https://img-mm.manoramaonline.com/content/dam/mm/mo/education/education-news/images/2019/4/24/entrance-exam-t.jpg

എൻജി., മെഡിക്കൽ: വിജ്ഞാപനം പ്രസിദ്ധീകരിച്ചു

by

തിരുവനന്തപുരം∙അടുത്ത അധ്യയന വർഷത്തെ  എൻജിനിയറിങ്,മെ‍ഡിക്കൽ പ്രവേശനത്തിന് ഫെബ്രുവരി ഒന്നിന് ഉച്ച മുതൽ 25ന് അഞ്ചു മണി വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവരെ മാത്രമേ കേരളത്തിലെ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കുള്ള പ്രവേശനത്തിനു പരിണിക്കൂ.
വിദ്യാർഥിയുടെ ഫൊട്ടോ,ഒപ്പ്,ജനനത്തീയതി തെളിയിക്കുന്ന രേഖ എന്നിവ അടുത്ത 25നു മുൻപ് ഓൺലൈനായി സമർപ്പിക്കണം.ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്,ജന്മസ്ഥലം സംബന്ധിച്ച രേഖ എന്നിവ ഒഴികെയുള്ള അനുബന്ധ രേഖകൾ 29ന് വൈകുന്നേരം 5 വരെ അപ്‌ലോഡ് ചെയ്യാം.

എംബിബിഎസ്, ബിഡിഎസ്, ബിടെക്ക്, ബിഫാം, ബിആർക്ക്, ബിഎച്ച്എംഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎസ്‌സി ഓണേഴ്സ് അഗ്രിക്കൾച്ചർ, ബിഎസ്‌സി ഓണേഴ്സ് ഫോറസ്ട്രി,വെറ്ററിനറി(ബിവിഎസ്‌സി ആൻഡ് എഎച്ച്),ഫീഷറീസ്(ബിഎഫ്എസ്‌സി) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മെഡിക്കൽ,അനുബന്ധ കോഴ്സുകൾക്കു പ്രവേശനം നേടണമെങ്കിൽ നീറ്റ് യുജി പരീക്ഷയെഴുതി യോഗ്യത നേടിയിരിക്കണം.എൻജിനിയറിങ്,ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 20,21 തീയതികളിൽ നടക്കും.ആദ്യ ദിവസം ഫിസിക്സ്,കെമിസ്ട്രി എന്നിവയുടെ പേപ്പറും രണ്ടാം ദിവസം കണക്കുമാണ്.ബിഫാം പ്രവേശനം ആഗ്രഹിക്കുന്നവർ ആദ്യ ദിവസത്തെ പേപ്പർ എഴുതി യോഗ്യത നേടണം.ആർക്കിടെക്ച്ചർ കോഴ്സിൽ പ്രവേശനം നേടുന്നതിനു കൗൺസിൽ ഓഫ് ആർക്കിടെക്ച്ചർ നടത്തുന്ന പരീക്ഷ(നാറ്റാ)യിൽ യോഗ്യത നേടണം.‌

ബിടെക്ക് പ്രവേശനത്തിനു ഹയർസെക്കൻഡറി പരീക്ഷയിൽ ഫിസിക്സ്,കണക്ക്,കെമിസ്ട്രി എന്നിവയിൽ 45% മാർക്ക് നേടിയാൽ മതി.കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവർക്ക് കംപ്യൂട്ടർ സയൻസിന്റെയും കെമിസ്ട്രിയും കംപ്യൂട്ടർ സയൻസും പഠിച്ചിട്ടില്ലാത്തവർക്ക് ബയോടെക്നോളജിയുടെയും ഈ വിഷയങ്ങളൊന്നും പഠിച്ചിട്ടില്ലാത്തവർക്ക് ബയോളജിയുടെയും മാർക്ക് പരിഗണിക്കും.
വെബ്സൈറ്റ് വിലാസം ചുവടെ.
www.cee.kerala.gov.in