https://www.doolnews.com/assets/2020/01/love-jihad-399x227.jpg

ലൗ ജിഹാദ്: സുപ്രീം കോടതി വിധിയും സഭയുടെ വക്കാലത്തും

by

ഈ വര്‍ഷം ജനുവരി 15-നാണ് സീറോ മലബാര്‍ സഭ, കൊച്ചിയില്‍ നടന്ന സിനഡ് യോഗത്തിനു ശേഷം ആ സര്‍ക്കുലര്‍ പുറത്തിറക്കിയത്. അതിലെ അഞ്ചാം പോയിന്റ് ശ്രദ്ധിക്കുക. തലക്കെട്ട് ഇങ്ങനെയാണ്- ‘ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍’. ഇനി ഉള്ളടക്കത്തിലേക്കു വരാം. അതില്‍ രണ്ടാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു-

”മത സൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ദുരുദ്ദേശപരമായ മതാന്തര പ്രണയങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നു എന്നതു വസ്തുതയാണ്. കേരളത്തില്‍ നിന്ന് ഐ.എസ് ഭീകരസംഘടനയിലേക്കു പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെട്ടു എന്നതു നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ഇത്തരം പ്രണയ ബന്ധങ്ങളെ ആരും മനസ്സിലാക്കരുത്. ഈ വിഷയത്തെ മതപരമായി മനസ്സിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമായോ ഭീകരവാദ പ്രശ്‌നമായോ മനസ്സിലാക്കി നിയമപാലകര്‍ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെടുന്നു.

https://www.doolnews.com/assets/2020/01/zero-malabar-sabha.jpg

ഈ വിഷയത്തിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ഒരുപോലെ ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നും സിനഡ് തീരുമാനിച്ചു.”

സീറോ മലബാര്‍ സഭയുടെ ഈ ആശങ്കയെ ഒറ്റവാക്കില്‍ ഇങ്ങനെ പറയാം- ‘ലൗ ജിഹാദ്’. പേരെടുത്തു പറയാതെ സീറോ മലബാര്‍ സഭ ആശങ്ക അറിയിച്ചത് ഇക്കാര്യത്തിലാണ്. കേവലമൊരു സര്‍ക്കുലര്‍ കൊണ്ടു കാര്യങ്ങള്‍ അവസാനിച്ചുമില്ല.

സഭയുടെ അടുത്ത നീക്കം സാധാരണ ജനങ്ങളിലേക്ക് ഈ വിഷയത്തെ എത്തിക്കുകയായിരുന്നു. അതിനായി അവര്‍ ജനുവരി 19-നു പള്ളികളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചു. അതേസമയം, എറണാകുളം, അങ്കമാലി അതിരൂപതകളിലെ ഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിച്ചില്ല.

രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍തോതില്‍ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോഴാണു മലയാളികളുടെ ശ്രദ്ധയെ ലൗ ജിഹാദിലേക്ക് സീറോ മലബാര്‍ സഭ ക്ഷണിച്ചത്. ഇതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍പ്പും പിന്തുണകളും സമ്മിശ്രമായി വന്നു.

https://www.doolnews.com/assets/2020/01/kcbc.jpg

ഇതിനിടയ്ക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഈ വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയോടു വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണു നിര്‍ദേശം. എന്നാല്‍ സഭയുടെ ആരോപണത്തെ തള്ളി ഡി.ജി.പി രംഗത്തെത്തുകയായിരുന്നു.

കേരളത്തില്‍ രണ്ട് കൊല്ലത്തിനിടെ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എതിര്‍പ്പും പിന്തുണകളും ഇവിടെ അവസാനിച്ചില്ല. അതു തുടര്‍ന്നു.

എതിര്‍ത്ത് ഡി.വൈ.എഫ്.ഐ, അനുകൂലിച്ച് കുര്യന്‍ ജോസഫ്

സഭയുടെ ആരോപണത്തെ എതിര്‍ത്തു രംഗത്തു വന്ന ഏക സംഘടന ഡി.വൈ.എഫ്.ഐയായിരുന്നു. ലൗ ജിഹാദ് ഉണ്ടെന്ന് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണു പറയുന്നത് എന്നായിരുന്നു സംഘടനയുടെ സംസ്ഥാന സെക്രട്ടറി എ.എ റഹീം ചോദിച്ചത്. ഈ ആരോപണം ആര്‍.എസ്.എസിനെ സഹായിക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

