അന്ത്യാഭിലാഷം ആരാഞ്ഞു; ഡമ്മി പരീക്ഷണം നടത്തി ... എന്നാല്‍ വധശിക്ഷയ്ക്ക് അപ്രതീക്ഷിത സ്റ്റേ

വധശിക്ഷ നീട്ടിക്കൊണ്ടു പോകുന്നതിനുള്ള എല്ലാ അടവുകളും പയറ്റുകയാണ് പ്രതികള്‍.

https://www.mathrubhumi.com/polopoly_fs/1.4373714.1576684010!/image/image.jpg_gen/derivatives/landscape_894_577/image.jpg
Tihar Jail | File Photo - PTI

രാജ്യത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും തിഹാര്‍ ജയില്‍ അധികൃതര്‍ പൂര്‍ത്തിയാക്കിയിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് പ്രതികളെ തൂക്കിലേറ്റാനായിരുന്നു നിശ്ചയിച്ചിരുന്നത്. ആരാച്ചാര്‍ പവന്‍ ജല്ലാദ് കഴിഞ്ഞ ദിവസംതന്നെ ജയിലില്‍ എത്തിയിരുന്നു. പ്രതികള്‍ വധശിക്ഷ അര്‍ഹിക്കുന്നുവെന്നും അവരെ തൂക്കിലേറ്റുന്നതില്‍ യാതൊരു കുറ്റബോധവുമില്ലെന്നും അഭിപ്രായപ്പെട്ട ആരാച്ചാര്‍ ജയിലില്‍ രണ്ടു തവണ ഡമ്മി പരീക്ഷണം നടത്തുകയും ചെയ്തിരുന്നു. വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് പ്രതികളോട് അന്ത്യാഭിലാഷം ചോദിച്ചിരുന്നെങ്കിലും പ്രതികള്‍ മൗനം പാലിക്കുകയാണ് ചെയ്തത്. 

എന്നാല്‍, വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണ വാറണ്ട് പട്യാല ഹൗസ് കോടതി റദ്ദാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ വധശിക്ഷ നടപ്പാക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

വധശിക്ഷ നീട്ടിക്കൊണ്ടു പോകുന്നതിനുള്ള എല്ലാ അടവുകളും പയറ്റുകയാണ് പ്രതികള്‍. ഇതിനെതിരെ കേന്ദ്രസര്‍ക്കാരും കോടതിയും വിമര്‍ശമുന്നയിച്ചിരുന്നു. വധശിക്ഷ നടപ്പാക്കുന്നതില്‍ ഇരയ്ക്ക് അനുകൂലമായ വിധത്തിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് അനുകൂലമാണ് നിലവിലെ നടപടിക്രമങ്ങളെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ, കുറ്റകൃത്യം നടന്ന സമയത്ത് പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിക്കുകയും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാതിരിക്കുകയും ചെയ്ത അഭിഭാഷകനെ കോടതി ശാസിക്കുകയും ചെയ്തിരുന്നു. പവന്‍ ഗുപ്ത എന്ന പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകന് 25000 രൂപ പിഴ ചുമത്തിയ കോടതി അഭിഭാഷകനെതിരെ നടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അതിനിടെ, ജയിലില്‍വച്ച് ക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടി വന്നുവെന്ന് വധശിക്ഷ കാത്ത് കഴിയുന്ന പ്രതികളില്‍ ഒരാള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കോടതിയെ സമീപിക്കാന്‍ ആവശ്യമായ രേഖകള്‍ നല്‍കിന്നില്ലെന്ന ആരോപണം തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെയും പ്രതികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം കോടതി തള്ളുകയാണ് ഉണ്ടായത്.

അതിനിടെ, നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര ഷൂട്ടിങ് താരം വര്‍ത്തിക സിങ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിരുന്നു. ചോരകൊണ്ട് എഴുതിയ കത്ത് അവര്‍ മാധ്യമ പ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തിരുന്നു.

ജനുവരി 22ന് രാവിലെ ഏഴിന് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇതിന് പിന്നാലെ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചതിനാല്‍ വിധി നടപ്പാക്കല്‍ വീണ്ടും നീളുകയായിരുന്നു. പന്നീടാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി ഒന്നിന് രാവിലെ നാല് പ്രതികളെയും തൂക്കിലേറ്റുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും വധശിക്ഷ നീട്ടിവെക്കപ്പെട്ടു.

2012 ഡിസംബര്‍ 16-ന് രാത്രിയാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് 23-കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനും ക്രൂരമര്‍ദനത്തിനും ഇരയായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി പിന്നീട് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറുപേരായിരുന്നു പ്രതികള്‍. ഇതില്‍ ഒന്നാം പ്രതി റാംസിങ് തിഹാര്‍ ജയിലില്‍ വെച്ച് ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് മൂന്നുവര്‍ഷം തടവുശിക്ഷയും ലഭിച്ചു. ബാക്കിയുള്ള നാലുപ്രതികളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. 

Content Highlights: Nirbhaya case execution Tihar Jail