https://img.manoramanews.com/content/dam/mm/mnews/news/world/images/2020/1/31/jack-ma-corona-fund.jpg

കൊറോണ വൈറസിനെ നേരിടാൻ വൻതുക സംഭാവന; 102.87 കോടി നൽകി ജാക്ക് മാ

by

ലോകത്ത് വൻഭീതി പരത്തുകയാണ് കൊറോണ വൈറസ്.  ചൈനയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ നടുക്കുന്നതാണ്. പ്രതിരോധ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും ചൈനയിൽ സജീവമാണ്. ഇതിനിടയിൽ കൊറോണ വൈറസിനെ നേരിടാന്‍ ഒരു വാക്സിൻ കണ്ടെത്താൻ വൻതുക സംഭാവന ചെയ്തിരിക്കുകയാണ് ഒരാൾ. ഇ കൊമേഴ്സ് കമ്പനി അലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും ധനികനുമായ ജാക്ക് മാ തന്റെ ഫൗണ്ടേഷനിലൂടെ 100 ദശലക്ഷം യുവാൻ (ഏകദേശം 102.87 കോടി രൂപ) സംഭാവന നൽകിയത്.

രണ്ട് ചൈനീസ് സർക്കാർ ഗവേഷണ സ്ഥാപനങ്ങൾക്കായി ശതകോടീശ്വരൻ 40 ദശലക്ഷം യുവാൻ നീക്കിവച്ചിട്ടുണ്ടെന്ന് ജാക്ക് മാ ഫൗണ്ടേഷന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. ശേഷിക്കുന്ന ഫണ്ടുകൾ ‘പ്രതിരോധത്തിനും ചികിത്സയ്ക്കും’ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു.

വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാനും ഹുബെ പ്രവിശ്യയ്ക്കും മെഡിക്കൽ ഉപകരണങ്ങളും മറ്റു സുരക്ഷാ വസ്തുക്കളും വാങ്ങുന്നതിനായും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൊറോണ വൈറസ് ചികിത്സാ പ്രവർത്തനങ്ങൾക്കായി ഫണ്ട് സംഭാവന ചെയ്യുന്ന നിരവധി ചൈനീസ് ടെക് കമ്പനികളിൽ ഒന്നാണ് അലിബാബയെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള പത്രമായ ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു.

ടെലികോം ഉപകരണങ്ങളും സ്മാർട് ഫോൺ നിർമാതാക്കളായ വാവെയ്, ഇ-കൊമേഴ്‌സ് കമ്പനിയായ ടെൻസെന്റ്, സെർച്ച് എൻജിൻ ബൈഡു, ടിക്ക് ടോക്ക് ഉടമ ബൈറ്റ്ഡാൻസ്, ഫുഡ് ഡെലിവറി സ്ഥാപനമായ മീറ്റുവാൻ-ഡിയാൻപിംഗ് തുടങ്ങി കമ്പനികൾ ഇതിൽ ഉൾപ്പെടും.