ബജറ്റ്: വലിയ പ്രതീക്ഷകളുമായി ഒരുപോലെ സാധാരണക്കാരും സമ്പന്നരും
by https://www.facebook.com/manoramaonlineകൊച്ചി∙ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനൊരു പ്രത്യേകതയുണ്ട്–സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കാര്യമായെന്തോ പ്രതീക്ഷിക്കുന്നു. സാധാരണക്കാർക്കത് ആദായനികുതി ഇളവുകൾ, സ്വർണവ്യാപാരികൾക്ക് ഇറക്കുമതി ചുങ്കത്തിലെ കുറവ്, ഓട്ടമൊബീൽ കമ്പനികൾക്ക് എക്സൈസ് ഡ്യൂട്ടി ഇളവ്, തൊഴിൽരഹിതർക്ക് തൊഴിലവസരം.
സാമ്പത്തിക വളർച്ചനിരക്ക് 4.5 ശതമാനത്തിലേക്ക് താഴ്ന്ന സ്ഥിതിക്ക് നെല്ലിപ്പലകയിൽനിന്ന് മുകളിലേക്കു കൊണ്ടുവരാനുള്ള നടപടികൾ ബജറ്റിൽ ഉണ്ടായേ പറ്റൂ. അസംഘടിത മേഖലയിൽ ചെറുപ്പക്കാർ മാത്രമല്ല മധ്യവയസ്ക്കരും തൊഴിൽനഷ്ടപ്പെട്ടു നിൽക്കുന്ന സ്ഥിതിയിൽ വൻ തോതിൽ തൊഴിലവസരം സൃഷ്ടിക്കാൻ നടപടി വേണം. കെട്ടിട നിർമാണ, അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കാര്യമായ മുതൽമുടക്ക് നടത്തുകയാണ് അതിനുള്ള പോംവഴിയെന്ന് വിദഗ്ധർ കരുതുന്നു.
സാമ്പത്തിക വിദഗ്ധരുടെ കർശന ധനകാര്യ അച്ചടക്ക നിബന്ധനകൾ അവഗണിക്കാനാണു സാധ്യത. കാരണം ധനക്കമ്മി ജിഡിപിയുടെ 3 ശതമാനത്തിൽ താഴെ കുറച്ചു നിർത്തുന്നതിനല്ല, പരമാവധി ചെലവു ചെയ്ത് ജനത്തിന്റെ പോക്കറ്റുകളിൽ പണം എത്തിച്ച് വിപണിയിൽ പണലഭ്യത വർധിപ്പിക്കുകയാണു വളർച്ചയ്ക്കു വേണ്ടത്. ഗ്രാമീണ മേഖലയിൽ പോലും ജനത്തിന്റെ ആവശ്യങ്ങൾ (ഡിമാൻഡ്) കുറഞ്ഞു. ഡിമാൻഡ് വർധിപ്പിക്കാൻ പണലഭ്യത കൂട്ടണം. ധനക്കമ്മിയും പണപ്പെരുപ്പവും കുറച്ചെന്ന മേനി പറച്ചിലുകൾക്ക് അതിനാൽ ഇപ്പോൾ പ്രസക്തിയില്ല.
ആദായനികുതി നിരക്കുകളിലും സ്ളാബുകളിലും ഇളവു നൽകിയാൽ ജനത്തിന്റെ കയ്യിൽ കൂടുതൽ പണം വരും. അതു വിപണിയിൽ പലതരം ചെലവുകളായി മാറുകയും ചെയ്യും. സോപ്പും ടൂത്ത് പേസ്റ്റും മറ്റും അടങ്ങിയ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് എന്ന വിഭാഗം ഇപ്പോൾ സാവധാനത്തിലാണു ചലിക്കുന്നത്. വാഹനം ഉൾപ്പടെ എന്തും വാങ്ങുന്നത് ജനം മാറ്റി വയ്ക്കുന്നു. ഈ അവസ്ഥയിൽ മുന്നോട്ടു പോകാനാവില്ല. കോർപറേറ്റ് നികുതി ഇളവ് പ്രതീക്ഷിച്ച പ്രയോജനം ചെയ്തില്ല, ഉൽപാദനവും നിക്ഷേപവും കൂട്ടാൻ ഇടവരുത്തിയുമില്ല.
സമ്പദ് വ്യവസ്ഥയുടെ 72% നഗരമേഖലയിൽ നിന്നാണെങ്കിലും ഗ്രാമീണ മേഖലയിലും കൂടുതൽ പണം എത്തേണ്ടതുണ്ട്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വ്യാപനം, പിഎം കിസാൻ ഫണ്ട് 6000 രൂപ നൽകുന്നതു വർധിപ്പിക്കുക തുടങ്ങിയവയൊക്കെ പ്രതീക്ഷിക്കപ്പെടുന്നു. ജിഎസ്ടി നിരക്കുകൾ കുറയ്ക്കുകയും ലളിതമാക്കുകയും ചെയ്യണമെന്ന നിർദേശം എല്ലാ കോണുകളിൽ നിന്നും ഉയരുന്നുണ്ടെങ്കിലും കേന്ദ്ര ബജറ്റിലല്ല, ജിഎസ്ടി കൗൺസിൽ വഴിയാണ് അതു നടപ്പാക്കേണ്ടത്. എങ്കിലും ബജറ്റിൽ അതു സംബന്ധിച്ച പ്രഖ്യാപനം വന്നേക്കാം.
English summary: Union budget 2020 expectations