https://janamtv.com/wp-content/uploads/2020/01/bjp-delhi-1.jpg

അഴിമതി രഹിതവും സുതാര്യവുമായ ഭരണം നല്‍കും; യുവാക്കള്‍ക്ക് തൊഴിലവസരം, സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതികള്‍; ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി

by

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി, ബിജെപി ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരി തുടങ്ങിയ പ്രമുഖരാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഡല്‍ഹിയിലെ വായുമലിനീകരണവും ജലമലിനീകരണവും കുറയ്ക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

ഡല്‍ഹിയില്‍ അഴിമതിരഹിതവും സുതാര്യവുമായ ഭരണം നല്‍കുമെന്നും ബിജെപി പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് ഗോതമ്പ് മാവ് നല്‍കുമെന്നും പാട്ടത്തിനെടുത്തവയുടെ കരമൊഴിവ് വ്യാപാരികള്‍ക്ക് നല്‍കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാര്‍ നിയമവിധേയമാക്കിയ അനധികൃത കോളനികളുടെ വികസനത്തിനായി കോളനി ഡെവലപ്‌മെന്റ് ബോര്‍ഡ് സൃഷ്ടിക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിധവകളുടെ പെണ്‍മക്കള്‍ക്ക് വിവാഹ സഹായം, യുവാക്കള്‍ക്ക് തൊഴിലവസരം, സ്ത്രീ സുരക്ഷയ്ക്കായി പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനത്തിന് 10,000 കോടി എന്നിവയും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ്.

വായുമലിനീകരണവും ജലമലിനീകരണവും കുറയ്ക്കുക എന്നതിനാണ് ബിജെപി മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കി. നമാമി ഗംഗ പരിപാടിയുമായി ബന്ധപ്പെട്ട് 6,000 കോടി രൂപയുടെ 13 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്നും ഗഡ്ക്കരി വ്യക്തമാക്കി.

ഡല്‍ഹിയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കുമെന്നും ടാങ്കറുകളെ ആശ്രയിക്കുന്നതിന് പകരം ടാപ്പുകളില്‍ ശുദ്ധജലമെത്തിക്കുമെന്നും മനോജ് തിവാരി പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ യോജന, പ്രധാനമന്ത്രി ആവാസ് യോജന, കിസാന്‍ സമ്മാന്‍ യോജന എന്നീ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.