മനീഷ് പാണ്ഡേയുടെ അര്‍ധ സെഞ്ചുറി തുണച്ചു: ഇന്ത്യയ്‌ക്കെതിരെ കിവീസിന് 166 റണ്‍സ് വിജയലക്ഷ്യം

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369078/india-score.jpg

വെല്ലിങ്ടണ്‍:ഇന്ത്യയ്‌ക്കെതിരായ നാലാം ട്വന്റി20 മത്സരത്തില്‍ ന്യൂസിലന്‍ഡിന് 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മാറ്റങ്ങളോടെ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായി. മനീഷ് പാണ്ഡേയുടെ അര്‍ധസെഞ്ചുറി( പുറത്താകാതെ 36 പന്തില്‍ മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 50 റണ്‍സ്)യാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. രോഹിത് ശര്‍മ്മയ്ക്കു പകരം സഞ്ജു സാംസണ്‍ ഓപ്പണ്‍ ഇറങ്ങിയെങ്കിലും എട്ടു റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നാല് ഓവറില്‍ വിക്കറ്റ് നഷ്ടമാകാതെ 19 റണ്‍സെന്ന നിലയിലാണ്. മാര്‍ട്ടിന്‍ ഗപ്റ്റില്‍(അഞ്ച് പന്തില്‍ രണ്ട് റണ്‍സ്), കോളിന്‍ മണ്‍റോ( 17 പന്തില്‍ 15 റണ്‍സ്) എന്നിവരാണ് ക്രീസില്‍.

ടോസ് നേടിയ കിവീസ് നായകന്‍ ടിം സൗത്തി ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. കെഎല്‍ രാഹുല്‍ (26 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ്) ഓപ്പണറായി ഇറങ്ങി ഒരു വശം കാത്തെങ്കിലും സഞ്ജുവിനു പുറമെ നായകന്‍ വിരാട് കോഹ്‌ലിയും(ഒന്‍പത് പന്തില്‍ 11 റണ്‍സ്) മടങ്ങുകയായിരുന്നു. തൊട്ടു പിന്നാലെ ഒരു റണ്‍സ് മാത്രം എടുത്ത് ശ്രേയസ് അയ്യറും മടങ്ങി. ശിവം ദുബെ( ഒന്‍പത് പന്തില്‍ 12), വാഷിങ്ടണ്‍ സുന്ദര്‍( പൂജ്യം), ശ്രദ്ധൂ;ല്‍ താക്കൂര്‍( 15 പന്തില്‍ 20 റണ്‍സ്), യൂസ്‌വേന്ദ്ര ചഹല്‍(ഒരു റണ്‍സ്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മനീഷ് പാണ്ഡേയ്ക്കു പുറമെ നവ്ദീപ് സെയ്‌നി(ഒന്‍പത് പന്തില്‍ 11 റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനായി ഇഷ് സോധി മൂന്ന് വിക്കറ്റും ഹാമിഷ് ബെന്നറ്റ് രണ്ട് വിക്കറ്റും മിച്ചല്‍ സാന്റ്‌നര്‍ സ്‌കോട്ട് കഗ്‌ഗെലെജിന്‍,ടിം സൗത്തി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രോഹിത് ശര്‍മ്മ, മൊഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും ഇന്ന് കളിക്കുന്നില്ല. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 3-0 ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.