കൊറോണ ഓൺലൈനിലേക്കും പടരുന്നു, ഉപയോക്താക്കൾ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്
by മനോരമ ലേഖകൻലോകമെമ്പാടും സംസാരിക്കുന്ന നിഗൂഢ കൊറോണ വൈറസിനെക്കുറിച്ചുള്ള ജനങ്ങളുടെ ജിജ്ഞാസ മുതലെടുക്കാൻ മാൽവെയറുകളും ഇറങ്ങി. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും സുരക്ഷാ ടിപ്സും നൽകാമെന്ന് വ്യാജേന സൈബർ കുറ്റവാളികൾ ആളുകളുടെ കംപ്യൂട്ടറുകളിൽ മാൽവെയർ ഫയലുകൾ വിന്യസിക്കാൻ തുടങ്ങി. ഇത് സംബന്ധിച്ച് സുരക്ഷാ ഗവേഷകർ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊറോണ വൈറസിനെക്കുറിച്ചുള്ള പിഡിഎഫ്, എംപി 4, ഡോക്സ് ഫയലുകൾ എന്നിവയുടെ മറവിൽ മറച്ചുവെച്ച അത്തരം വൈറസ് ഫയലുകൾ സൈബർ സുരക്ഷാ സ്ഥാപനമായ കാസ്പെർസ്‌കിയിലെ ഗവേഷകർ കണ്ടെത്തി. കൊറോണ വൈറസിൽ നിന്ന് എങ്ങനെ പരിരക്ഷിക്കപ്പെടാം എന്നതിനെക്കുറിച്ചുള്ള വിഡിയോ നിർദ്ദേശങ്ങൾ, ഭീഷണിയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ, വൈറസ് കണ്ടെത്തൽ നടപടിക്രമങ്ങൾ എന്നീ പേരുകളിലാണ് ഫയലുകൾ പ്രചരിക്കുന്നത്. ഇത് ഓൺലൈൻ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ഇത്തരം മാൽവെയറുകൾ ഡേറ്റ നശിപ്പിക്കാനും നെറ്റ്‌വർക്ക് തടയാനും പരിഷ്കരിക്കാനും പകർത്താനും കഴിവുള്ളവയാണ്. അതുപോലെ തന്നെ കംപ്യൂട്ടറുകളുടെയോ നെറ്റ്‌വർക്കുകളുടെയോ പ്രവർത്തനത്തിൽ ഇടപെടാനും കഴിയും. ഒരു പ്രധാന വാർത്തയായി പരക്കെ ചർച്ച ചെയ്യപ്പെടുന്ന കൊറോണ വൈറസ് ഇതിനകം തന്നെ സൈബർ കുറ്റവാളികൾ ഉപയോഗിച്ചിട്ടുണ്ട്. ഇതുവരെ ഞങ്ങൾ പത്തോളം വ്യാജ മാൽവെയർ ഫയലുകൾ കണ്ടെത്തിയെന്നും കാസ്‌പെർസ്‌കി മാൽവെയർ അനലിസ്റ്റ് ആന്റൺ ഇവാനോവ് പ്രസ്താവനയിൽ പറഞ്ഞു.