https://www.doolnews.com/assets/2020/01/juekjdjdf-399x227.jpg

കരാര്‍ ജീവനക്കാര്‍ക്ക് വര്‍ഷാവര്‍ഷം എലിജിബിലിറ്റി പരീക്ഷ; കെ.എസ്.ഇ.ബിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

by

തിരുവനന്തപുരം: സബ് സ്റ്റേഷന്‍ ഓപ്പറേറ്റര്‍മാരായി ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാര്‍ക്ക് വര്‍ഷാവര്‍ഷം എലിജിബിലിറ്റി പരീക്ഷ നടത്തുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇതേ തസ്തികയില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരെ ഒഴിവാക്കി കരാര്‍ ജീവനക്കാര്‍ക്ക് മാത്രം പരീക്ഷ നടത്തുന്നതിന്റെ മാനദണ്ഡങ്ങള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് വൈദ്യുതി ബോര്‍ഡിന് നോട്ടീസയച്ചു.

പൊതുപ്രവര്‍ത്തകനായ അജയ് എസ് കുര്യാത്തിയുടെ പരാതിയിന്മേലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ട്രാന്‍സ്മിഷന്‍ വിഭാഗം തിരുവനന്തപുരം, കോഴിക്കോട് ചീഫ് എഞ്ചിനീയര്‍മാര്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

800 ല്‍ പരം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരികളാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ഇതുവരെ മിനിമം കൂലി നടപ്പാക്കിയിട്ടില്ല.

വൈദ്യുതിയുമായി ബന്ധപ്പെട്ടതായതുകൊണ്ട് പൊതുജനങ്ങളുടേയും തൊഴിലാളികളുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പരാതി നല്‍കിയതെന്ന് അജയ് എസ്.കുര്യാത്തി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഒരു പുതിയ പാഠ്യപദ്ധതി വരുമ്പോള്‍ അധ്യാപകര്‍ക്ക് അതിനായി പരിശീലനം നല്‍കാറില്ലേ. കരാര്‍ തൊഴിലാളികള്‍ക്ക് പരീക്ഷ നടത്തുമ്പോള്‍ സ്ഥിരം തൊഴിലാളികള്‍ക്ക് കൂടി നടത്തണം എന്നേ പറയുന്നുള്ളൂ. രണ്ട് വര്‍ഷം കൊണ്ട് വൈദ്യുതി മേഖലയില്‍ വരുന്ന മാറ്റങ്ങള്‍ സ്ഥിരം ജീവനക്കാര്‍ക്കും ഈ പരിശീലനത്തിലൂടെ ലഭ്യമാക്കാലോ’, അജയ് പറഞ്ഞു.

വൈദ്യുതി മന്ത്രിയ്ക്കും കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയര്‍ക്കും തിരുവനന്തപുരം, കോഴിക്കോട് സോണല്‍ ചീഫ് എഞ്ചിനീയര്‍ക്കുമാണ് അജയ് പരാതി നല്‍കിയത്.

2018-19 മുതലാണ് കരാര്‍ ജീവനക്കാര്‍ക്ക് എലിജിബിലിറ്റി ടെസ്റ്റ് നിര്‍ബ്ബന്ധമാക്കിയത്. 60 ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയില്ലെങ്കില്‍ ജോലിയില്‍ നിന്നും ഒഴിവാക്കും. 2019-20 വര്‍ഷവും എലിജിബിലിറ്റി ടെസ്റ്റ് എഴുതണമെന്ന് ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

എന്നാല്‍ ഇതേ മേഖലയില്‍ സബ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ തസ്തികയില്‍ ജോലി ചെയ്യുവര്‍ക്ക് ഒരു ടെസ്റ്റും എഴുതേണ്ടതില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് കരാര്‍ തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പരാതിയില്‍ പറയുന്നു. ബോര്‍ഡിന്റെ നടപടി ഇരട്ടനീതിയാണെന്ന് പരാതി ഉയര്‍ന്നത്. പരീക്ഷ നടത്തുന്നുണ്ടെങ്കില്‍ ഉത്പാദന, പ്രസരണ, വിതരണ മേഖലയിലെ സ്ഥിരം-കരാര്‍ തൊഴിലാളികള്‍ക്കെല്ലാം നടത്തണമെന്നാണ് ആവശ്യം.

നേരത്തെ കെ.എസ്.ഇ.ബി.യില്‍ വര്‍ക്കര്‍മാരായി സ്ഥിരനിയമനം നല്‍കിയ പെറ്റി കോണ്‍ട്രാക്ടര്‍മാരെയും കരാര്‍ ജീവനക്കാരെയും പ്രത്യേക പൂള്‍ ആയി നിര്‍ത്താനുള്ള തീരുമാനം ബോര്‍ഡ് പിന്‍വലിച്ചിരുന്നു. ജീവനക്കാരെ രണ്ട് തട്ടിലാക്കാനുള്ള നീക്കത്തിനെതിരേ യൂണിയനുകളില്‍നിന്ന് ശക്തമായ എതിര്‍പ്പ് വന്ന പശ്ചാത്തലത്തിലാണ് വൈദ്യുതി ബോര്‍ഡ് തീരുമാനം മാറ്റിയത്.

