പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് കവിതയെഴുതി; യുവാവിനെതിരെ കേസെടുത്തു
by Ruhasina J Rബെംഗളൂരു: പൗരത്വനിയമത്തെ എതിർത്തും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചും കവിതയെഴുതിയെന്ന ആരോപണത്തെ തുടർന്ന് യുവാവിനെതിരെ കേസെടുത്തു. കവിയും കന്നഡ ചാനലായ പ്രജാ ടി വി റിപ്പോർട്ടറുമായ സിറാജ് ബിസറള്ളിക്കെതിരെ ബിജെപി കൊപ്പാൾ യൂണിറ്റാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സിറാജിനെതിരെ ഗംഗാവതി റൂറൽ പോലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർണ്ണാടകയിലെ കൊപ്പാൾ ജില്ലയിൽ ജനുവരി 9 നു നടന്ന ആനെഗുണ്ടി ഉത്സവത്തിൽ സിറാജ് ആലപിച്ച 'നിന്ന ധാക്കലേ യാവക നീഡുത്തീ' (നിങ്ങൾ നിങ്ങളുടെ രേഖകൾ എപ്പോഴാണ് തരുന്നത് ?) എന്ന സ്വന്തം കവിതയാണ് വിമർശിക്കപ്പെട്ടത്.
കവിത സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. കവിത പ്രധാനമന്ത്രിയെയും പൗരത്വനിയമത്തെയും അധിക്ഷേപിക്കുന്നതാണെന്നായിരുന്നു പരാതി. കവിത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു എന്ന കാരണത്താൽ കന്നഡനെറ്റ്. കോം എഡിറ്റർ എച്ച് വി രാജബക്സിക്കെതിരെയും എഫ് ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ ഇതിന് മുമ്പ് നേരിടേണ്ടി വന്നിട്ടില്ലെന്ന് രണ്ടു കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയ സിറാജ് പറയുന്നു. മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായും സിറാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഐ പി സി 504 ,505 വകുപ്പുകൾ പ്രകാരമാണ് സിറാജിനെതിരെ കേസെടുത്തിരിക്കുന്നത്.