https://www.doolnews.com/assets/2020/01/jacob-banner-399x227.jpg

ഇക്കണ്ട ജനം മുഴുവന്‍ തെരുവില്‍ ഇറങ്ങിയത് കാണാതിരിക്കുക മാത്രമല്ല പാതിരി ചെയ്തത്; നല്ലസമയത്തു അപ്പുറം ചേരുക കൂടി ചെയ്തു

by

പ്രോപഗണ്ടയുടെ ഒത്ത ലക്ഷണം സത്യത്തിന്റെ ഇടയിലൂടെ കടത്തിവിടുന്ന നുണകളും അര്‍ദ്ധസത്യങ്ങളുമാണ്. അവയുടെ പ്രഹരശേഷി മാരകമായിരിക്കും.

ക്രിസ്ത്യാനികളെ കൊല്ലുന്നത് മുസ്ലിങ്ങളാണ് എന്ന് പറഞ്ഞു പുത്തന്പുരയ്ക്കലച്ചന്‍ ഇറാഖിലെയും സിറിയയിലെയും അനുഭവങ്ങള്‍ ഉദാഹരിക്കുമ്പോള്‍ ഇത് കാണാം.

ഇറാക്കിലും സിറിയയിലും ക്രിസ്ത്യാനികളെ കൊന്നിട്ടുണ്ട്. പക്ഷെ ക്രിസ്ത്യാനികളെ മാത്രമല്ല കൊന്നത്, മറ്റു ന്യൂനപക്ഷങ്ങളെയും കൊന്നിട്ടുണ്ട്.

ക്രിസ്ത്യാനികളെ മാത്രമല്ല കൊന്നത്, മുസ്ലിങ്ങളെയും കൊന്നിട്ടുണ്ട്. എന്നുമാത്രമല്ല, ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടതും മുസ്ലിങ്ങളാണ്. ഇറാക്കിലും സിറിയയിലും പൊങ്ങിവരുന്ന മാസ് ഗ്രെയ്വുകളില്‍ തിങ്ങിനിറഞ്ഞത് മുസ്ലിം ശരീരങ്ങളാണ്, മറ്റുള്ളവരെക്കാള്‍. ബൊക്കോ ഹറാമിന്റെയും താലിബാന്റെയും ഇരകള്‍ മുസ്ലിങ്ങളാണ്, അവരില്‍ത്തന്നെ സ്ത്രീകളും കുഞ്ഞുങ്ങളുമാണ്.

പിന്നെയാണ് പ്രധാന വിഷയം: കൊന്നത് വെറും മുസ്ലിങ്ങളല്ല; മുസ്ലിം ഭീകരന്മാരാണ്. അതെടുത്തു മുസ്ലിങ്ങളുടെ തോളില്‍ ചാര്‍ത്തുന്നത് നീതികേടാണ്. വിശ്വാസിയും ഭീകരനും തമ്മിലുള്ള വ്യത്യാസം അറിയാതിരിക്കാന്‍ മാത്രം നിഷ്‌കളങ്കനാണ് ഒരു കത്തോലിക്കാ പുരോഹിതന്‍ എന്ന് വിശ്വസിക്കുക വയ്യ.

അപ്പോള്‍ വിഷയം ഇത്രേയുള്ളൂ: ഏതു മതത്തിലെയും ഭീകരന്മാര്‍ അധികാരം കയ്യടക്കിയാല്‍ അവര്‍ പെട്ടെന്നൊരു ട്രസ്റ്റായി രൂപപ്പെടും: അപ്പനും സുഭദ്രയും ഞാനുമടങ്ങിയ ട്രസ്റ്റ്. ബാക്കിയുള്ളവരുടെയെല്ലാം തല ജാമ്യത്തിലായിരിക്കും. അതില്‍ ഭൂരിപക്ഷ മതമെന്നോ ന്യൂനപക്ഷ മതമെന്നോ ഇല്ല. അവര്‍ പറയുന്നതാണ് പിന്നെ നിയമം. അതിലൊരുകൂട്ടര്‍ മാത്രമായി ഇരവാദം ഉന്നയിക്കുന്നത് ശരിയല്ല; മനുഷ്യരുടെ ശത്രു ഈ മത ഭീകരന്മാരാണ്.

അത്തരമൊരു അവസ്ഥ ഈ നാട്ടില്‍ വരാതിരിക്കാനാണ് ഇക്കാണായ ജനം മുഴുവന്‍ തെരുവില്‍ ഇറങ്ങിയത് എന്ന് കാണാതിരിക്കുക മാത്രമല്ല പാതിരി ചെയ്തത്; നല്ലസമയത്തു അപ്പുറം ചേരുക കൂടി ചെയ്തു. സിനഡ് കൂടി പിതാക്കന്മാര്‍ ചെയ്തതുപോലെ.

മണലാരണ്യങ്ങളിലും തരിശുനിലങ്ങളിലും പര്‍വതശിഖരങ്ങളിലും അവനവന്റെ ജീവിതം കൊണ്ടുനടക്കുകയും വലിയ നാഗരികതകള്‍ സൃഷ്ടിക്കുകയും ഇരുള്‍മൂടിയ നാളുകളില്‍ സംസ്‌കാരത്തിന്റെ വെട്ടം കെട്ടുപോകാതെ സൂക്ഷിക്കുകയും ചെയ്ത ജനവിഭാഗങ്ങളെ ആയുധയ്ക്കിരയാക്കി, അഭയാര്ഥികളാക്കിയവരുടെ വിശ്വാസ പങ്കാളികളാണ് വീണ്ടും ഇത്തരം പടപ്പുകള്‍ പുറത്തിറക്കുന്നത്.

ഇതിന്റെയൊരു മെച്ചം, ദൈവം സ്‌നേഹമാണ് എന്ന് പറഞ്ഞു നടന്നവര്‍ മതം വെറുപ്പാണ് എന്ന് കാണിച്ചുകൊടുക്കുന്നു എന്നതാണ്.

ഇതിനൊരവസാനം വരണമെങ്കില്‍ ഇവര്‍തന്നെ സ്വയം വെളിപ്പെടുത്തണം; ഇതുപോലെ.