”കേരളത്തിന്റെ പൊലീസ് മേധാവി ഈ ആരോപണം തള്ളിക്കളഞ്ഞതാണ്. എന്തു സാഹചര്യത്തിലാണ് ലൗ ജിഹാദ് ആരോപണം ആവര്‍ത്തിക്കുന്നത്? ലൗ ജിഹാദ് ആര്‍.എസ്.എസിന്റെ പ്രഖ്യാപിത അജണ്ടയാണ്. മുസ്ലീങ്ങളെ പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒഴിവാക്കേണ്ടത് അവരുടെ അജണ്ടയുടെ ഭാഗമാണ്. ഇപ്പോള്‍ മുസ്ലീങ്ങളെയാണ് ആര്‍.എസ്.എസ് ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍ നാളെ അത് ക്രിസ്ത്യാനികളെ ആയിരിക്കും. ന്യൂനപക്ഷങ്ങളെ കൂടുതല്‍ വേട്ടയാടാന്‍ ഇത്തരം ഇടയലേഖനങ്ങള്‍ കാരണമാകുമെന്ന് സഭാ നേതൃത്വം മറക്കരുത്. ഉത്തരേന്ത്യയില്‍ ചുട്ടെരിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങള്‍ എത്ര പെട്ടെന്നാണു നേതൃത്വം മറക്കുന്നത്,” റഹീം ഡൂള്‍ന്യൂസിനോടു പറഞ്ഞു.

സമാനമായതും അതേസമയം കുറച്ചുകൂടി വ്യക്തത നിറഞ്ഞതുമായ വിയോജിപ്പുമായിരുന്നു ഫാദര്‍ പോള്‍ തേലക്കാട് പ്രകടിപ്പിച്ചത്.

https://www.doolnews.com/assets/2020/01/paulthelakkat.jpg

”ആരോപണം സംഘപരിവാര്‍ വാദം ഏറ്റെടുത്തെന്ന വ്യാഖ്യാനത്തിന് ഇട നല്‍കുന്നതാണ്. വിഷയത്തില്‍ സഭ ജാഗ്രത പാലിച്ചോ എന്നതില്‍ ആശങ്കയുണ്ട്. സംസ്ഥാനത്ത് ലൗ ജിഹാദ് നടത്തുന്ന സ്ഥാപനമോ സംഘടനയോ വ്യവസ്ഥിതിയോ ഇല്ലെന്ന് ഡി.ജി.പിയായിരുന്ന ജേക്കബ് പുന്നൂസ് വ്യക്തമാക്കിയിട്ടുണ്ട്.

ഹിന്ദുത്വത്തിന്റെ പേരിലുള്ള ആര്‍.എസ്.എസ് മൗലികവാദത്തോടു പൊരുത്തപ്പെടാനാകില്ല. പൗരത്വ നിയമത്തെ തുടര്‍ന്ന് മുസ്‌ലിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവരുടെ കൂടെ നില്‍ക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്. ഇന്നു ഞാന്‍, നാളെ നീ എന്നാണ്. നാളെ ഇത് എല്ലാവരെയും ബാധിക്കാം. സഭയ്ക്ക് എന്തെങ്കിലും ആശങ്കയോ അരക്ഷിതബോധമോ ഉണ്ടെങ്കില്‍ ഇന്‍ക്ലൂസീവ് ഭാഷയായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്.

ലൗ ജിഹാദ് ആരോപണത്തില്‍ കേരളാ ഹൈക്കോടതിയും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഹാദിയ കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) അത്തരമൊരു ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയത്. ആ കേസില്‍ സുപ്രീം കോടതിയും അതു ശരിവെച്ചിട്ടുണ്ട്. കൂടാതെ കര്‍ണാടകത്തിലും, ഉത്തര്‍പ്രദേശ് പോലുള്ള ഒരു സംസ്ഥാനത്തുപോലും അങ്ങനെയില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

