നിര്‍ഭയക്കേസ് പ്രതികളെ നാളെ തൂക്കിലേറ്റില്ല, മരണവാറണ്ട് നീട്ടി
ന്യൂഡല്‍ഹി : നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കുന്നതിന് സ്‌റ്റേ. ഇതോടെ പ്രതികളെ നാളെ തൂക്കിലേറ്റില്ലെന്ന് ഉറപ്പായി. പുതിയ ഉത്തരവ് വരുന്നതു വരെ മരണ വാറന്റ് മാറ്റിവെച്ചു. ഡല്‍ഹി പട്യാല കോടതിയുടേതാണ് വിധി.
ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ഡമ്മി പരീക്ഷണം ഉള്‍പ്പെടെ നടപ്പാക്കുകയും ചെയ്തതിന് ശേഷമാണ് വധശിക്ഷ സ്‌റ്റേ ചെയ്തുവെന്ന കോടതിയുടെ വിധി എത്തിയിരിക്കുന്നത്.
കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിന് അനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി ആരാച്ചാര്‍ പവന്‍ കുമാറിനെ ഇന്നലെ തിഹാര്‍ ജയിലില്‍ എത്തിച്ചിരുന്നു.
2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.