https://www.doolnews.com/assets/2020/01/arnab-katju-399x227.jpg

'താനായിരുന്നുവെങ്കില്‍ അര്‍ണാബിനോട് ഇതിലും വലിയ ചോദ്യങ്ങള്‍ ചോദിച്ചേനെ'; വിലക്കാന്‍ ആര്‍ക്കാണ് ധൈര്യമെന്ന് കാണട്ടെയെന്ന് കട്ജു

by

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ വിമാനയാത്രക്കിടയില്‍ ചോദ്യം ചെയ്ത സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് പിന്തുണയുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മര്‍ക്കണ്ഡേയ കട്ജു. തന്റെ ഒപ്പമാണ് അര്‍ണാബ് യാത്ര ചെയ്തിരുന്നുവെങ്കില്‍ ഇതിലും വലിയ ചോദ്യങ്ങള്‍ നേരിടേണ്ടി വരുമായിരുന്നുവെന്നും തന്നെ വിലക്കാന്‍ ഏത് വിമാനക്കമ്പനിക്കാണ് ധൈര്യമെന്ന് കാണട്ടെയെന്നും കട്ജു പറഞ്ഞു.

കുനാല്‍ കമ്രയ്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് ശശിതരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു. അര്‍ണബും റിപ്പബ്ലിക്കിലെ തൊഴിലാളികളും അന്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നതു പോലെയുള്ള തരം മറുപടിയായിരുന്നു കുനാലിന്റേതെന്നുമായിരുന്നു ശശി തരൂര്‍ എം.പി പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുനാല്‍ കമ്രയെ വിലക്കുന്ന ഓരോ വിമാനവും അര്‍ണബ് എത്രത്തോളം അരക്ഷിതനായ ഭീരുവാണ് എന്നതാണ് വെളിവാക്കുന്നതെന്ന് ജെ.എന്‍.യു മുന്‍വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും ട്വീറ്റ് ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസമാണ് അര്‍ണബിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കമ്ര അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം.

അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ കമ്ര പറയുന്നുണ്ട്. തുടര്‍ച്ചയായി അര്‍ണാബിനെ ഭീരുവെന്ന് വിളിക്കുന്ന കമ്ര ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറഞ്ഞിരുന്നു.

അതേസമയം അര്‍ണബിനെ ബുദ്ധിമുട്ടിച്ചെന്നാരോപിച്ച് കുനാല്‍ കമ്രയ്ക്ക് വിമാനകമ്പനിയായ ഇന്‍ഡിഗോ യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആറു മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എയര്‍ലൈന്റെ വിശദീകരണം.

പിന്നാലെ മറ്റ് വിമാനക്കമ്പനികളും കുനാല്‍ കമ്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനക്കമ്പനികളാണ് ഇന്‍ഡിഗോയ്ക്ക് പിന്നാലെ കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.