ഫേസ്‌ബുക്കിലൂടെ ലഭിച്ച പരാതി മണിക്കൂറുകൾക്കുള്ളിൽ പരിഹരിച്ച് KSEB

by
https://i1.wp.com/www.techtraveleat.com/wp-content/uploads/2020/01/kseb1.jpg?resize=960%2C515

പണ്ടൊക്കെ KSEB യിൽ എന്തെങ്കിലും പരാതി പറയുകയാണെങ്കിൽ പുല്ലുവിലയായിരിക്കും അവിടെ നിന്നും ലഭിക്കുക എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ നമ്മുടെ സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ മാറ്റങ്ങൾ കൈവരിച്ച് ജനങ്ങളുടെ കൈയടി നേടുന്നത് ഇതേ KSEB തന്നെയാണ്. എന്തിനേറെ പറയുന്നു, ഫേസ്‌ബുക്ക് പേജിൽ ഒരു മെസ്സേജോ കമന്റോ ഇട്ടാൽ പോലും അവർ അതെല്ലാം പരിഹരിക്കുന്നുണ്ട്.

കെ.എസ്.ഇ.ബി. ഫേസ്‌ബുക്ക് പേജ് ഉപയോഗപ്പെടുത്തി പ്രശ്ന പരിഹാരം കണ്ടെത്തിയ നെടുമ്പാശ്ശേരി സ്വദേശി എൽദോസിന്റെ വാക്കുകൾ ഇങ്ങനെ – “കുറച്ചുനാളായി എന്റെ വീട്ടിലെ വൈദ്യുതി മാത്രം ഇടക്ക് മുടങ്ങുന്നുണ്ടായിരുന്നു. ചുറ്റുമുള്ള വീടുകളിൽ ഈ പ്രശ്നം ഉണ്ടായിരുന്നില്ല. വീടിനടുത്തുള്ള പോസ്റ്റിലെ ഫ്യൂസ് പോകുന്നതാണ് കാരണം. അമ്മയുടെ വക സദാസമയവും നെറ്റിലും വാട്സപ്പിലും മൊബൈലിലും നോക്കിയിരിക്കാൻ അവനു നേരം ഉണ്ട്, വീട്ടിലെ കാര്യത്തിന് നേരം ഇല്ല. അപ്പോഴാണ് അമ്മ പറഞ്ഞതിനെപ്പറ്റി ഞാനും ഓർത്തത്‌. നേരെ facebook എടുത്തു KSEB ഫേസ്‌ബുക്ക് പേജ് കണ്ടുപിടിച്ചു വിശദമായ ഒരു മെസ്സേജ് അയച്ചു, ഫോട്ടോയും കൊടുത്തു.

സത്യം പറയാലോ ഒരു പ്രതീക്ഷയും ഉണ്ടായില്ല. 10.30 ന് മെസ്സേജ് അയച്ചു. 10.35 ന് മറുപടി കിട്ടി, ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്ന്. 11.50 ന് ജീവനക്കാർ എത്തി. 11.55 ന് എല്ലാം നേരെയാക്കി ലൈനും മാറ്റി നൽകി. എന്തെങ്കിലും ഉണ്ടെങ്കിൽ പറയണേ എന്ന് ഇങ്ങോട്ടു പറയുകയും ചെയ്തു. ഇതുപോലുള്ള കാര്യങ്ങൾ നിങ്ങൾക്കും KSEB page ൽ അറിയിക്കാം… അവരെ കൊണ്ട് പറ്റുന്നതാണെങ്കിൽ അവർ തീർച്ചയായും പരിഹരിക്കും. എന്തോ ഇതൊക്കെ കാണുമ്പോൾ അഭിമാനം തോന്നുന്നു. മനസ്സറിഞ്ഞു ഒരു BIG SALUTE and LOVE. ഈ പോസ്റ്റ്‌ കൊണ്ട് ആരെയും തരം താഴ്ത്തി കണ്ടിട്ടില്ല.”

കെ.എസ്.ഇ.ബി. ഫേസ്‌ബുക് പേജ് ഉപയോഗപ്പെടുത്തി വൈദ്യുത പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയ ശ്രീ. എൽദോസിന്റെ നന്മ നിറഞ്ഞ വാക്കുകൾ തങ്ങൾക്ക് ഊർജ്ജമേകുന്നു എന്നാണു കെഎസ്ഇബി പേജിൽ ഇതിനു മറുപടിയായി വന്ന കുറിപ്പിൽ പറയുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ പ്രയത്നിച്ച KSEB ചെങ്ങമനാട് സെക്ഷൻ ഓഫീസ് ജീവനക്കാർ അഭിനന്ദനം അർഹിക്കുന്നു.

നിങ്ങൾക്കും വൈദ്യുതി സംബന്ധമായ പരാതികളും, നിർദ്ദേശങ്ങളുമൊക്കെ KSEB ഫേസ്ബുക്ക് പേജ് വഴി അറിയിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് KSEB-യുടെ ഒഫീഷ്യൽ Facebook പേജ് ആയ https://www.facebook.com/ksebl/ അല്ലെങ്കിൽ ഒഫീഷ്യൽ വെബ്സൈറ്റ് www.kseb.in എന്നിവ സന്ദർശിക്കുക.