പ്രതികളുടെ അഭിഭാഷകന്‍ ഇതെല്ലാം പറഞ്ഞിരുന്നു - പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ

ഫെബ്രുവരി 1ന് രാവിലെ ആറ് മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ണായക വിധിയുണ്ടായത്.

https://www.mathrubhumi.com/polopoly_fs/1.4490146.1580474931!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും തൂക്കിലേറ്റല്‍ നടക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകനായി എ.പി. സിങ്ങ് പറഞ്ഞിരുന്നതായി നിര്‍ഭയയുടെ അമ്മ ആശാ ദേവി. വധശിക്ഷയ്ക്ക് വിധിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിക്കുയായിരുന്നു അവര്‍.

'കുറ്റവാളികള്‍ക്ക് മുമ്പില്‍ സര്‍ക്കാറും കോടതിയും തലകുനിക്കുകയാണ്. രാവിലെ 10 മണി മുതല്‍ കോടതി വരാന്തയിലിരിക്കുന്നുണ്ട്.  ഈ കൊടും കുറ്റവാളികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാണ് കോടതി ആഗ്രഹിക്കുന്നുവെങ്കില്‍, പിന്നെ എന്തിനാണ് ഇത്രയും സമയം എടുക്കുന്നത്? എന്തിനാണ് ഞങ്ങള്‍ക്ക് ഇത്രയും പ്രതീക്ഷ നല്‍കിയത് ? എന്തിന് ഞങ്ങളെ ഇത്രയും സമയം പ്രതീക്ഷ നല്‍കി വീട്ടിലേക്ക് അയക്കാതെ ഞങ്ങളെ ഇവിടെ ഇരുത്തി?'  -ആശാ ദേവി പ്രതികരിക്കുന്നു.

ഫെബ്രുവരി 1ന് രാവിലെ ആറ് മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ണായക വിധിയുണ്ടായത്. പട്യാല ഹൗസ് കോടതി ജസ്റ്റിസ് ധര്‍നമേന്ദ്രറാണ് പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് പ്രതികളുടെ വധശിക്ഷ നീട്ടിവെച്ചിരിക്കുന്നത്.

ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാര്‍ വിനയ് ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയത്. തങ്ങളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്.

Content Highlights: Nirbhaya's Mother Asha Devi reacting on Court's judgement on accused plea