https://www.doolnews.com/assets/2020/01/sangeethsom-399x227.jpg

ഷര്‍ജീല്‍ ഇമാമിനെ പൊതുമധ്യത്തില്‍ വെടിവെച്ചുകൊല്ലണം; ജാമിഅ വെടിവെപ്പിന് പിന്നാലെ കൊലപാതകത്തിന് ആഹ്വാനം ചെയ്ത് ബി.ജെ.പി എം.എല്‍.എ

by

ന്യൂദല്‍ഹി: ഇന്ത്യയെ വിഭജിക്കണമെന്ന രീതിയില്‍ സംസാരിക്കുന്ന ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ളവരെ പരസ്യമായി വെടിവച്ച് കൊല്ലണമെന്ന് ആഹ്വാനം നല്‍കി ബി.ജെ.പി എം.എല്‍.എയും 2013ലെ മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതിയുമായ സംഗീത് സോം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കെതിരെയും സംഗീത് സോം രംഗത്തെത്തി. ‘പ്രതിഷേധത്തിലിരിക്കുന്ന സ്ത്രീകള്‍ക്ക് വേറെ ജോലിയൊന്നും ഇല്ലെന്നും ഇവരുടെ സമരത്തിന് ഫണ്ട് ചെയ്യുന്നവര്‍ ആരാണെന്ന് കണ്ടെത്തണമെന്നുമായിരുന്നു സംഗീത് സോം പറഞ്ഞത്.

‘പ്രതിഷേധത്തിലിരിക്കുന്ന സ്ത്രീകള്‍ക്ക് വേറെ ജോലിയൊന്നും ഇല്ല. ഇത്തരത്തിലുള്ള പ്രതിഷേധ സമരങ്ങള്‍ നടത്താനുള്ള ഫണ്ട് എവിടെ നിന്നാണ് വരുന്നതെന്ന് പരിശോധിക്കണം. ഇന്ത്യയെ തകര്‍ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ളവരെ പരസ്യമായി വെടിവച്ചു കൊല്ലുകയും വേണം,’ എം.എല്‍.എ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ ഒരു മാസത്തിലേറെയായി നൂറുകണക്കിന് സ്ത്രീകള്‍ പുതിയ പൗരത്വ നിയമത്തിനെതിരെ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

നിയമവിരുദ്ധമായ നടപടിയാണ് ഇതെന്നാരോപിച്ച് 250 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടും വ്യാഴാഴ്ച അലിഗഡിലെ സ്ത്രീകള്‍ ഈദ്ഗയില്‍ അനിശ്ചിതകാല ധര്‍ണ നടത്തിയിരുന്നു.

പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയെ പാക്കിസ്ഥാന്‍ ഏജന്റ് എന്ന് വിളിച്ച് നേരത്തെ സംഗീത് സോം വിവാദം സൃഷ്ടിച്ചിരുന്നു. പൗരത്വ ഭേദഗതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസും ഉവൈസിയും പാക് ഏജന്റ് ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

”നമ്മുടെ രാജ്യത്തിന്റെ ക്ഷേമത്തിനായി ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസും ഒവൈസിയും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ അവരുടെ മനോഭാവത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകേണ്ടിവരും. കോണ്‍ഗ്രസും ഉവൈസിയും നമ്മുടെ രാജ്യത്തെ ഭക്ഷണം കഴിക്കുന്നു. ഇവിടുത്തെ വായു ശ്വസിക്കുന്നു. എന്നിട്ട് അവര്‍ പാക്കിസ്ഥാന് യോജിക്കുന്ന രീതിയിലുള്ള രാഷ്ട്രീയവും നയതന്ത്രവും സംസാരിക്കുന്നു”, എന്നായിരുന്നു സംഗീത് സോം പറഞ്ഞത്.

ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്ത ദല്‍ഹി പൊലീസ് നടപടിയില്‍ കേന്ദ്രത്തെ പിന്തുണച്ച് ശിവസേനയും വ്യാഴാഴ്ച രംഗത്തെത്തിയിരുന്നു.

ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ള കീടങ്ങളെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായോട് ശിവസേന സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഷാര്‍ജീല്‍ ഇമാം ‘ചിക്കന്‍സ് നെക്ക്’ പിടിച്ചെടുത്ത് ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിച്ചു. (ബംഗാളിലെ സിലിഗുരിയില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള 22 കിലോ മീറ്ററോളം നീളമുള്ള വഴിയെ ആണ് ചിക്കന്‍സ് നെക്ക് എന്ന് വിളിക്കുന്നത്. ആ വഴിയുടെ പ്രത്യേകത കൊണ്ടാണ് അങ്ങനെ ഒരു പേര് വന്നത്.) അദ്ദേഹത്തിന്റെ കൈകള്‍ അറുത്തെടുത്ത് ചിക്കന്‍സ് നെക്ക് ഹൈവേയില്‍ പ്രദര്‍ശിപ്പിക്കണം.

ആഭ്യന്തരമന്ത്രി അമിത് ഷാ എത്രയും പെട്ടെന്ന് ഷര്‍ജീലിനെപ്പോലുള്ള കീടങ്ങളെ അവസാനിപ്പിക്കണം. എന്നാല്‍ ഷര്‍ജീലിന്റെ പേരില്‍ നടത്തുന്ന രാഷ്ട്രീയത്തില്‍ നിന്ന് അമിത് ഷാ വിട്ടുനില്‍ക്കണം’- എന്നും എഡിറ്റോറിയലില്‍ ശിവസേന പറഞ്ഞിരുന്നു. .

”ഒരു ഷര്‍ജീല്‍ ഇമാമിനെ മാത്രമേ അറസ്റ്റുചെയ്തിട്ടുള്ളൂ, ഇനി ഇതുപോലുള്ള ഷര്‍ജീല്‍ ഇമാമുകള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം, അത് ഉറപ്പാക്കണം. അത് അവരുടെ ഉത്തരവാദിത്തമാണ്,” -സാമ്ന എഡിറ്റോറിയലില്‍ കുറിച്ചു.