നൂറ്റാണ്ടുകളായി ക്രൈസ്തവരും ഹിന്ദുക്കളും മുസ്‌ലിങ്ങളും പാരസ്പര്യത്തോടെ കഴിയുകയാണ്. അങ്ങനെയുള്ള സമൂഹത്തിന്റെ ബഹുസ്വരതയെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന തരത്തില്‍ തന്നെയായിരുന്നോ സഭയുടെ ലൗ ജിഹാദ് ആരോപണമെന്നു സംശയമുണ്ട്. സഭയുടേത് ബ്യൂറോക്രാറ്റിക് തീരുമാനം പോലെയായോയെന്ന് ശങ്കിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വ അജണ്ടയുടെ ഉത്പന്നമായ ലൗ ജിഹാദിനെ ക്രൈസ്തവ സഭകളും പിന്തുടരുന്നതു ദുഃഖകരമാണെന്നായിരുന്നു പ്രമുഖ ഇടതുപക്ഷ ചിന്തകനും അധ്യാപകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം പ്രതികരിച്ചത്. ക്രൈസ്തവ സഭകള്‍ പിന്തുടരേണ്ട ഒരുപാട് വിഷയങ്ങള്‍ വേറെയുണ്ടെന്നിരിക്കെ ഹിന്ദു അജണ്ടയ്ക്കു കീഴടങ്ങണോയെന്ന് ആലോചിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

https://www.doolnews.com/assets/2020/01/pt-thomas.jpg

തന്റെ പാര്‍ട്ടി ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയില്ലെങ്കിലും ലൗ ജിഹാദ് ആരോപണത്തെ തള്ളിക്കളഞ്ഞാണ് കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസ് രംഗത്തെത്തിയത്. ”കാര്യങ്ങള്‍ ഗൗരവമായി പഠിക്കാതെയുള്ള പ്രതികരണമായിരുന്നു സീറോ മലബാര്‍ സഭയുടേത് എന്നാണ് എനിക്കു തോന്നിയത്. അങ്ങനെയൊരു പരാമര്‍ശം നടത്തിയതു ശരിയായില്ല. സംസ്ഥാനത്തു വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരുടെ പരസ്പരമുള്ള വിവാഹം നിരവധിയായി നടക്കുന്നുണ്ട്. ജാതിയും മതവും നോക്കിയുള്ള വിവാഹത്തേക്കാള്‍ കൂടുതലായിരിക്കും ഇനിയുള്ള കാലം മതേതര വിവാഹങ്ങള്‍. അതു പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായക്കാരനാണു ഞാന്‍. അങ്ങനെ കല്യാണം കഴിച്ചയാളാണു ഞാന്‍”, പി.ടി തോമസ് പറഞ്ഞു.

സീറോ മലബാര്‍ സഭയുടെ മുഖപത്രമായ സത്യദീപത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍പ്പോലും സിനഡ് സര്‍ക്കുലറിനെ തള്ളിപ്പറയുന്നുണ്ട്. എറണാകുളം അതിരൂപത വൈദിക സമിതി മുന്‍ സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്റേതാണു ലേഖനം.

”സര്‍ക്കുലര്‍ അനവസരത്തിലുള്ളതാണ്. ലൗ ജിഹാദിനു തെളിവില്ലെന്നു സര്‍ക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം നിന്നു കത്തുമ്പോള്‍ ഒരു മതത്തെ ചെറുതാക്കുന്ന നിലപാട് എടുക്കരുതായിരുന്നു,” ലേഖനത്തില്‍ പറയുന്നു.

എന്നാല്‍ വിയോജിപ്പ് രേഖപ്പെടുത്തിയവരെപ്പോലെ തന്നെ ഒരുവശത്ത് സീറോ മലബാര്‍ സഭയെ പിന്തുണയ്ക്കുന്നവരും ഉണ്ടായി. അതില്‍ ഭൂരിഭാഗവും ആര്‍.എസ്.എസും ബി.ജെ.പിയും വിശ്വ ഹിന്ദു പരിഷത്തും പോലുള്ള സംഘടനകളായിരുന്നുവെങ്കില്‍, മറ്റൊരാള്‍ സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫാണ്. പള്ളികളില്‍ വായിച്ച ഇടയ ലേഖനം വിശ്വാസികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

”ലൗ ജിഹാദിനെ കുറിച്ചു പള്ളികളില്‍ വായിച്ച ഇടയ ലേഖനം ഒരു മുന്നറിയിപ്പാണ്. സഭയുടെ ഓര്‍മപ്പെടുത്തലായി ഇതിനെ കാണണം. ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടില്‍ സഭയുടെ പരാമര്‍ശം വിശ്വാസികള്‍ക്ക് ഗുണം ചെയ്യും,” അദ്ദേഹം പറഞ്ഞു.

ഇതാണു നിലവിലെ സ്ഥിതിവിശേഷം. ലൗ ജിഹാദിന്റെ കടന്നുവരവും അതിന്റെ ഗൂഢാലോചനാ സിദ്ധാന്തവും കൃത്യമായി മനസ്സിലാകണമെങ്കില്‍ കുറച്ചുവര്‍ഷം പിന്നോട്ടുപോകണം.

ലൗ ജിഹാദ് കടന്നുവരുന്നത്

കേരളത്തിലും കര്‍ണാടകത്തിലും അമുസ്‌ലിം യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങളെത്തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദമാണ് ലൗ ജിഹാദ്. മലയാളത്തിലെ ഒരു ദിനപത്രത്തിലാണ് ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മുസ്‌ലിം പുരുഷനും അമുസ്‌ലിം സ്ത്രീയും തമ്മിലുള്ള, മതപരിവര്‍ത്തനത്തിനു വേണ്ടി എന്നാരോപിക്കപ്പെടുന്ന, വിവാദപരമായ പ്രണയബന്ധങ്ങളെ സൂചിപ്പിക്കാനാണ് കേരളത്തിലെ മാധ്യമങ്ങള്‍ ‘ലൗ ജിഹാദ്’ എന്ന പദം ഉപയോഗിക്കുന്നത്.

മറ്റ് ആരോപണങ്ങളെപ്പോലെയല്ല ലൗ ജിഹാദ്. കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയില്‍ വലിയ തോതില്‍ വിളവ് കൊയ്യാം എന്ന പ്രതീക്ഷയോടെയും ആ ലക്ഷ്യത്തോടെയും സംഘപരിവാര്‍ നടത്തിയ പരീക്ഷണമാണിത്.

ഈ പരീക്ഷണം സജീവമായി തുടരാന്‍ അവരെ പ്രേരിപ്പിച്ചതും പ്രചോദനമായതും 2009-ല്‍ നടന്ന ഒരു സംഭവമാണ്. അതായത്, സീറോ മലബാര്‍ സഭയുടെ ആരോപണം വരുന്നതിനും 11 വര്‍ഷം മുന്‍പ്.

https://www.doolnews.com/assets/2020/01/marriage.jpg

അക്കാലത്താണ് ഒരു ഹിന്ദുത്വസംഘടനയുടെ ഓണ്‍ലൈന്‍ പേജില്‍ കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന വാര്‍ത്ത ആദ്യമായി വരുന്നത്. പെണ്‍കുട്ടികളെ മതം മാറ്റാനായി പ്രത്യേകം പരിശീലനം ലഭിച്ച യുവാക്കള്‍ വട്ടമിട്ട് പറക്കുന്നുണ്ടെന്നും ആയിരകണക്കിന് പെണ്‍കുട്ടികളെ മതം മാറ്റി പാക്കിസ്ഥാനിലെ ചുവന്ന തെരുവില്‍ വില്‍ക്കുന്നുണ്ട് എന്നുമൊക്കെയായിരുന്നു കഥകള്‍. റോമിയോ ജിഹാദ് എന്ന പര്യായ പദവും അവര്‍ നല്‍കി. അത് ഹിന്ദുത്വസംഘടനകളും രാഹുല്‍ ഈശ്വറിനെ പോലുള്ളവരും ഏറ്റുപിടിച്ചു

പത്തനംതിട്ടയിലെ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടു പേര്‍ പ്രണയം നടിച്ചു മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസാണ് ഇതിന് ആധാരം.

ഈ കേസ് പരിഗണിക്കവെ കേരളാ ഹൈക്കോടതി ലൗ ജിഹാദിനെപ്പറ്റിയും ഇതിന്റെ അന്താരാഷ്ട്ര ഭീകര ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു കേരളത്തിന്റെ പൊലീസ് മേധാവിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെടുകയുണ്ടായി.

2009 ഡിസംബര്‍ ഒമ്പതിനാണ് ജസ്റ്റിസ് കെ.ടി ശങ്കരന്‍ ഈ നിരീക്ഷണം നടത്തിയത്. ലൗ ജിഹാദിനെക്കുറിച്ചും അങ്ങനെയുള്ളവരുണ്ടെങ്കില്‍ അവര്‍ക്കുള്ള ദേശീയ, അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും അവരുടെ മയക്കുമരുന്ന്, കൊള്ള സംഘങ്ങള്‍ എന്നിവയുമായുള്ള ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് അക്കാലത്ത് ഹൈക്കോടതി ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്നാണ് ലൗ ജിഹാദ് ഗുരുതരമായ പ്രശ്‌നമായി കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പിയും ഹൈന്ദവ സംഘടനകളും രംഗത്തെത്തിയത്. പിന്നീട് കേരളത്തിലെയും കര്‍ണാടകത്തിലും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ ഇതേ ആരോപണങ്ങളുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും ചില മുസ്‌ലിം യുവാക്കള്‍ പൊലീസ് പീഡനത്തിന് ഇരയായി.

