കൊറോണ വൈറസിനെ പോരാടാന്‍ ഇറങ്ങിയവര്‍; കണ്ണീരോടെ യാത്രയയപ്പ് നല്‍കി ചൈന- വിഡിയോ

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369105/CHINA-CORONA.jpg

ലോകമെങ്ങും കൊറോണ വൈറസിന്റെ ഭീതിയിലാണ്. വൈറസിന്റെ ഉല്‍ഭവകേന്ദ്രമായ ചൈനയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5000 വരും. മരണസംഖ്യ ഉയരുമെന്നാണ് പുറത്തുവരുന്ന സൂചന.

വൈറസ് ബാധിതരായ ആളുകളെ ചികിത്സിക്കാന്‍ പോകുന്ന ഡോക്ടര്‍മാരും നഴ്സുന്മാരും തങ്ങളുടെ പ്രിയപ്പെട്ടവരോട് വിട പറയുന്ന രംഗങ്ങളുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയെ ഇപ്പോള് കണ്ണീരണിയിക്കുന്നത്. പലരും കണ്ണീരോടെയാണ് ബന്ധുക്കളോട് വിട പറയുന്നത്. ഇന്ത്യക്കും യുഎസിനും പിന്നാലെ ഫ്രാന്‍സും ജപ്പാനും ചൈനയില്‍ നിന്നും സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ ആളുകളെ ഒഴിപ്പിക്കുന്നത് അഭിലഷണീയമല്ലെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. മറ്റു രാജ്യങ്ങള്‍ ആശങ്കപ്പെടാതിരിക്കണമെന്ന് സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു.

അതേസമയം, കൊറോണ വൈറസ് ബാധ കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയിരിക്കുന്നത്. 1053 പേരാണ് കേരളത്തില്‍ നിരീക്ഷണത്തില്‍ ഉള്ളത് ഇതില്‍ 15 പേര്‍ആശുപത്രിയിലും മറ്റുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതുതായി 247 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ വിവിധ ജില്ലകളിലായി 1038 പേര്‍ വീടുകളിലും 15 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.