https://www.deshabhimani.com/images/news/large/2020/01/corona-846676.jpg

കൊറോണ: വിദ്യാര്‍ഥിനിയെ മെഡിക്കല്‍കോളേജിലേക്ക് മാറ്റി; ആരോഗ്യനില തൃപ്തികരം

by

തൃശൂര്‍ > കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരം. എന്നാല്‍ മെഡിക്കല്‍ബോര്‍ഡ് അധികൃതരുടെ നിര്‍ദേശപ്രകാരം കുട്ടിയെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രി ഐസോലേഷന്‍ വാര്‍ഡുകള്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന കുട്ടിയെ വെള്ളിയാഴ്ച രാവിലെയാണ് മെഡിക്കല്‍കോളേജിലേക്ക് മാറ്റിയത്.

തൃശൂര്‍ ജില്ലയില്‍ ഒമ്പത്പേരാണ് ആശുപത്രി ഐസോലേഷന്‍ വാര്‍ഡിലുള്ളത്. ഒരാള്‍ക്ക്മാത്രമാണ് പോസിറ്റീവ്. ഇതില്‍ എട്ടുപേരാണ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുള്ളത്. ഒരാള്‍ ജില്ലാ ജനറല്‍ ആശുപത്രിയിലുമാണ്. ചൈനയില്‍നിന്നെത്തിയ ഒരു കുട്ടിയെകൂടി മെഡിക്കല്‍കോളേജിലേക്ക് നീരീക്ഷണത്തിനായി മാറ്റുമെന്ന് സൂചനയുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍കോളേജില്‍ അടിയന്തിരയോഗംചേര്‍ന്ന് സുസജ്ജമായ പ്രതിരോധനടപടികള്‍ക്ക് രൂപം നല്‍കി. ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും താലൂക്ക് ആശുപത്രികളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജില്‍ ഐ.സി.യു സൗകര്യത്തോടെ 20 മുറികള്‍ കൊറോണ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. കൊറോണ കേസുകള്‍ കൈകാര്യം ചെയ്യാനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. സ്വകാര്യ ആശുപത്രികളുടെ സഹായം കൂടി തേടുന്നതിനുള്ള യോഗം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗവും തുടര്‍ന്ന് ചേരുന്നുണ്ട്. ഈയോഗത്തിലും മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ള ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു.

നോവല്‍ കൊറോണ വൈറസ് ഇന്ത്യയിലാദ്യമായി തൃശൂരില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍നിന്നെത്തിയവര്‍ സ്വമേധയാ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 1053 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 1038 പേര്‍ വീടുകളിലും 15 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഏറ്റവും കൂടുതല്‍ പേര്‍ കോഴിക്കോട് ജില്ലയിലാണ്166. തൃശൂര്‍ ജില്ലയില്‍ 76 പേരും മലപ്പുറത്ത് 154 പേരും എറണാകുളത്ത് 153 പേരും നിരീക്ഷണത്തിലാണ്. കൊല്ലം 100, തിരുവനന്തപുരം 83, പാലക്കാട് 64, പത്തനംതിട്ട 32, ഇടുക്കി 14, കോട്ടയം 32, ആലപ്പുഴ 54, വയനാട് 16, കണ്ണൂര്‍ 61, കാസര്‍കോട് 48 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്.