ഫ്രാൻസിൽ വിജയചരിത്രം കുറിച്ച് തൊഴിലാളി സമരം; ആവശ്യങ്ങൾക്കുമുന്നിൽ സർക്കാർ മുട്ടുമടക്കി
by വെബ് ഡെസ്ക്പാരിസ് > ഫ്രാൻസിൽ അഗ്നിശമനസേനാ തൊഴിലാളികൾ നടത്തിവന്ന അനിശ്ചിതകാല സമരം വിജയിച്ചു. അപകടസാധ്യതയുള്ള തൊഴിലിനുള്ള ബോണസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. 1990 മുതൽ മാറ്റമില്ലാതെ തുടർന്ന അപകടസാധ്യതയുള്ള തൊഴിലിനുള്ള ബോണസ് വിഹിതം വർധിപ്പിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്.
19 ശതമാനത്തിൽ നിന്ന് 25 ശതമാനമായാണ് ബോണസ് വർധിപ്പിച്ചിരിക്കുന്നത്. അതിനോടൊപ്പം തൊഴിലിടങ്ങളിൽ നൽകിയ അധിക സമയം കണക്കിൽപ്പെടുത്തിക്കൊണ്ട് തൊഴിലാളികൾക്ക് പെൻഷൻ പ്രായത്തിന് മുന്നേ തന്നെ പൂർണ പെൻഷനോടെ വിരമിക്കാമെന്നും സർക്കാർ സമ്മതിച്ചു. പതിനായിരക്കണക്കിന് തൊഴിലാളികളാണ് തൊഴിൽ ബഹിഷ്‌കരിച്ചുകൊണ്ട് സമരത്തിനിറങ്ങിയിരുന്നത്. ക്രൂരമായ പൊലീസ് അതിക്രമങ്ങൾക്കാണ് തൊളിലാളികൾ ഇരയായത്. എന്നാൽ എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന തൊഴിലാളികളുടെ ദൃഢനിശ്ചയത്തിനുമുന്നിൽ മുട്ടുമടക്കുകയല്ലാതെ മക്രോണിന് മറ്റു വഴികളില്ലായിരുന്നു.
സർക്കാരിൽ നിന്ന് ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുകയാണെന്നും ഫെബ്രുവരി ഒന്ന് മുതൽ ജോലിയിൽ തിരികെ പ്രവേശിക്കാമെന്നും തൊിെലാളികൾ സമ്മതിച്ചിട്ടുണ്ട്. വേതന വർധനവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പെട്ടെന്നുതന്നെ തീരുമാനം കൈക്കൊള്ളണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. ഇതോടൊപ്പം പെൻഷൻ സമ്പ്രദായ പരിഷ്കരണത്തിനെതിരെ ഫ്രാൻസിൽ തുടരുന്ന സമരങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നുവെന്നും വരും ദിവസങ്ങളിലും ഈ സമരങ്ങളുടെ ഭാഗമാവുമെന്നും തൊഴിലാളികൾ പ്രഖ്യാപിച്ചിട്ടുണ്ട്.