സെക്ഷനുകളില്‍ വര്‍ക്കര്‍മാരായി നിയമിച്ച ഇവരെ മറ്റ് വര്‍ക്കര്‍മാര്‍ക്കൊപ്പം തന്നെ ജോലി ചെയ്യിക്കണമെന്നാണ് ബോര്‍ഡ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇവരെ പ്രത്യേക പൂളായി നിര്‍ത്തി, കരാറുകാര്‍ ചെയ്തിരുന്ന ജോലികള്‍ ചെയ്യിക്കാനായിരുന്നു ബോര്‍ഡിന്റെ ശ്രമം.

2004ല്‍ ട്രിബ്യൂണല്‍ ഉത്തരവിനെത്തുടര്‍ന്നാണ് ലൈനില്‍ ജോലി ചെയ്തിരുന്ന കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം വൈദ്യുതി ബോര്‍ഡിന് എടുക്കേണ്ടി വന്നത്. നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ കോടതി ഉത്തരവ് പ്രകാരം പി.എസ്.സി. പരീക്ഷ നടത്തിയാണ് കരാര്‍ ജീവനക്കാരെ വൈദ്യുതി ബോര്‍ഡില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരായി നിയമിച്ചത്.

ഇവരെ സെക്ഷനുകളില്‍ വര്‍ക്കര്‍മാരായി നിയമിക്കാതെ ഡിവിഷന്റെ മേല്‍നോട്ടത്തില്‍ പൂള്‍ സംവിധാനം ഉണ്ടാക്കി അവിടെ നിലനിര്‍ത്താനാണ് ബോര്‍ഡ് തീരുമാനിച്ചത്. പുതുതായി നിയമിച്ച പെറ്റി കോണ്‍ട്രാക്ടര്‍മാരെയും ലൈന്‍ ജീവനക്കാരെയും ഇപ്പോള്‍ സെക്ഷന്‍ ഓഫീസുകളില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാര്‍ ചെയ്യുന്ന ജോലിയില്‍ ഒരു കാരണവശാലും ബന്ധപ്പെടുത്തരുതെന്നാണ് ചീഫ് എന്‍ജിനീയര്‍മാരോടും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരോടും ബോര്‍ഡ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ഇവരെ ലോ ടെന്‍ഷന്‍ ലൈനില്‍ നടക്കുന്ന കരാര്‍ പ്രവൃത്തികളില്‍ ഉപയോഗിക്കണം. അതുവഴി ഇത്തരം ജോലികള്‍ കരാര്‍ നല്‍കുന്നതില്‍ കുറവുണ്ടാകുന്നുവെന്നും ഈയിനത്തില്‍ ചെലവഴിച്ചിരുന്ന തുകയില്‍ കുറവുവരുന്നുണ്ടെന്നും ഉറപ്പാക്കണം. ഇക്കാര്യങ്ങള്‍ സര്‍ക്കിള്‍ തലത്തില്‍ റിവ്യു ചെയ്യണമെന്നും ബോര്‍ഡ് നിര്‍ദേശിക്കുന്നുണ്ട്.

പുതുക്കിയ ഉത്തരവ് പ്രകാരം പുതുതായി നിയമിക്കപ്പെട്ടവര്‍ക്ക് വര്‍ക്കര്‍മാരുടെ എല്ലാ പരിഗണനകളും കിട്ടും. അതേസമയം ഇവരുടെ ജോലി സര്‍ക്കിള്‍ തലത്തില്‍ ആറുമാസം കൂടുമ്പോള്‍ റിവ്യൂ ചെയ്യണമെന്നതടക്കമുള്ള മുന്‍ ഉത്തരവിലെ നിബന്ധനകള്‍ ബോര്‍ഡ് മാറ്റിയിട്ടില്ല. നിലവിലുള്ള വര്‍ക്കര്‍മാര്‍ക്ക് അത്തരമൊരു റിവ്യു ഇല്ല.

ഇവരെ സൂപ്പര്‍ ന്യൂമറിയായിട്ടാണ് നിയമിച്ചിരിക്കുന്നതെന്നും അധിക തസ്തികയായി ഇവരെ നിയമിക്കുന്നതിലൂടെ ശമ്പളം ഇനത്തില്‍ രണ്ട് കോടിയോളം ചെലവു വരുന്നുണ്ടെന്നുമാണ് ബോര്‍ഡിന്റെ വിശദീകരണം. കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷനുകളിലടക്കം കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്നത് ആയിരത്തിലധികം ജീവനക്കാരാണ്.

WATCH THIS VIDEO: