മുലപ്പാലില്‍ മോര്‍ഫിന്‍ കലര്‍ത്തി; നഴ്‌സ് കൊല്ലാന്‍ നോക്കിയത് അഞ്ച് കുരുന്ന് ജീവനുകളെ

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369107/NURSE.jpg

മുലപ്പാലില്‍ മോര്‍ഫിന്‍ നല്‍കി പിഞ്ചു കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിച്ച നഴ്സ് പിടിയിലായി. 2019 ഡിസംബര്‍ 20നാണ് സംഭവം നടന്നത്. ജര്‍മനിയിലെ ഉയിം സര്‍വകലാശാല ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയില്‍ ഉണ്ടായിരുന്ന അഞ്ച് നവജാതശിശുക്കളെയാണ് നഴ്സ് ഒരേ സമയത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഒരു ദിവസം മുതല്‍ ഒരു മാസം വരെ പ്രായമുള്ള കുട്ടികളെയാണ് അപകടപ്പെടുത്താന്‍ ശ്രമിച്ചത്. കുട്ടികള്‍ക്ക് ശ്വാസതടസ്സം നേരിട്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് നഴ്സുമാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉടന്‍ തന്നെ അടിയന്തര ചികിത്സ നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടികളെ രക്ഷിച്ചത്. കുഞ്ഞുങ്ങള്‍ക്ക് ഏതെങ്കിലും ഇന്‍ഫക്ഷന്‍ ബാധിച്ചെന്നായിരുന്നു ഡോക്ടറുമാരുടെ ആദ്യനിഗമനം.

എന്നാല്‍ കുട്ടികളുടെ മൂത്രത്തില്‍ മോര്‍ഫിന്റെ അളവ് കണ്ടെത്തിയത് സംശയം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തില്‍ നഴ്സിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ നഴ്‌സിന്റെ ലോക്കറില്‍ നിന്ന് മോര്‍ഫിന്‍ കലര്‍ത്തിയ മുലപ്പാലും സിറിഞ്ചും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.