ഭീമന്‍ മുതലയുടെ കഴുത്തില്‍ കുടുങ്ങിയ ടയര്‍ നീക്കുന്നവര്‍ക്ക് വന്‍ പ്രതിഫലം വാഗ്ദാനം

https://www.mathrubhumi.com/polopoly_fs/1.4489962.1580464964!/image/image.jpg_gen/derivatives/landscape_894_577/image.jpg
ഫോട്ടോ കടപ്പാട്: എഎഫ്പി

ബൈക്കിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന ഭീമന്‍ മുതലയെ കുടുക്കില്‍ നിന്ന്‌ മോചിപ്പിക്കുന്നവര്‍ക്ക് വന്‍പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്തോനേഷ്യന്‍ അധികൃതര്‍. പക്ഷെ 13 അടിയോളം നീളമുള്ള( 4 മീറ്റര്‍) ഭീമന്‍ മുതലയെ സഹായിക്കാന്‍ ആരെങ്കിലും തയ്യാറാവുമോ എന്ന കാര്യം സംശയമാണ്. മുതലയെ സഹായിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രതിഫലത്തുക പുറത്തു വിട്ടിട്ടില്ലെങ്കിലും ദുരിതമനുഭവിക്കുന്ന മുതലയുടെ സഹായത്തിനായി ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 

മുതലയുടെ കഴുത്തില്‍ കുടുങ്ങിയ ടയര്‍ നീക്കം ചെയ്യാന്‍ നടത്തിയ നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ പുതിയ നീക്കത്തിനൊരുങ്ങിയത്. അടുത്തിടെ പ്രചരിച്ച വീഡിയോയില്‍ മുതലയ്ക്ക്  ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതായി കാണപ്പെടുന്നു. കഴുത്തില്‍ കുടുങ്ങിയ ടയര്‍ മുതലയെ പതിയെപ്പതിയെ മരണത്തിലേക്ക് നയിക്കുകയാണെന്നാണ് അധികൃതരുടെ സംശയം. 

എന്നാല്‍ പ്രതിഫലം ലഭിക്കുമെന്നോര്‍ത്ത് ആരും അപകടത്തിലേക്ക് എടുത്തു ചാടരുതെന്നും മുതതലയെ അനാവശ്യമായി ശല്യപ്പെടുത്തരുതെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്. വന്യജീവികളെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്നതില്‍ മുന്‍പരിചയമുള്ളവര്‍ മാത്രം മുതലയുടെ സഹായത്തിനെത്തിയാല്‍ മതിയെന്നാണ് അധികൃതരുടെ അഭിപ്രായം. മധ്യസുലവേസി  പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിലാണ് സാധു മുതലയുടെ വാസം. 

 

Content Highlights: Indonesia Offers Reward For Plucking Tyre Off Giant Crocodile's Neck