വലയില്‍ കുടുങ്ങിയത് വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവ്; കടലിലേക്ക് തിരിച്ചയച്ച് കോഴിക്കോട്ടെ മത്സ്യത്തൊഴിലാളികള്‍; അഭിനന്ദന പ്രവാഹം

പരിസ്ഥിതി സംരക്ഷകരുടെ 'ഇന്‍സീസണ്‍ ഫിഷ്' എന്ന ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ വന്നത്.

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/01/369072/whale_shark.jpg

വലയില്‍ കുടുങ്ങിയ വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവിനെ സുരക്ഷിതമായി കടലിലേക്ക് തിരിച്ചയച്ച് ഒരുപറ്റം മലയാളികള്‍. കോഴിക്കോട് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് തമിംഗലത്തെ കടലിലേക്ക് വിട്ടത്. രണ്ടു ദിവസമായി ട്വിറ്ററില്‍ പ്രചരിക്കുന്ന ഈ വീഡിയോ ദൃശ്യം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. മത്സ്യത്തൊഴിലാളികള്‍ക്ക് അഭിനന്ദന പ്രവാഹനവും എത്തി.

പരിസ്ഥിതി സംരക്ഷകരുടെ 'ഇന്‍സീസണ്‍ ഫിഷ്' എന്ന ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ വന്നത്. വലയില്‍ കുടുങ്ങി ബോട്ടില്‍ എത്തിയ വമ്പന്‍ തിമിംഗല സ്രാവിനെ കയറും കപ്പിയും കൊണ്ട് കടലിലേക്ക് കെട്ടിയിറക്കുകയാണ് തൊഴിലാളികള്‍. ഏഴു പേരടങ്ങുന്ന സംഘമാണ് ഇതിനായി പ്രയത്‌നിക്കുന്നത്.

ട്വിറ്ററില്‍ ഈ വീഡിയോ കാണുന്നവരെല്ലാം മത്സ്യതൊഴിലാളികളെ അഭിനന്ദിക്കുകയാണ്. ഇന്ത്യയിലെ വൈല്‍ഡ് ലൈഫ് ആക്ട് 2001 പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജീവിയാണ് തിമിംഗല സ്രാവ്. ദേഹത്തു നിറയെ വെളുത്ത പുള്ളികളുള്ള ഇവ കടലിലെ ഏറ്റവും വലിയ മത്സ്യമാണ്. 40 അടി വരെ നീളം വയ്ക്കും. രാജ്യാന്തര യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഇവ.