കൊറോണ വൈറസ്: രോഗലക്ഷണങ്ങള്‍ ഉള്ളവരെ ചൈന ഇന്ത്യയിലേക്ക് അയയ്ക്കില്ല

രോഗലക്ഷണങ്ങളുള്ളവരെ ചൈനയില്‍ത്തന്നെ ചികിത്സിക്കാനാണ് അധികൃതരുടെ തീരുമാനം.

https://www.mathrubhumi.com/polopoly_fs/1.4490154.1580477751!/image/image.png_gen/derivatives/landscape_894_577/image.png
കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് രോഗിയെ പ്രവേശിപ്പിച്ച ചെന്നൈ ജനറല്‍ ഹോസ്പിറ്റലിലെ സ്‌പെഷല്‍ വാര്‍ഡ് ഫോട്ടോ: വി രമേഷ്

ന്യൂഡല്‍ഹി:  കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള ആദ്യവിമാനം പുറപ്പെട്ടു. മൂന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാളെ പുലര്‍ച്ചെ ഇന്ത്യയില്‍ എത്തുമെന്നായിരുന്നു ആദ്യവിവരമെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ ചൈന ഇന്ത്യയിലേക്കയക്കില്ല. രോഗലക്ഷണങ്ങളുള്ളവരെ ചൈനയില്‍ത്തന്നെ ചികിത്സിക്കാനാണ് അധികൃതരുടെ തീരുമാനം. 

ഇന്ത്യയിലേക്ക് വരുന്നവരെ ചൈനീസ് അധികൃതര്‍ പരിശോധിക്കുകയാണ്. ആരെയൊക്കെ ഇന്ത്യയിലേക്ക് വിടണമെന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. 

നാളെ ഇന്ത്യയിലേക്കെത്തുന്നവരെ താമസിപ്പിക്കാനായി ഹരിയാനയ്ക്ക് സമീപം മാനേസറില്‍ താല്‍ക്കാലിക കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തിലാണ് പ്രത്യേക കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. 

വുഹാനില്‍ നിന്നും എത്തുന്നവരെ വിമാനത്താവളത്തില്‍ കരസേന മെഡിക്കല്‍ സര്‍വീസ്,-എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് പരിശോധിച്ചതിനു ശേഷമാവും മാനേസറിലെ കേന്ദ്രത്തിലേക്ക് മാറ്റുക. രോഗബാധസംശയിക്കുന്നവര്‍(Suspected), രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകിയവര്‍(close contact), അല്ലാത്തവര്‍(non contact) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളയി തരംതിരിച്ചാണ് പരിശോധന നടത്തുക.

14 ദിവസം ആരോഗ്യപ്രവര്‍ത്തകരുടെ അതിസൂക്ഷ്മ നിരീക്ഷണത്തിലാവും ഇവര്‍. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഡല്‍ഹിയിലെ ബേസ് ഹോസ്പിറ്റലിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റാനാണ് തീരുമാനം.

ചൈനയില്‍ നിന്നെത്തുന്ന 600 കുടുംബങ്ങളെ നിരീക്ഷണത്തില്‍വെയ്ക്കാനായി ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ഡല്‍ഹിക്ക് സമീപം ചവ്വാല ക്യാപില്‍ പ്രത്യേക കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്.

Content Highlights: Indians having corona virus infection will treat at china says officials