സി.എ.എ വിരുദ്ധ പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടുകെട്ടിയ സംഭവം: യു.പി സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369091/CAA_protesters.jpg

ന്യുഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തില്‍ സംഘര്‍ഷത്തിന്റെ പേരില്‍ ആളുകളുടെ സ്വത്ത് കണ്ടുകെട്ടിയ നടപടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. സി.എ.എയ്‌ക്കെതിരെ യു.പിയില്‍ നടന്ന പ്രതിഷേധത്തെ സര്‍ക്കാര്‍ നേരിട്ട നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പര്‍വായിസ് ആരിഫ് ടിട്ടു എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.

പ്രതിഷേധക്കാരോട് സര്‍ക്കാര്‍ പ്രതികാര മനോഭാവത്തോടെയാണ് പെരുമാറിയതെന്നും രാഷ്ട്രീയ പകപോക്കല്‍ എന്ന രീതിയിലാണ് സ്വത്ത് കണ്ടുകെട്ടിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 'അവരുടെ സ്വത്ത് കണ്ടുകെട്ടി പ്രതികാരം ചെയ്യുമെന്ന്' കഴിഞ്ഞ മാസം ആദ്യ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടയുടന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും സ്വത്ത് നശിപ്പിച്ചുവെന്ന് കണ്ടാല്‍ സ്വത്ത് ലേലം ചെയ്ത് നഷ്ടം നികത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ സ്വത്ത് കണ്ടുകെട്ടിയത് മുഴുവന്‍ ഒരു പ്രത്യേക സമുദായത്തിന്റെതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 925 പേരെ അറസ്റ്റു ചെയ്തു. സര്‍ക്കാര്‍ ചുമത്തിയ നഷ്ടം കൊടുത്തശേഷമാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.-ഹര്‍ജിക്കാരന്‍ പറഞ്ഞു.