തുടര്‍ന്ന് അന്നത്തെ കേരളാ ഡി.ജി.പി ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇത്തരത്തില്‍ സംഘടനകള്‍ കേരളത്തില്‍ ഇല്ലെന്നതിനു തെളിവു നല്‍കി. കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി വിവാദ മിശ്ര വിവാഹങ്ങള്‍ക്കു ബന്ധമില്ലെന്ന് ഡി.ജി.പി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു സ്ഥിരീകരിക്കാത്ത ചില വിവരങ്ങളുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഈ കേസ് പരിഗണിക്കവെ ഹൈക്കോടതി ജസ്റ്റിസ് എം. ശശിധരന്‍, ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം ചിന്താഗതികള്‍ എന്നും നീതിപീഠത്തിന്റെ മനസ്സിനെ ഇതു വേദനിപ്പിക്കുന്നു എന്നും തന്റെ വിധിന്യായത്തില്‍ പറഞ്ഞു. മാത്രമല്ല, പൊലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം വിധിന്യായത്തില്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ സ്വാശ്രയ കോളേജിലെ രണ്ടു വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചു മതം മാറ്റാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. ഇവര്‍ക്കെതിരെ തുടര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയുണ്ടായി. സമൂഹത്തില്‍ മിശ്ര വിവാഹങ്ങള്‍ സാധാരണമായതിനാല്‍ അതിനെ ഒരു കുറ്റമായി കാണാന്‍ കഴിയില്ലെന്നും വിധിന്യായത്തില്‍ പറഞ്ഞു.

ഹാദിയ കേസ്

ഹൈക്കോടതിയുടെ ഈ നിരീക്ഷണങ്ങളോടെ ലൗ ജിഹാദ് എന്ന സംഘപരിവാര്‍ ആരോപണങ്ങള്‍ക്കു താത്കാലികമായി മൂര്‍ച്ച കുറഞ്ഞിരുന്നു. എന്നാല്‍ 2017-ല്‍ ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള കേസ് സുപ്രീം കോടതി ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍.ഐ.എ) വിട്ടതോടെയാണു കാര്യങ്ങള്‍ വീണ്ടും കീഴ്‌മേല്‍ മറിഞ്ഞത്.

കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു ഹിന്ദുകുടുംബത്തില്‍ ജനിച്ച അഖില എന്ന യുവതി സേലത്തെ ഒരു കോളേജില്‍ ഹോമിയോപ്പതി വൈദ്യശാസ്ത്രവും ശസ്ത്രക്രിയയും പഠിക്കാനായി ചേരുന്നു. 2016 ജനുവരി ആറിന് സേലത്തെ അവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന അഖിലയെ കാണാതാവുകയും പിന്നീട് അവിടെത്തന്നെ അവരുടെ സുഹൃത്തുക്കളായ ഫസീന, ജസീന എന്നിവരോടൊത്തു താമസിക്കുന്നതായി വിവരം ലഭിക്കുകയും ചെയ്തു.

https://www.doolnews.com/assets/2020/01/hadiya.jpg

സുഹൃത്തുക്കളായ ഫസീനയും ജസീനയും അവരുടെ പിതാവ് അബൂബക്കറോടൊപ്പം ചേര്‍ന്ന് അഖിലയെ എവിടേയ്‌ക്കോ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നതായി ആരോപിച്ച് അഖിലയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് അബൂബക്കറിനെതിരേ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. ജനുവരി ആറിന് ഹിജാബ് ധരിച്ച അഖില കോളേജിലെത്തിയെന്ന വിവരം ലഭിച്ചപ്പോഴാണ് അഖിലയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

അഖിലയുടെ പിതാവായ അശോകന്‍, തന്റെ കുടുംബത്തെ അറിയിക്കാതെ 25 വയസ്സുള്ള തന്റെ മകള്‍ അഖില, ഹാദിയ എന്ന പേരു മാറി ഇസ്ലാം മതം സ്വീകരിച്ചുവെന്നു കേള്‍ക്കുന്നതായും അവരെ കണ്ടെത്തണമെന്ന് ആവശ്യമുന്നയിച്ച് കേരളാ ഹൈക്കോടതിയില്‍ ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ജനുവരി 19 ന് അഖില കോടതിയില്‍ നേരിട്ടു ഹാജരാകുകയും താന്‍ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുവാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് കോടതിയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.

അഖില, താന്‍ ഇപ്പോള്‍ ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഹാദിയ എന്നൊരു പുതിയ പേര് സ്വീകരിച്ചിരുന്നുവെന്നും ഈ പുതിയ തീരുമാനം തന്റെ സുഹൃത്തുക്കളുടെ ‘സമയബന്ധിതമായ പ്രാര്‍ഥനകളും നല്ല സ്വഭാവവും’ അവരെ ആകര്‍ഷിച്ചതുകൊണ്ടാണെന്നും കോടതിയെ അറിയിക്കുകയുണ്ടായി.

ഇസ്‌ലാമിക പുസ്തകങ്ങളുടെ നിരന്തരമായ വായനയും ഇതേക്കുറിച്ചുള്ള അനേകം വീഡിയോകളും കണ്ടതിനുശേഷം അതില്‍ ആകൃഷ്ടയായി താന്‍ സ്വയം ഇസ്‌ലാം മതം സ്വീകരിച്ചുവെന്നാണ് അഖില കോടതിയെ ബോധിപ്പിച്ചത്. ഒരു വിശ്വാസത്തില്‍നിന്നു മാറ്റൊന്നിലേയ്ക്കുള്ള മാറ്റം ഔപചാരികമായി പ്രഖ്യാപിക്കാതെതന്നെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി താന്‍ ഇസ്‌ലാം മതവിശ്വാസിയായി തുടരുകയാണെന്ന് അഖില കോടതിയില്‍ പറഞ്ഞു.

തന്റെ ഇസ്‌ലാമിക രീതിയിലുള്ള പ്രാര്‍ത്ഥനയും ജീവിതവും തന്നോട് പിതാവിന് അനിഷ്ടമുണ്ടാക്കിയതായി മനസ്സിലായതിനാല്‍ താന്‍ 2016 ജനുവരി 2 നു വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് അഖില പറഞ്ഞു. വീടുവിട്ടിറങ്ങിയ അഖില നേരേ പോയത് മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണിയിലുള്ള തന്റെ സുഹൃത്തുക്കളായ ജസീനയുടെയും ഫസീനായുടേയും വീട്ടിലേക്കായിരുന്നു.

https://www.doolnews.com/assets/2020/01/hadiya-2.jpg

അവരുടെ പിതാവായ അബൂബക്കര്‍ അഖിലയെ കെ.ഐ.എം എന്ന മതസ്ഥാപനത്തിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ അവര്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ടു. അഖില പിന്നീട് കോഴിക്കോടുള്ള തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ എന്ന ഇസ്‌ലാമിക പഠനകേന്ദ്രത്തിലേയ്ക്കു നയിക്കപ്പെട്ടു.

അവിടെ അവര്‍ ആവശ്യപ്പെട്ടതുപ്രകാരം താന്‍ സ്വയം ഇസ്‌ലാം മതം സ്വീകരിച്ചതാണെന്നുള്ള ഒരു സത്യവാങ്മൂലം നല്‍കിയതിന്റെ ഫലമായി അവരെ ഒരു ‘ബാഹ്യ പഠനാര്‍ത്ഥി’ ആയി അംഗീകരിച്ചു. ഇതിനര്‍ത്ഥം അഖില അബൂബക്കറുടെ വീട്ടില്‍ താമസിച്ച് പഠന കേന്ദ്രത്തില്‍ ഹാജരായി പഠനം നടത്തണമെന്നു നിഷ്‌കര്‍ഷിക്കപ്പെട്ടു. അഖിലയുടെ വാക്കുകളനുസരിച്ച്, താമസിയാതെ അബൂബക്കര്‍ അദ്ദേഹത്തിന്റെ വസതിയില്‍ അവര്‍ കഴിയുന്നതിനു വൈമനസ്യ പ്രകടിപ്പിക്കുകയും മലപ്പുറത്ത് മഞ്ചേരിയില്‍ സ്ഥിതിചെയ്യുന്ന ഒരു വിദ്യാഭ്യാസ പരിവര്‍ത്തന കേന്ദ്രമായ ‘സത്യസരിണി’ എന്ന മൂന്നാമത്തെ സ്ഥാപനത്തെ സമീപിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സത്യസരിണി’ അഖിലയെ കണ്ടു സംസാരിക്കുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തക സൈനബയെ അവരുടെ അടുത്തേയ്ക്ക് അയച്ചു. ഇതിനുശേഷം ജനുവരി 7 മുതല്‍ അഖില സൈനബയോടൊത്തു താമസം തുടങ്ങി. അനധികൃതവും നിര്‍ബന്ധിതവുമായ അനേകം മതപരിവര്‍ത്തനങ്ങളില്‍ സത്യസരിണി നേരത്തെതന്നെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അഖിലയുടെ പിതാവ് അശോകന്‍ ആരോപിക്കുന്നു. എന്നാല്‍ ജനുവരി 25 ന്, അഖില അനധികൃത തടവില്‍ ആയിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, ഹൈക്കോടതി അശോകന്‍ സമര്‍പ്പിച്ചിരുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കളഞ്ഞു.

സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നുവന്നത്. കേസ് ആദ്യം ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചു വന്നത്. ഹാദിയ കേസ് അന്വേഷിക്കാന്‍ കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 11 കേസുകളാണ് എന്‍.ഐ.എ പരിശോധിച്ചത്.

ചില പ്രത്യേക ഗ്രൂപ്പുകള്‍ വഴിയാണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് കണ്ടെത്തിയെങ്കിലും ഇത് നിര്‍ബന്ധിതമാണെന്നതിന് തെളിവ് കണ്ടെത്താന്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

ഒടുവില്‍ 2018 മാര്‍ച്ച് എട്ടിന് ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി വിധിച്ചു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

2017 മേയ് 24-നാണ് ഇവരുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ വിധിന്യായത്തോട് യോജിച്ചുകൊണ്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് മറ്റൊരു വിധിയുമെഴുതി. ഹൈക്കോടതിക്ക് തെറ്റു സംഭവിച്ചതില്‍ തന്റെ മനോവേദന പ്രകടിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കുകയുണ്ടായി.

അജണ്ടയുമായി മാധ്യമങ്ങള്‍

ഹാദിയ കേസും കൈവിട്ടു പോയതോടെ പിന്നീട് കാര്യമായ പൊടിപടലങ്ങള്‍ സൃഷ്ടിക്കാന്‍ സംഘപരിവാറിനായില്ലെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ ആ ദൗത്യം കൃത്യമായ’ ചെയ്തതു മാധ്യമങ്ങളാണ്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരിച്ചെന്ന രീതിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ വാര്‍ത്തയാണ് ഏറെ വിവാദമായത്.

കേരളത്തില്‍ ഈഴവ പെണ്‍കുട്ടികളെ, അതും സി.പി.ഐ.എം കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ‘ദഅ്വാ സ്‌ക്വാഡുകള്‍’ എന്ന പേരില്‍ മതപരിവര്‍ത്തന പദ്ധതികള്‍ നടക്കുന്നുവെന്നും അതിനായി പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളെ നാട്ടിലാകെ വിന്യസിച്ചിരിക്കുന്നുവെന്നുമാണ് പ്രസ്തുത റിപ്പോര്‍ട്ട്.

https://www.doolnews.com/assets/2020/01/indian-express.jpg

അങ്ങനെയൊന്നും താന്‍ ആരോടും പറഞ്ഞിട്ടേയില്ലെന്ന് ഡി.ജി.പി പിന്നീട് പറഞ്ഞു. എന്ന് മാത്രമല്ല അത്തരം ആരോപണങ്ങളെ സ്ഥീരികരിക്കാന്‍ ഒരു തെളിവും പൊലീസിന്റെ പക്കലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പോള്‍ പിന്നെ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ അജയ് കാന്തിന് എവിടെ നിന്നായിരിക്കണം ഈ പൊലീസ് വാര്‍ത്ത ലഭിച്ചത്? ഡി.ജി.പി പറയാത്ത കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹത്തിനു ധൈര്യം നല്‍കിയത് ആരായിരിക്കണം? വിരമിച്ചതിന് ശേഷം ടി.പി സെന്‍കുമാര്‍ ‘ലൗ ജിഹാദു’മായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ശരിവയ്ക്കുന്നതാണ് ഈ റിപ്പോര്‍ട്ട് എന്ന അജയ് കാന്തിന്റെ വാദം തന്നെ ചില രാഷ്ട്രീയ ലക്ഷ്യങ്ങളൊടെയാണെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു.

https://www.doolnews.com/assets/2019/10/behra4.jpg

വാര്‍ത്ത കുറച്ച് കൂടി വിശദമായി പരിശോധിച്ചാല്‍, കൃത്യമായ ലക്ഷ്യങ്ങളോട് കൂടിയാണത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാകും. തീവ്ര മതചിന്താഗതിക്കാരെങ്കിലും അതു മറച്ചുവയ്ക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ‘ദഅ്വാ സ്‌ക്വാഡില്‍’ പ്രവര്‍ത്തിക്കുന്നതെന്നു പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാത്രമല്ല വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും മതചിന്ത കടന്നുവരാത്ത വിധത്തില്‍ സെക്കുലര്‍ സ്വഭാവം ഉണ്ടാകാന്‍ ഇവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വെളിവാക്കുന്നു. യുവ പ്രൊഫഷണലുകളും വിദ്യാര്‍ഥികളുമാണ് സംഘത്തില്‍ മുഖ്യമായുമുള്ളതത്രെ.

സംഘങ്ങള്‍ക്കു മറ്റു സഹായങ്ങള്‍ നല്‍കാന്‍ സംഘടിതമായ യൂണിറ്റുകളുണ്ട്. കണ്ടെത്തുന്ന ഒരോരുത്തരെയും ഇസ്‌ലാമിലേക്ക് എത്തിക്കാന്‍ വേണ്ട സഹായങ്ങളെല്ലാം ഇത്തരം യൂണിറ്റുകളാണ് നല്‍കുന്നത്. തൊഴിലിടങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാമാണ് ഇവര്‍ പരിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ കണ്ടെത്തുന്നത്.

ഇങ്ങനെ കണ്ടെത്തുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും പതുക്കെപ്പതുക്കെ മറ്റു സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍നിന്നും ഇവരെ അകറ്റുകയും പിന്നീട് മതത്തില്‍ ചേര്‍ക്കുകയും ചെയ്യുന്നു. ഇങ്ങിനെയൊക്കെ നീണ്ടു പോകുന്നു റിപ്പോര്‍ട്ടിലെ കണ്ടുപിടിത്തങ്ങള്‍.

ഇസ്‌ലാമിലേക്ക് നടക്കുന്ന മുഴുവന്‍ മതപരിവര്‍ത്തനങ്ങളും ഇത്തരം ഗൂഢാലോചനയുടെ ഭാഗമായുള്ള ആസൂത്രിത ശ്രമങ്ങളിലൂടെയാണെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു ആരോപണം. മതം മാറിയവരുടെ പെരുപ്പിച്ച കണക്കുകള്‍ കൂടി ചേര്‍ത്ത് പൊലീസ് വിവരം എന്ന പേരിലാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.

ലൗ ജിഹാദ് നടക്കുന്നില്ലായെന്ന് ഇന്റലിജന്‍സ് മേധാവി വരെ വ്യക്തമാക്കിയിട്ടും ഇത്തരം വ്യാജ വാര്‍ത്തകള്‍ ആവര്‍ത്തിക്കുന്നത് സമൂഹത്തില്‍ ഇസ്‌ലാമിനെ കുറിച്ചുള്ള ഭയം ഉല്‍പാദിപ്പിച്ച് പൊതുശത്രുവിനെ സൃഷ്ടിച്ച് അതിലൂടെ ഹിന്ദു ഏകീകരണം എന്ന സംഘപരിവാര്‍ അജണ്ട വിജയിപ്പിക്കണം എന്ന ഉദ്ദേശത്തോടെയാണെന്നാണ് അന്നു പലരും ആരോപിച്ചത്. ഇതു ശരിയാണെന്നു സ്ഥാപിക്കുന്നതായിരുന്നു റിപ്പോര്‍ട്ടും.

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നു സ്ഥാപിച്ചെടുക്കാന്‍ സംഘപരിവാര്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് സീറോ മലബാര്‍ സഭയുടെ ആരോപണവും. ഇതിനാധാരമായി ഒറ്റ തെളിവു പോലും പുറത്തുവിടാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ലെങ്കിലും സംഘപരിവാര്‍ ശ്രമങ്ങള്‍ക്കു ജീവന്‍ പകരാന്‍ മാത്രമേ ഇത്തരം ആരോപണങ്ങള്‍ ഉപകരിക്കൂവെന്ന വിമര്‍ശനം ഉയരുന്നുണ്ട്.