https://img-mm.manoramaonline.com/content/dam/mm/mo/news/editorial/images/2020/1/28/budget-leader.jpg

ഇന്ത്യ സ്റ്റാഗ് ഫ്ലാഷനിലേക്കോ?

by

കുറയുന്ന വളർച്ചാ നിരക്കിനും കൂടുന്ന തൊഴിലില്ലായ്മയ്ക്കും ഒപ്പം  വിലക്കയറ്റം കൂടി ഉണ്ടാകുന്ന സ്റ്റാഗ്ഫ്ലാഷൻ  എന്ന പ്രതിസന്ധിയിലേക്കു  ഇന്ത്യ  നീങ്ങുന്നവെന്ന ആശങ്കയിലാണ്  സാമ്പത്തികവിദഗ്ധർ.  ഈ സയമത്ത് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി   നിർമല സീതാരാമൻ നേരിടുന്നത് കടുത്ത  വെല്ലുവിളികളാണ്  

ഇന്ത്യൻ ഭരണഘടനയുടെ 112–ാം വകുപ്പനുസരിച്ച് ഓരോ വർഷവും ഇന്ത്യൻ പ്രസിഡന്റിനുവേണ്ടി ഖജനാവിന്റെ സൂക്ഷിപ്പുകാരനായ കേന്ദ്രമന്ത്രി പാർലമെന്റിന്റെ ഇരുസഭകളിലും ബജറ്റെന്ന   വാർഷിക ധനകാര്യ പ്രസ്താവന വയ്ക്കണം.  നാളെ   അവതരിപ്പിക്കുന്ന  ബജറ്റ് സ്വതന്ത്ര ഇന്ത്യയിലെ   91–ാമത്തെയും നരേന്ദ്രമോദി സർക്കാരിന്റെ  എട്ടാമത്തെയും നിർമല സീതാരാമന്റെ  രണ്ടാമത്തെയും ബജറ്റാണ്.

ഗവൺമെന്റിന്റെ മുന്നിലെ വെല്ലുവിളികൾ 

ഇന്ത്യ വളരെ സങ്കീർണമായ  സാമ്പത്തികഘട്ടത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്.   സമസ്ത മേഖലകളിലും മെല്ലെപ്പോക്ക് പ്രകടമാണ്. സാമ്പ്രദായിക ധനശാസ്ത്രസിദ്ധാന്തമനുസരിച്ച് ഇന്ത്യ സാമ്പത്തികമാന്ദ്യത്തിലാണെന്നു പറയാൻ കഴിയില്ല. പക്ഷേ  ഇന്ത്യയെപ്പോലെ അതിവേഗം വളരുന്ന  ഒരു വികസ്വര രാജ്യത്ത് തുടർച്ചയായ ആറു പാദങ്ങളിൽ  ജിഡിപി വളർച്ച കുറയുന്നത്  മാന്ദ്യമായി തന്നെ കാണണമെന്ന ചില  സാമ്പത്തിക വിദഗ്ധരുടെ  അഭിപ്രായം തള്ളിക്കളയാനുമാകില്ല.  

കുറയുന്ന   ജിഡിപി 

2017 –’18  സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 8.1%   ജിഡിപി വളർച്ച  നേടിയ  ഇന്ത്യ പിന്നീടുള്ള പാദങ്ങളിൽ  താഴോട്ടുവന്ന് 2019–2020  വർഷത്തിന്റെ രണ്ടാംപാദത്തിൽ 4.5% ത്തിലേക്കു കൂപ്പുകുത്തി. ആറുവർഷത്തെ ഏറ്റവും താഴ്ന്ന  നിരക്ക്. നടപ്പു വർഷത്തെ രണ്ടാം പാദത്തിൽ നിർമാണ മേഖലയിൽ 1%  ഇടിവും കാർഷികമേഖലയിൽ 2.1 % വളർച്ചയുമാണ് രേഖപ്പെടുത്തിയത്. നടപ്പു വർഷത്തെ ആദ്യ എട്ടുമാസത്തെ വ്യാവസായികോൽപാദന  വളർച്ച 0.5 %  മാത്രം. കാതൽമേഖല (core sector) യിലേത്  പൂജ്യം ശതമാനവും. ജനുവരി ആദ്യവാരം സിഎസ്ഒ പുറത്തുവിട്ട 2019–2020  വർഷത്തേക്കുള്ള അഡ്‍‌വാൻസ് എസ്റ്റിമേറ്റനുസരിച്ച് ജിഡിപി വളർച്ച 5% ആയിരിക്കും.  ഇതു കഴിഞ്ഞ  11 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും. ഇക്കാലത്ത് നിർമാണ മേഖല രണ്ടും  കാർഷികമേഖല 2.8  ഉം ശതമാനം വളരുമെന്നാണ് അനുമാനം.ഡിമാൻഡിലുള്ള വൻ ഇടിവാണ്  ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.   

