പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം; അധ്യാപിക അറസ്റ്റില്‍
by Janam TV Web Deskബംഗളൂരു: പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ നാടകം അവതരിപ്പിച്ചതിന് അധ്യാപിക അറസ്റ്റില്‍. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയെ വിമര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തിലാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുള്ളത്. കര്‍ണാടകയിലെ ഒരു സ്‌കൂളിലാണ് നാടകം അവതിരിപ്പിച്ചത്. സ്‌കൂളിനെതിരെ നേരത്തെ പൊലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു കുട്ടിയുടെ രക്ഷിതാവും അറസ്റ്റിലായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
സ്‌കൂള്‍ ജീവനക്കാരേയും വിദ്യാര്‍ത്ഥികളേയും ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം ആദ്യം നാടകത്തില്‍ ഉണ്ടായിരുന്നില്ലെന്നും കുട്ടിയുടെ രക്ഷിതാവാണ് ഈ ഭാഗം കൂട്ടിച്ചേര്‍ത്തതെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. അധ്യാപിക ഈ ഭാഗം നാടകത്തില്‍ ഉള്‍പ്പെടുത്താന്‍ അംഗീകാരം നല്‍കിയെന്നും പൊലീസ് കണ്ടെത്തി.
നാടകത്തിലൂടെ സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ മനസില്‍ ഭയം ജനിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ നീലേഷ് റഷ്യാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ജനുവരി 21 നാണ് നാടകം അരങ്ങേറിയത്. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് നാടകം അവതരിപ്പിച്ചത്. നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേര്‍ നാടകത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.