രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ; നവ ഭാരതത്തിന് കരുത്താകും
by Janam TV Web Deskരണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ് നാളെ അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്. 2020 ബജറ്റിലെ ഓരോ പ്രഖ്യാപനങ്ങളിലും താഴെ തട്ടിലുള്ള ജനങ്ങളുടെ താത്പര്യങ്ങള്‍ പ്രതിഫലിക്കും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ അനുമാനിക്കുന്നത്. 2024 ഓടെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ബജറ്റാകും ശനിയാഴ്ച നടക്കുന്നത്. കൂടാതെ ആഗോളതലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്. കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ അനുഗുണമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ സാധാരണക്കാരന് ആശ്വാസം നല്‍കുന്ന നികുതി ഇളവുകളും നാളത്തെ ബജറ്റില്‍ പ്രഖ്യാപിച്ചേക്കാമെന്നാണ് സൂചന.
അധികാരത്തിലേറിയതു മുതല്‍ കാര്‍ഷിക മേഖലയിലെയും , ചെറുകിട ഗ്രാമീണ വ്യവസായങ്ങളുടെയും പുരോഗതിയ്ക്കായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇരുമേഖലകള്‍ക്കും പ്രാധാന്യം നല്‍കിയാകും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുക. തൊഴില്‍ രഹിതര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു നല്‍കുന്ന ബജറ്റ് കൂടിയാകും ഇത്തവണത്തേത്. സ്വര്‍ണ തീരുവയില്‍ ഇളവും, പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളുടെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്.
സാമ്പത്തിക വിഷയങ്ങളിലാകും ഇത്തവണത്തെ ബജറ്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് എന്നാണ് കരുതപ്പെടുന്നത്. നികുതി ദായകര്‍ നികുതിയില്‍ ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. ചെറുകിട വ്യവസായികള്‍ക്കും മറ്റും നികുതിയില്‍ ഇളവ് ലഭിക്കുന്നതോടെ വരുമാനം വര്‍ധിപ്പിക്കാനും അതുവഴി സമ്പദ് വ്യവസ്ഥയുടെ പുരോഗതി കൈവരിക്കാനും കഴിയും. വന്‍കിട വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിയിരുന്നു. ഇക്കാരണത്താലാണ് ചെറുകിട വ്യാപാരികളും നികുതി ഇളവ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നികുതി നിരക്കും സ്ലാബുകളും മാറ്റമില്ലാതെ തുടരുകയാണ്. അതില്‍ നിന്ന് ഒരു മാറ്റം ഇക്കുറി പ്രതീക്ഷിക്കാം. വരുമാനം വര്‍ധിപ്പിക്കുന്നതിനും ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായും സ്ലാബുകളിലും നികുതിയിലും പരമാവധി 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ ഇളവ് പ്രഖ്യാപിക്കാം.
കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഭവന വായ്പയുടെ തിരിച്ചടവ് തുടങ്ങിയവയില്‍ ഇളവും, ജനങ്ങള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങളില്‍ വര്‍ധനവും പ്രതീക്ഷിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ പ്രതിമാസം 50 ല്‍ നിന്നും നൂറ് ആക്കാന്‍ സാധ്യതയുണ്ട്. രാജ്യത്ത് നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി നിക്ഷേപകര്‍ക്ക് അനുഗുണമാകുന്ന പദ്ധതികളും ഇക്കുറി ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖലയുടെ കുതിപ്പിനായുള്ള പ്രഖ്യാപനങ്ങളും ഇത്തവണ ഉണ്ടാകുമെന്നാണ് കരുതുന്നത്. 2020 ഓടെ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കാനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വീട് വാങ്ങുന്നവര്‍ക്ക് നെറ്റ് ആനുവല്‍ വാല്യൂ ഇളവ് 30 ശതമാനത്തില്‍ നിന്നും 50 ശതമാനമായി ഉയര്‍ത്തും. സ്വന്തം ആയി വസ്തുവകള്‍ ഉള്ളവര്‍ക്ക് നല്‍കുന്ന ഭവന വായ്പകള്‍ക്ക് ഇളവ് നല്‍കാനുള്ള പരിധി രണ്ട് ലക്ഷത്തില്‍ നിന്നും നാല് ലക്ഷമായി ഉയര്‍ത്താനും സാധ്യതയുണ്ട്. മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ വീടുകള്‍ക്ക് നല്‍കുന്ന വാടക ഏകീകരിക്കും.