സമ്പദ്ഘടനയുടെ വളർച്ചയെ ഏറ്റവുമധികം സ്വാധീനിക്കുന്ന രണ്ടു ഘടകങ്ങളാണ് മൊത്തം സ്ഥിര മൂലധനരൂപീകരണവും സ്വകാര്യ അന്തിമ ഉപഭോഗച്ചെലവും. ഈ രണ്ടു കാര്യത്തിലും തളർച്ചയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. നടപ്പു വർഷത്തെ രണ്ടാംപാദത്തിലെ മൊത്ത നിക്ഷേപം  ഈ രണ്ടു കാര്യത്തിലും ഗണ്യമായ വളർച്ച അനിവാര്യമാണ്. അല്ലെങ്കിൽ  തിരിച്ചുവരവു പ്രയാസകരമായിരിക്കും.

നാം നേരിടുന്ന മറ്റൊരു പ്രതിസന്ധി വർധിച്ചുവരുന്ന തൊഴിലില്ലായ്മയാണ്.പുതിയ കണക്കനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനമാണ്. പ്രതിവർഷം 1.20 കോടി യുവതീയുവാക്കളാണ് തൊഴിൽ തേടി   എത്തുന്നത്. മുതൽമുടക്കിന്റെയും ഉപഭോഗത്തിന്റെയും കുറവാണ് തൊഴിലില്ലായ്മ കൂടുന്നത്. അതിനാൽ ബജറ്റിൽ ശ്രദ്ധ നൽകേണ്ട മേഖലകളാണിവ. 

ഇടിയുന്ന കയറ്റുമതിയും ഇറക്കുമതിയും

നിലവിൽ  കയറ്റുമതിയിലും ഇറക്കുമതിയിലും ഗണ്യമായ ഇടിവാണ് അനുഭവപ്പെടുന്നത്. 2019–2020 വർഷത്തിൽ ഏപ്രിൽ–ഡിസംബർ കാലത്ത് കയറ്റുമതിയിൽ 1.96 ഉം   ഇറക്കുമതിയിൽ 8.9  ഉം ശതമാനത്തിന്റെ  ഇടിവുണ്ടായി.  ഈ ഇടിവ് വ്യാപാരക്കമ്മി കുറച്ചിട്ടുണ്ടെങ്കിലും അതു സാമ്പത്തികമാന്ദ്യത്തിലേക്കാണു വിരൽ ചൂണ്ടുന്നത്.

കൂടുന്ന ധനക്കമ്മി

2019–2020 സാമ്പത്തിക വർഷം ബജറ്റിൽ ലക്ഷ്യമിട്ടിരുന്നത് 7.04 ലക്ഷം കോടി രൂപയുടെ ധനക്കമ്മിയായിരുന്നു. എന്നാൽ ഏപ്രിൽ–നവംബറിൽ തന്നെ   ഇതു 8.07 ലക്ഷം കോടി രൂപയായി.   അതായത് ബജറ്റ് ലക്ഷ്യത്തിന്റ 115 %.  ചെലവ് ഉയർന്നതും നികുതി വരുമാനം കുറഞ്ഞതുമാണ്   ധനക്കമ്മി   ഇത്രയും  ഉയരാൻ  കാരണം. കോർപറേറ്റ് നികുതിയിൽ 1.45 ലക്ഷം കോടി രൂപുടെ വെട്ടിക്കുറവു വരുത്തിയതും സാമ്പത്തിക വളർച്ച കുറഞ്ഞതും പ്രത്യക്ഷ നികുതി വരുമാനം ഇടിയാൻ കാരണമായി.  ജനുവരി 23 വരെ 7.3 ലക്ഷം കോടി രൂപയേ  പിരിച്ചെടുക്കാനായുള്ളൂ.   ഇതു ലക്ഷ്യമിട്ട 13.5 ലക്ഷം കോടിയുടെ 54 %   വരൂ. നടപ്പുവർഷം ജിഎസ്ടിയിലും പ്രതീക്ഷിച്ച വളർച്ച  ഇല്ല. നടപ്പുവർഷം  ജിഡിപി വളർച്ച അഞ്ചു ശതമാനത്തിലേയ്ക്ക്  താഴുകയും ധനക്കമ്മിയുടെ ലക്ഷ്യം അതേപടി നിലനിർത്തുകയുമാണെങ്കിൽ വർഷാവസാനം ധനക്കമ്മി നാലു ശതമാനത്തോളം ഉയരും. 

