അത് പ്രതിപക്ഷത്തിന്റെ ചരിത്രപരമായ വിഡ്ഡിത്തം, നിങ്ങള്‍ കണ്ണടച്ചാല്‍ രാജ്യം കണ്ണടയ്ക്കുമെന്ന് കരുതരുത്: കേന്ദ്രമന്ത്രി വി.മുരളീധരന്‍
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന വേളയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധ നടപടികളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. രാഷ്ട്രപതിയുടെ നയപ്രഖ്യാപന വേളയില്‍ പ്രതിപക്ഷാംഗങ്ങള്‍ കുറച്ചുകൂടി പക്വത കാണിക്കേണ്ടിയിരുന്നു. മോഡി സര്‍ക്കാരിന്റെ ചരിത്രപ്രധാനമായ നേട്ടങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ അറിയാതിരിക്കാനാണോ പ്രതിപക്ഷം എന്ന നിലയില്‍ ബഹളം വെച്ചതെന്നും മുരളീധരന്‍ ചോദ്യമുയര്‍ത്തി.
ഇത്തരം ലക്ഷ്യം മുന്നില്‍ക്കണ്ടാണ് പ്രതിപക്ഷം ബഹളം വച്ചതെങ്കില്‍ പ്രതിപപക്ഷത്തിന്റെ ചരിത്രപരമായ വിഡ്ഡിത്തമാണതെന്നും, നിങ്ങള്‍ കണ്ണടച്ചാല്‍ രാജ്യം കണ്ണടയ്ക്കുമെന്ന് കരുതരുതെന്നും, ഇരുട്ട് നിങ്ങള്‍ക്ക് മാത്രമാണെന്നും മുരളീധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കുറിപ്പിന്റെ പൂര്‍ണരൂപം:
ചിലരിങ്ങനെയാണ്. പഠിച്ചതേ പാടൂ. ഇനി സ്വന്തമായി ഒന്നും അറിയില്ലെങ്കിൽ ആരെങ്കിലും എഴുതിയത് വള്ളിയും പുള്ളിയും തെറ്റാതെ ഏറ്റു പാടും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന വേളയിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ വിക്രിയകളെക്കുറിച്ച് ഇതിൽ കൂടുതലൊന്നും പറയാനില്ല.
സത്യത്തിൽ രാഷ്ട്രപിതാവായ ഗാന്ധിജിയെക്കൂടിയാണ് പ്രതിപക്ഷം തളളിപ്പറഞ്ഞത്. അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷ ക്ഷേമം ഗാന്ധിജിയുടെ സ്വപ്നം ആയിരുന്നു.അവർ ഏതെങ്കിലും ഘട്ടത്തിൽ നമ്മുടെ രാജ്യത്തേക്ക് അഭയം തേടിയെത്തിയാൽ മതിയായ പരിഗണന നൽകണമെന്നും രാഷ്ട്രപിതാവ് ആഗ്രഹിച്ചിരുന്നു. ഇതൊക്കെ ചരിത്ര സത്യങ്ങൾ ആയിരിക്കെ പ്രതിപക്ഷംഗങ്ങൾ എന്തിനാണ് ഇത്ര അസ്വസ്ഥരാകുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന വേളയിലെങ്കിലും കുറച്ചു കൂടി പക്വത കാണിക്കേണ്ടിയിരുന്നു. പ്രതിപക്ഷാംഗങ്ങളിൽ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നതും അതാണ്.
മോഡി സർക്കാരിന്റെ ചരിത്രപ്രധാനമായ നേട്ടങ്ങളിലൂന്നിലാണ് രാഷ്ട്രപതി രാജ്യത്തിനായി നയപ്രഖ്യാപന പ്രസംഗം നടത്തിയത്. മുത്തലാഖ് നിയമത്തിലൂടെ മുസ്ലീം സഹോദരിമാർക്ക് സാമൂഹ്യ നീതി ഉറപ്പാക്കിയത്, ഭരണഘടനയിലെ 370,375 എ വകുപ്പുകൾ റദ്ദാക്കിയതിലൂടെ ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് നീതി ഉറപ്പാക്കിയത് എന്നിവയൊക്കെ ഉൾപ്പെടുത്തിയിരുന്നു. അയോധ്യാ വിധിയെ രാജ്യം പക്വതയോടെ അംഗീകരിച്ചതും പ്രസംഗത്തിലെ പ്രസക്തഭാഗമായിരുന്നു. ഇതൊന്നും രാജ്യത്തെ പൗരൻമാർ അറിയാതിരിക്കാനാണോ പ്രതിപക്ഷം എന്ന നിലയിൽ നിങ്ങൾ ബഹളം വെച്ചത്. അങ്ങനെയെങ്കിൽ പ്രതിപക്ഷത്തിന്റെ ചരിത്രപരമായ വിഡ്ഡിത്തം എന്നേ പറയാനാകൂ. നിങ്ങൾ കണ്ണടച്ചാൽ രാജ്യം കണ്ണടയ്ക്കുമെന്ന് കരുതരുത്. ഇരുട്ട് നിങ്ങൾക്ക് മാത്രമാണ്. രാജ്യത്തെ ജനങ്ങൾ ഉണർന്നാണിരിക്കുന്നത്. അവർ എല്ലാം കാണുന്നുണ്ടെന്ന് ഓർത്താൽ നന്ന്.
നയപ്രഖ്യാപന പ്രസംഗ വേളയിലെ നിങ്ങളുടെ തിരക്കഥ ആർക്കും മനസിലായില്ലെന്ന് കരുതരുത്. തിരക്കഥ തയാറാക്കിയവർ പിന്നിലേക്ക് മാറിയപ്പോൾ മറ്റു ചില അംഗങ്ങൾ മുൻകൂട്ടി തയാറാക്കിയ തിരക്കഥ അഭിനയിച്ചു ഫലിപ്പിക്കാൻ പാടുപെടുന്നതും കണ്ടു. കുരങ്ങനെ കൊണ്ട് ചുടു ചോറുവാരിക്കുന്നതു പോലെയാണിത്. ആ കെണി പ്രതിപക്ഷ നിരയിലെ കളിപ്പാവകളായി പോയ ചില അംഗങ്ങളെങ്കിലും തിരിച്ചറിയണം.