കൊറോണയുടെ പേരില്‍ ആരേയും ഒറ്റപ്പെടുത്തരുത്; നിരീക്ഷണത്തിലുള്ളവര്‍ പൊതുചടങ്ങുകളില്‍ വിട്ടുനില്‍ക്കണം, സ്വയം ചികിത്സ തേടണം: ആരോഗ്യമന്ത്രി

ചൈനയില്‍ നിന്ന് തിരിച്ചെത്തിയ 1053 പേരാണ് ഇതുവരെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 15 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369082/shailaja_kk.jpg

തൃശൂര്‍: കൊറോണ വൈറസ് ബാധയുടെ പേരില്‍ ആരേയും സമൂഹത്തില്‍ ഒറ്റപ്പെടുത്തരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ചൈനയില്‍ നിന്നു വരുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമുണ്ടാകരുത്. ചൈനയില്‍ നിന്നു വരുന്നവരെല്ലാം രോഗബാധിതരല്ല. അവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നടപടിയുണ്ടാകണം. ആശുപത്രിയില്‍ പോകാനും ചികിത്സ തേടാനും നിര്‍ദേശിക്കണം. അതേസമയം, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കരുത്. അവര്‍ പങ്കെടുക്കേണ്ട ചടങ്ങുകള്‍ മാറ്റിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൊറോണ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ അടക്കം എല്ലാ ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ തുറക്കും. ചൈനയില്‍ നിന്നെത്തിയവര്‍ സ്വമേധയാ ചികിത്സ തേടണം. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ആരോഗ്യവകുപ്പ് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ബന്ധമായും 28 ദിവസം വരെ നിരീക്ഷണത്തില്‍ തന്നെ തുടരണം. ഇത്തരക്കാര്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ വോളണ്ടിയര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എല്ലായിടത്തും സേവനത്തിനുണ്ട്. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ 1053 പേരാണ് ഇതുവരെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 15 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുശട പരിശോധനാഫലം പുറത്തുവരാനുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, കൊറോണ ബാധിച്ച് ചൈനയില്‍ മരണനിരക്ക് 213 ആയി. ഇന്ത്യയിലടക്കം 20 രാജ്യങ്ങളിലായി 9700 വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകവ്യാപകമായി വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.