ന്യൂസീലൻഡിന്റെ ഹൃദയം തകർത്ത് ഇന്ത്യൻ കുതിപ്പ്
by Ruhasina J Rസൂപ്പർ ഓവറിലേക്ക് നീണ്ട തുടർച്ചയായ രണ്ടാം മത്സരത്തിലും ന്യൂസീലൻഡിന്റെ ഹൃദയം തകർത്ത് ഇന്ത്യൻ കുതിപ്പ്. ആവേശം വാനോളമുയർന്ന സൂപ്പർ ഓവറിൽ ന്യൂസീലൻഡ് ഉയർത്തിയ 14 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് ഇന്ത്യ വിജയത്തിലെത്തിയത്. കിവീസിന്റെ താൽക്കാലിക ക്യാപ്റ്റൻ ടിം സൗത്തി എറിഞ്ഞ സൂപ്പർ ഓവറിലെ ആദ്യ പന്തുതന്നെ സിക്സിനും രണ്ടാം പന്ത് ഫോറിനും പറത്തിയ ലോകേഷ് രാഹുലാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. മൂന്നാം പന്തിൽ രാഹുൽ പുറത്തായെങ്കിലും പകരമെത്തിയ മലയാളി താരം സഞ്ജു സാംസണെ സാക്ഷിനിർത്തി നാലാം പന്തിൽ ഡബിളും അഞ്ചാം പന്തിൽ ഫോറും നേടി ക്യാപ്റ്റൻ വിരാട് കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചു. ടിം സൗത്തിക്കും ന്യൂസീലൻഡിനും വേദനയേറ്റി വീണ്ടുമൊരു സൂപ്പർ ഓവർ ദുരന്തം! ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 4–0ന് മുന്നിലെത്തി. അവസാന മത്സരം ഞായറാഴ്ച നടക്കും.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 13 റൺസ്. ടിം സീഫർട്ട്, സ്കോട്ട് കുഗ്ഗെലെയ്ൻ എന്നിവരാണ് ന്യൂസീലൻഡിനായി സൂപ്പർ ഓവർ നേരിട്ടത്. ടിം സീഫർട്ട് നാലു പന്തിൽ എട്ടു റൺസെടുത്ത് പുറത്തായി. ഇതിൽ രണ്ടാം പന്തിൽ നേടിയ ഫോറും ഉൾപ്പെടുന്നു. ബുമ്രയുടെ പന്തിൽ വാഷിങ്ടൻ സുന്ദർ ക്യാച്ചെടുത്തു. ഇതിനിടെ ഇന്ത്യൻ താരങ്ങൾ രണ്ടു ക്യാച്ചു നഷ്ടമാക്കുകയും ചെയ്തു. തുടർന്നെത്തിയ കോളിൻ മൺറോ അഞ്ചാം പന്തിൽ ഫോർ നേടിയെങ്കിലും അവസാന പന്തിൽ റൺ നേടാനായില്ല. ഇതോടെ ഇന്ത്യയ്ക്ക് മുന്നിൽ ഉയർന്നത് 14 റൺസ് വിജയലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ സൂപ്പർ ഓവറിലെ വിജയശിൽപിയായ രോഹിത് ശർമയുടെ അഭാവത്തിൽ രാഹുലും കോലിയും ചേർന്ന് വിജയലക്ഷ്യം അനായാസം മറികടന്നു.