https://img.manoramanews.com/content/dam/mm/mnews/news/kerala/images/2020/1/31/wayanad-wedding.jpg
കൊടുവള്ളി കിഴക്കോത്ത് പുത്തന്‍വീട്ടില്‍ 93 വധൂവരന്‍മാര്‍ പങ്കെടുത്ത സമൂഹ വിവാഹത്തില്‍ നിന്ന്.

94 കുടുംബങ്ങളിൽ നിന്ന് 47 വധൂവരൻമാർ; ആകെ ചെലവ് ഇത്രമാത്രം; മഹാമാതൃക

by

ഒരു സമൂഹത്തിൽ ഒരു വർഷം 100 ദിവസങ്ങളിലായി 100 വിവാഹങ്ങൾ നടക്കുന്നുണ്ടെന്നു കരുതുക. എന്നാല്‍ അവയെല്ലാം എല്ലാവരും സഹകരിച്ച് ഒറ്റ ദിവസം ഒരു വേദിയിൽ നടത്തിയാൽ എങ്ങിനെയിരിക്കും. ഏറെ സമയം ലാഭിക്കുന്നതിനൊപ്പം ധനവ്യയവും പല മടങ്ങായി കുറക്കാം. ഇത്തരത്തിലൊരു ഉദാത്ത മാതൃക കാണിച്ചു തരികയാണ് നഖ്ശബന്ദിയ്യ ത്വരീഖത്ത് എന്ന ആത്മീയ വിഭാഗം. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ആത്മീയ സംഘടന ഓരോ വർഷവും ഇത്തരത്തിലാണ് തങ്ങൾക്കിടയിൽ കല്യാണങ്ങൾ നടത്തുന്നത്. അതിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യാത്യാസമില്ല. വിവാഹമെല്ലാം ഒന്നിച്ചു നടത്തും.

നഖ്ശബന്ദിയ്യ ത്വരീഖത്തിന്റെ ഈ വർഷത്തെ വിവാഹ സംഗമം ഫെബ്രുവരി 2ന് പുത്തൻകുന്നില്‍ പുതുതായി പണിത  സാംസ്കാരിക വിദ്യാഭ്യാസ നിലയത്തിലാണ്  നടക്കുന്നത്. 94 കുടുംബങ്ങളിൽ നിന്നായി 47 വീതം വധൂവരൻമാരാണ് മംഗല്യം ചാർത്താനെത്തുന്നത്,. ഒരു വർഷത്തിന്റെ പല ദിവസങ്ങളിലായി പലയിടങ്ങളില്‍ വിവാഹിതരാകേണ്ടവരാണ് സംഘടനയുടെ നിർദേശപ്രകാരം ഒരേ വേദിയിൽ ഒന്നിക്കുന്നത്. പാവപ്പെട്ടവനും കോടീശ്വരനും ഒരേ വേഷ വിധാനങ്ങളോടെ, സ്ത്രീധനത്തിന്റെ വില പേശലുകളോ ആഭരണങ്ങളുടെ ആഡംബരമോ ഇല്ലാതെ ദാമ്പത്യ ജീവിതത്തിലേക്ക് കൈ കോർക്കും.

ഒരു വീട്ടിൽ ഒരു വിവാഹം നടത്തണമെങ്കിൽ കുറഞ്ഞത് 5 ലക്ഷം രൂപ വേണമെന്നിരിക്കെ 47 വിവാഹങ്ങൾക്കും കൂടി 10 ലക്ഷം രൂപയേ ചെലവു വരികയുള്ളുവെന്ന് സംഘാടകർ പറയുന്നു. പങ്കെടുക്കുന്നവര്‍ക്കും പലപ്പോഴായി അവധിയെടുത്ത് സമയം കളയേണ്ട. വിവാഹ ഒരുക്കങ്ങള്‍ക്കായി രക്ഷിതാക്കള്‍ക്ക് ദിവസങ്ങളോളം ഓടി നടക്കുകയും വേണ്ട. 1988 ല്‍ 12 വധൂവരൻമാരുമായി പുത്തൻകുന്നിലായിരുന്നു തുടക്കം. കിഴക്കോത്ത്, കാന്തപുരം, കിഴിശേരി, കാക്കലഞ്ചേരി, മാറാക്കര, നീറാട് എന്നിവിടങ്ങളാണ് സമൂഹ വിവാഹങ്ങൾ നടക്കുന്ന മറ്റിടങ്ങൾ.

ഇതുവരെ 880 വിവാഹങ്ങൾ നടത്തി.മുൻ സമൂഹ വിവാഹങ്ങളിലെ വധൂവരൻമാരാണ് വിവാഹിതരാകാൻ പോകുന്നവർക്ക് വിവാഹ വസ്ത്രങ്ങൾ നൽകുന്നത്. സൽക്കാരമടക്കമുള്ള ചെലവുകള്‍ സംഘടന വഹിക്കും. വധുവിന് ആവശ്യമുള്ള ആഭരണങ്ങൾ അതാത് വീട്ടുകാർ നല്‍കും. 10 പവനിൽ കൂടരുതെന്ന നിർദേശമുണ്ട്. ഓരോ വര്‍ഷവും  വിവാഹിതരാകാന്‍ പോകുന്നവരെയെല്ലാം ഒരുമിച്ചു സജ്ജരാക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊടുവള്ളി കിഴക്കോത്ത് പുത്തൻവീട്ടിൽ സയ്യിദ്. പി. വി. ഷാഹുൽ ഹമീദാണ് നഖ്ശബന്ദിയ്യ ത്വരീഖത്തിന്റെ രക്ഷാധികാരി.

കടപ്പാട്: മനോരമ ഓൺലൈൻ