവാഡയിലെ ഒരു കുടുംബത്തിന് അക്ബർ ചക്രവർത്തി സമ്മാനിച്ച സ്വർണ ലിപിയിൽ എഴുതിയ ഖുറാനാണ് പുരാവസ്തുക്കൾ വാങ്ങാനെന്ന വ്യാജേന എത്തിയവർ തട്ടിയെടുത്തത്. ചരിത്രപ്രാധാന്യമുള്ള ഖുറാനും മോഷ്ടാവിൽനിന്നു വീണ്ടെടുത്തു. കേസിൽ രണ്ടു പേർ നേരത്തേ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 12നാണ് ഖുറാൻ തട്ടിയെടുക്കപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ബിൽവാഡയിലെ പ്രാദേശിക ഭരണകർത്താക്കളായിരുന്ന കുടുംബം, അവർക്ക് അക്ബർ സമ്മാനിച്ച ഖുറാൻ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ വിവരം രഹസ്യമായറിഞ്ഞ 29കാരനായ ബൻവാരി മീണയുടെ നേതൃത്വത്തിലുള്ള സംഘം ഖുറാൻ വാങ്ങാനെന്ന വ്യാജേന വീട്ടുകാരെ സമീപിക്കുകയായിരുന്നു.

ഗ്രന്ഥം കാണാനെന്ന വ്യാജേന ഉടമയെ വിജനമായ സ്ഥലത്തേക്കു വിളിച്ചു വരുത്തിയശേഷം മർദ്ദിച്ചു കീഴ്പ്പെടുത്തി പുസ്തകവുമായി കടക്കുകയായിരുന്നു പ്രതികൾ. സ്വർണം കൊണ്ട് എഴുതപ്പെട്ട ഖുറാന് 1014 പേജുകളാണുള്ളത്. പ്രതികൾ ബംഗ്ലദേശിൽ നിന്നുള്ള ഒരാൾക്കു 16 കോടി രൂപയ്ക്ക് ഇതു വിൽക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജയ്പുരിൽ മറ്റൊരാളുമായി കച്ചവടം ഉറപ്പിക്കുന്നതിനിടെയാണു മീണ കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് ടീമിന്റെ പിടിയിലായത്.

English Summary: Emperor Akbar Gifted Quran Theft: Main Accused Arrested