വിദേശ കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ വില്‍ക്കരുത്; കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശവുമായി ആര്‍എസ്എസ്
by Ruhasina J Rന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ആര്‍ക്ക് വില്‍ക്കണമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശവുമായി ആര്‍എസ്എസ്. ഇന്ത്യന്‍ കമ്പനിക്ക് മാത്രമേ എയര്‍ ഇന്ത്യ വില്‍ക്കാവൂ എന്ന് ആര്‍എസ്എസ് നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്‍റ് ആണ് ആര്‍എസ്എസ് നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയുടെ ഉടമസ്ഥതയിലുള്ള ഇത്തിഹാദ് എയര്‍വേസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഏറ്റെടുത്തേക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച വാര്‍ത്ത പുറത്തുവന്നതോടെയാണ് ആര്‍എസ്എസ് രംഗത്തെത്തിയത്. വിദേശ കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ വില്‍ക്കരുതെന്നാണ് ആര്‍എസ്എസ് നിലപാട്. ആര്‍എസ്എസ് വില്‍ക്കരുതെന്നാണ് അവരുടെ നിലപാടെന്ന് നേതാക്കള്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിനെതിരെ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്തെത്തിയിരുന്നു. സ്വദേശ് ജാഗ്രണ്‍ മഞ്ചും കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തി. എയര്‍ ഇന്ത്യ വില്‍പനക്കെതിരെ വേണമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. എയര്‍ ഇന്ത്യ വില്‍പന രാജ്യവിരുദ്ധമാണെന്നും രാജ്യത്തിന്‍റെ സ്വത്ത് വില്‍ക്കാനാകില്ലെന്നും സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, എതിര്‍പ്പുകളെ അവഗണിച്ച് എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. 27ന് വില്‍പന നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8550 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. എയര്‍ ഇന്ത്യ കനത്ത നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സ്വകാര്യ നിക്ഷേപകര്‍ക്ക് എയര്‍ ഇന്ത്യയെ രക്ഷിവാന്‍ കഴിയുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞിരുന്നു.