തല പൊക്കുന്ന പണപ്പെരുപ്പം

ദീർഘകാലമായി  പത്തി താഴ്ത്തിക്കിടന്ന പണപ്പെരുപ്പവും  തലപൊക്കാൻ തുടങ്ങിയിരിക്കുന്നു. ഡിസംബറിൽ ചില്ലറ വിലക്കയറ്റം 7.35%   ആയി ഉയർന്നു.  ഇതു കഴിഞ്ഞ  5 കൊല്ലത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. മാത്രമല്ല ആർബിഐയുടെ പരമാവധി ലക്ഷ്യമായ  6% ത്തേക്കാളും 1.35 % അധികവുമാണ്. . 

ചില്ലറ വിലയിലെ  ഭക്ഷ്യവിലക്കയറ്റം ഡിസംബറിൽ 14.12 %  ആയി. ആർബിഐയുടെ ഏറ്റവും അനുയോജ്യമായ പണപ്പെരുപ്പ നിരക്ക് 4%  ആണ്. എന്നാൽ കാതൽ പണപ്പെരുപ്പം (core inflation)  3.7 % ആണ്. മൊത്ത വിലയിലെ  വിലക്കയറ്റവും ഭക്ഷ്യവിലക്കയറ്റവും യഥാക്രമം 2.59 ഉം 13.12  ഉം ശതമാനവുമാണ്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ്  ഈ ഉയർന്ന വിലക്കയറ്റത്തിനു കാരണം. 

സ്റ്റാഗ്ഫ്ലാഷൻ

കുറഞ്ഞുകൊണ്ടിരിക്കുന്ന ജിഡിപി വളർച്ചയ്ക്കും ഉയർന്ന തൊഴിലില്ലായ്മ നിരക്കിനുമൊപ്പം വിലക്കയറ്റംകൂടി ഉണ്ടാകുന്ന അവസ്ഥയെയാണ് സ്റ്റാഗ്ഫ്ലാഷൻ എന്നു പറയുന്നത്. ഇന്ത്യ അത്തരം ഒരവസ്ഥയിലേക്കു നീങ്ങുകയാണോ എന്നു സാമ്പത്തികവിദഗ്ധർ ഭയപ്പെടുന്നു. രാജ്യത്തെ തൊഴിലില്ലായ്മ  7.7  % ആണ്.  2018 ഡിസംബറിൽ അത് ഏഴു ശതമാനമായിരുന്നു. 

മറ്റു തടസ്സങ്ങൾ

റിസർവ് ബാങ്ക് തുടർച്ചയായി അഞ്ചു പ്രാവശ്യം പലിശ കുറച്ചിട്ടും വായ്പ കാര്യമായി ഉയരുന്നില്ല. നടപ്പു വർഷം വായ്പാ വളർച്ച 6.5 –7.0 % മാത്രമായിരിക്കുമെന്ന് റേറ്റിങ് ഏജൻസിയായ ഇക്റയുടെ അനുമാനം. ഇതു 58 വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കായിരിക്കും. കഴിഞ്ഞ വർഷമിത് 13.3 ശതമാനമായിരുന്നു. ആർബിഐയുടെ കണക്കനുസരിച്ച് ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി (എൻപിഎ)   9.91 ശതമാനമാണ്. അടുത്തവർഷം ഇത് 9.9 ശതമാനമായി  ഉയരുമെന്നും  ആർബിഐ  റിപ്പോർട്ടിൽ പറയുന്നു. കർഷകൻ, വ്യാപാരികൾ, വ്യവസായികൾ, റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർ എല്ലാം ലിക്വിഡിറ്റി പ്രതിസന്ധിയെപ്പറ്റിയാണു പറയുന്നത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ പണമില്ലാതെ വീർപ്പുമുട്ടുന്നു. 

ഇതെല്ലാം കാണിക്കുന്നത് ഇന്ത്യൻ സമ്പദ്ഘടന മാന്ദ്യത്തിലാണെന്നാണ്. സമ്പദ്ഘടനയെ വളർച്ചയുടെ പാതയിലേക്കു കൊണ്ടുവരുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ധനമന്ത്രിക്കുള്ളത്. മുകളിൽ പറഞ്ഞ വെല്ലുവിളികളെയെല്ലാം ഒന്നിച്ചു നേരിടേണ്ടതുണ്ട്. 

(സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)