വുഹാനിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്ക് ഡൽഹിയിൽ പ്രത്യേക കേന്ദ്രം ഒരുക്കി സൈന്യം
by മനോരമ ലേഖകൻന്യൂഡൽഹി∙ ചൈനയിലെ വുഹാൻ നഗരത്തിൽനിന്നു മടങ്ങിയെത്തുന്ന വിദ്യാർഥികളെ താമസിപ്പിക്കാനായി പ്രത്യേക കേന്ദ്രം ഒരുങ്ങി. ഡൽഹിക്കു സമീപം മനേസറിലാണ് 300 വിദ്യാർഥികളെ താമസിപ്പിക്കാൻ കഴിയുംവിധം എല്ലാ സജ്ജീകരണങ്ങളോടും കൂടിയ താമസസ്ഥലം ഇന്ത്യൻ സൈന്യം ഒരുക്കിയിരിക്കുന്നത്.
വിദ്യാർഥികളെ രണ്ടാഴ്ചത്തോളം ഇവിടെ താമസിപ്പിച്ച് ഒരു സംഘം ഡോക്ടർമാർ വൈറസ് ബാധയുണ്ടോയെന്നു നിരീക്ഷിക്കും. ഇവര്‍ വന്നിറങ്ങുന്ന വിമാനത്താവളത്തിൽ ആദ്യ പരിശോധന നടത്തും. വിമാനത്താവളത്തിലെ ആരോഗ്യ അധികൃതരുടെയും സൈനിക ഡോക്ടർമാരുടെയും നേതൃത്വത്തിലാകും പരിശോധന. രോഗലക്ഷണങ്ങളുള്ളവരെ ഡൽഹി കൺടോൺമെന്റിലെ ബേസ് ആശുപത്രയിലേക്കു മാറ്റും. മറ്റുള്ളവരെ നേരിട്ട് മനേസറിലേക്കു കൊണ്ടുവരും.
വിദ്യാർഥികളെ മൂന്നു സംഘങ്ങളാക്കി തിരിച്ചാകും വിമാനത്താവളത്തിൽ പരിശോധന നടത്തുക. ആദ്യം കൊറോണയുടെ ലക്ഷണങ്ങളായ പനി, ചുമ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ ഉള്ളവരെ പരിശോധിക്കും. ഇവരെ നേരിട്ട് ബേസ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. രോഗലക്ഷണങ്ങൾ കാണിച്ചില്ലെങ്കിലും വുഹാനിലെ മത്സ്യ–മൃഗ മാർക്കറ്റുകൾ സന്ദർശിച്ചവരെയും കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ വുഹാനിൽ രോഗലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരെയുമാണു രണ്ടാമത്തെ സംഘത്തിൽ ഉൾപ്പെടുത്തുന്നത്. മൂന്നാമത്തെ സംഘത്തിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തവരും രോഗലക്ഷണം ഉള്ളവരുമായ ഇടപഴകാത്തവരും ഉൾപ്പെടുന്നു. ഈ രണ്ടു സംഘത്തിലുള്ളവരെയും മനേസറിലേക്കു കൊണ്ടുപോകും.
കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍നിന്നു വുഹാനിലേക്കു ഉച്ചയോടെ പുറപ്പെട്ടിരുന്നു. ചൈനയിൽനിന്ന് മടങ്ങുന്ന ആദ്യ സംഘം പുലര്‍ച്ചെ രണ്ടോടെ ഡല്‍ഹിയിലെത്തുമെന്നാണു വിവരം. ഡൽഹിയിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ 374 പേരാണ് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുക.
English Summary : Coronavirus Quarantine Near Delhi For Students Returning From China