https://www.deshabhimani.com/images/news/large/2020/01/bank-846677.jpg

ശമ്പള പരിഷ്‌കരണ കരാര്‍: ബാങ്ക് പണിമുടക്ക് ആദ്യദിനം വന്‍ വിജയം; ജീവനക്കാരെ അഭിവാദ്യം ചെയ്ത് ബെഫി

by

കൊച്ചി> 2017 നവംബറില്‍ കാലാവധി തീര്‍ന്ന ശമ്പള പരിഷ്‌കരണ കരാര്‍ വ്യവസ്ഥ മാന്യമായി പുതുക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് സംസ്ഥാനത്ത് സമ്പൂര്‍ണമാക്കിയ മുഴുവന്‍ ബാങ്കു ജീവനക്കാരെയും ഓഫീസര്‍മാരെയും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബി.ഇ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു. സമരത്തിനെ തുടര്‍ന്ന് കേരളത്തിലെ നാലായിരത്തോളം വാണിജ്യ ബാങ്കുകളുടെ ശാഖകളും ഓഫീസുകളും പൂര്‍ണമായി സ്തംഭിച്ചു.

ബാങ്കിംഗ് മേഖലയിലെ ബി.ഇ.എഫ്.ഐ, എ.ഐ.ബി.ഇ.എ, എന്‍.സി.ബി.ഇ, എ.ഐ .ബി.ഓ.സി, ഐ.എന്‍.ബി.ഇ.എഫ്, ഐ.എന്‍.ബി.ഓ.സി, എന്‍.ഓ.ബി.ഡബ്ല്യു, എന്‍.ഓ.ബി.ഓ എന്നീ ഒന്‍പതു സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ നാല്‍പതിനായിരത്തോളം ജീവനക്കാരും ഓഫീസര്‍മാരുമാണ് കേരളത്തില്‍ പണിമുടക്കിയത്. അഖിലേന്ത്യാ തലത്തില്‍ പത്ത് ലക്ഷം ജീവനക്കാര്‍ പണിമുടക്കി.

ബാങ്ക് ജീവനക്കാരുടെ കഴിഞ്ഞ ശമ്പള പരിഷ്‌കരണം 2012 നവംബറിലാണ് നടന്നത്.2017 ഒക്ടോബര്‍ 31 ന് കാലാവധി തീര്‍ന്ന പ്രസ്തുതകരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനകളും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി 40 വട്ട ചര്‍ച്ചകള്‍ നടന്നു.പക്ഷെ ജീവനക്കാരുടെ പ്രതീക്ഷക്ക് അനുസരിച്ച് ഒരു മാന്യമായ ഒത്തുതീര്‍പ്പിന് ഐ.ബി.എ. തയ്യാറായിട്ടില്ല. ഇന്ന് ബാങ്കിംഗ് മേഖലയിലെ ശമ്പളഘടന മറ്റ് മേഖലകളെ അപേക്ഷിച്ച് വളരെ പിറകിലാണ്. ആവശ്യത്തിന് ജീവനക്കാരില്ലാതെ ബാങ്കുകളിലെ പല ശാഖകളും വീര്‍പ്പുമുട്ടുകയാണ്. ദൈന്യം ദിന ജോലിഭാരം വര്‍ദ്ധിക്കുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികളും പൊതുമേഖലാ ബാങ്കുകളിലൂടെയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

നോട്ടുനിരോധന വേള മുതല്‍ ഏറ്റവും ഒടുവില്‍ കനേഷുമാരി കണക്കെടുപ്പിലുള്‍പ്പടെ ബാങ്ക് ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനുള്‍പ്പെടെ നിയോഗിക്കുന്ന ബാങ്ക് ജീവനക്കാരുടെ വേതന വര്‍ദ്ധനവ്, അവരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി നിജപ്പെടുത്തണമെന്ന ഒരു നിര്‍ദ്ദേശവും ഇപ്പോഴത്തെ കരാറില്‍ ഐ.ബി.എ. മുന്നോട്ട് വച്ചിരിക്കുകയാണ്. ഐ.ബി.എ.യുടെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ വന്‍ പ്രതിഷേധമാണ് ജീവനക്കാര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്.

കേരളത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലെയും ഏരിയാ കേന്ദ്രങ്ങളിലെയും സമര കേന്ദ്രങ്ങളില്‍ വന്‍ പങ്കാളിത്തത്തോടെയുള്ള പ്രകടനങ്ങളും ധര്‍ണ്ണകളും നടന്നു.കോഴിക്കോട് നടന്ന ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി, കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, പാലക്കാട് മുന്‍ എം.പി.എം.ബി.രാജേഷ്, കൊല്ലം എ.ഐ.ടി.യു സി.സംസ്ഥാന പ്രസിഡണ്ട് ഉദയഭാനു, പത്തനംതിട്ട മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍, തൃശൂര്‍ സി.ഐ.ടി.യു.കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ഷാജന്‍, എറണാകുളം എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.എന്‍.ഗോപി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

മറ്റ് ജില്ലകളില്‍ പണിമുടക്കിയ ജീവനക്കാര്‍ പ്രകടനങ്ങള്‍ നടത്തി. യോഗങ്ങളില്‍ യു.എഫ്.ബി.യു.നേതാക്കളായ സി.ജെ.നന്ദകുമാര്‍, സി.ഡി.ജോസണ്‍, ടി.നരേന്ദ്രന്‍, എബ്രഹാം ഷാജി ജോണ്‍, അനിത, അഖില്‍, പ്രഭു, വിനോദ്, ശിവരാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.