വിദ്യാര്‍ഥികളുടെ നാടകത്തില്‍ പ്രധാനമന്ത്രിക്ക് അധിക്ഷേപം; ഹെഡ്മിസ്ട്രസും രക്ഷിതാവും അറസ്റ്റില്‍

പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയെ വിമര്‍ശിച്ച് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തിലാണ് വിവാദ പരാമര്‍ശം കടന്നുകൂടിയത്. ഇതേത്തുടര്‍ന്ന് സ്‌കൂളിനെതിരെ പോലീസ് രാജ്യദ്രോഹക്കേസ് എടുത്തിരുന്നു.

https://www.mathrubhumi.com/polopoly_fs/1.2313502.1544890617!/image/image.jpg_gen/derivatives/landscape_894_577/image.jpg
പ്രതീകാത്മക ചിത്രം | മാതൃഭൂമി ആര്‍ക്കൈവ്‌സ്

ബെംഗളൂരു: വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം കടന്നുകൂടിയതിനെ തുടര്‍ന്ന് കര്‍ണാടകത്തിലെ സ്‌കൂളിലെ പ്രധാന അധ്യാപികയും ഒരു കുട്ടിയുടെ അമ്മയും അറസ്റ്റിലായി. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയെ വിമര്‍ശിച്ച് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തിലാണ് വിവാദ പരാമര്‍ശം കടന്നുകൂടിയത്. ഇതേത്തുടര്‍ന്ന് സ്‌കൂളിനെതിരെ പോലീസ് രാജ്യദ്രോഹക്കേസ് എടുത്തിരുന്നു.

സ്‌കൂള്‍ ജീവനക്കാരെയും വിദ്യാര്‍ഥികളെയും ചോദ്യംചെയ്ത ശേഷമാണ് പോലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകം ജനുവരി 21 നാണ് അരങ്ങേറിയത്. നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ നീലേഷ് റഷ്യാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം നാടകത്തില്‍ ആദ്യം ഉണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ അമ്മയാണ് ഈ ഭാഗം പിന്നീട് കൂട്ടിച്ചേര്‍ത്തത്. അധ്യാപിക അത് അംഗീകരിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. നാടകത്തിലൂടെ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭയം ജനിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

Content Highlights: School headmistress, parent arrested for "abuse" of Modi in drama