ആറ്റിപ്ര ജി സദാനന്ദന് നാടിന്റെ അന്ത്യാഞ്‌ജലി
by വെബ് ഡെസ്ക്തിരുവനന്തപുരം > തലസ്ഥാന ജില്ലയിൽ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്ക് കരുത്തുപകർന്ന ധീര സഖാവിന് നാടിന്റെ പ്രണാമം. വ്യാഴാഴ്‌ച അന്തരിച്ച സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര ജി സദാനന്ദന് ആയിരങ്ങൾ അന്ത്യാഞ്‌ജലി അർപ്പിച്ചശേഷം വെള്ളിയാഴ്‌ച പകൽ രണ്ടോടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു.
ലാളിത്യം ജീവിതമുദ്രയാക്കിയ പ്രീയ സഖാവിനെ അവസാന നോക്കുകാണാൻ പൊതുദർശനത്തിന് വച്ച ആറ്റിപ്ര കുഞ്ചാലുംമൂട് മണക്കാട്ട് വീട്ടിലും തുടർന്ന് കുളത്തൂർ ആശാൻ സ്‌മാരക അസോസിയേഷൻ ഹാളിലും പീന്നീട് സിപിഐ എം കഴക്കൂട്ടം ഏരിയ കമ്മിറ്റി ഓഫീസിലും പാർടി ജില്ലാ ആസ്ഥാനത്തും ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ എത്തി.
കഴക്കൂട്ടം ഏരിയാകമ്മിറ്റി ഓഫീസിൽ പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അന്ത്യോപചാരം അറിയിച്ചു. ഐടി നഗരത്തിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെയും പാർടിയെയും നയിച്ച, കൈത്തറി തൊഴിലാളി മേഖലയിൽ സംഘനാപ്രവർത്തനത്തിന് ഊടും പാവും നെയ്‌ത ധീരസഖാന് അന്ത്യോപചാരം അർപ്പിക്കാൻ നാട് ഒന്നാകെയാണ് വീട്ടിലും കുളത്തുർ ആശാൻ സ്‌മാരകത്തിലും കഴക്കൂട്ടം പാർടി ഓഫീസിലുമെത്തിയത്.
വർഗ ബഹുജന സംഘടനകളും സന്നദ്ധ സംഘടനകളും പുഷ്‌ചക്രം അർപ്പിച്ചു. ഉച്ചയ്ക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ മന്ദിരത്തിലെത്തിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, മന്ത്രിമാരായ ഇ പി ജയരാജൻ, എ കെ ബാലൻ, എം എം മണി, ടി പി രാമകൃഷ്‌ണൻ, കടകംപള്ളി സുരേന്ദ്രൻ, ജെ മേഴ്‌സിക്കുട്ടിയമ്മ, ഡെപ്യൂട്ടി സ്‌പീക്കർ വി ശശി എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
മുതിർന്ന സിപിഐ എം നേതാവ് പി കെ ഗുരുദാസൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, ചീഫ് എഡിറ്റർ പി രാജീവ്, സിപിഐ അസിസ്‌റ്റൻഡ് സെക്രട്ടറി കെ പ്രകാശ്‌ബാബു, സി ദിവാകരൻ എംഎൽഎ, കെ പി ശങ്കരദാസ്, സിപിഐ എം സ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് കൃഷ്‌ണൻ നായർ, എം വിജയകുമാർ, എസ് ശർമ, കെ വരദരാജൻ, വി ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, മേയർ കെ ശ്രീകുമാർ, കൈത്തറി കൗൺസിൽ ജനറൽ സെക്രട്ടറി അരക്കൻ ബാലൻ, പിരപ്പൻകോട് മുരളി എന്നിവരും ജില്ലയിലെ ജനപ്രതിനിധികളും വർഗ ബഹുജന സംഘടനാ സംസ്ഥാന ജില്ലാ നേതാക്കളും അന്ത്യാഭിവാദ്യമേകി.
തുടർന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സിഐടിയു ജില്ലാ സെക്രട്ടറി വി ശിവൻകുട്ടി, പ്രസിഡന്റ് സി ജയൻബാബു എന്നിവരും നൂറുകണക്കിന് പാർടി പ്രവർത്തകരും ചേർന്ന് മൃതദേഹവുമായി ശാന്തികവാടത്തിലേക്ക്. ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളോടെ ചിതയിലേക്ക് എടുത്ത മൃതദേഹം അഗ്‌നിയിൽ ലയിച്ചു.