https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/11/23/nrmala--stharaman-budget.jpg
മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് ധനമന്ത്രി നിർമല സീതാരാമൻ സഹമന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പം എത്തിയപ്പോൾ (ഫയൽ ചിത്രം)

കരകാണാക്കയത്തിൽ സമ്പദ്‌വ്യവസ്ഥ; മാന്ത്രിക വടിയുണ്ടോ നിർമലയുടെ ബജറ്റ് പെട്ടിയിൽ?

by

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധികളുടെ നടുക്കയത്തിൽ നിൽക്കുന്നതിനിടെയാണ് ധനമന്ത്രി നിർമല സീതാരാമൻ 2020–21 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. സ്വപ്ന പ്രഖ്യാപനങ്ങളും വാഗ്ധോരണികളുമായി ഒതുങ്ങിയിരുന്ന കേന്ദ്ര ബജറ്റിന് അതുകൊണ്ടുതന്നെ ഇക്കുറി പതിവിലേറെ ജനശ്രദ്ധ കൈവന്നിരിക്കുന്നു. 

തളർച്ചയുടെ പടുകുഴിയിൽ നിൽക്കുന്ന വ്യവസായ– വാണിജ്യ മേഖലകളും സാമ്പത്തിക മാന്ദ്യത്തിന്റെ ചൂടിൽ ഉരുകുന്ന സാധാരണ ജനവുമെല്ലാം കാത്തിരിക്കുകയാണ്, നിർമല സീതാരാമൻ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റ് തങ്ങൾക്ക് ആശ്വാസം കൊണ്ടുവരുമെന്ന പ്രതീക്ഷയോടെ. സമ്പദ്‌വ്യവസ്ഥ ബജറ്റിന്റെ മാന്ത്രിക സ്പർശം കാത്തിരിക്കുമ്പോൾ അതിനുതക്ക ആയുധങ്ങളൊന്നും ആവനാഴിയിൽ ഇല്ല എന്നതാണ് ധനമന്ത്രിയുടെ ധർമസങ്കടം.

കരകാണാക്കയത്തിൽ

അതിശക്തമായ വളർച്ചാ കണക്കുകളും 2023ൽ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയും പ്രഖ്യാപിച്ച് രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപിച്ച നിർമല ഏഴു മാസത്തിനു ശേഷം രണ്ടാമത്തെ ബജറ്റ് അവതരണത്തിനൊരുങ്ങുമ്പോൾ സാമ്പത്തിക സ്ഥിതി ഏതാണ്ട് കാറ്റഴിച്ചുവിട്ട ബലൂൺ പോലെയാണ്. ആഭ്യന്തര മൊത്ത ഉൽപാദന (ജിഡിപി) വളർച്ച 11 വർഷത്തിലെ താഴ്ന്ന നിലവാരത്തിലേക്കു (5%) കൂപ്പുകുത്തി.

വ്യക്തിഗത ഉപഭോഗം(5.8%) ഏഴുവർഷത്തെ താഴ്ന്ന നിലയിലാണ്. നിക്ഷേപ രംഗത്ത് 17 വർഷത്തിനുള്ളിലെ ഏറ്റവും വലിയ തകർച്ച കണ്ടു. നിക്ഷേപ തോത് 1 ശതമാനം കണ്ട് പിന്നോട്ടടിച്ചു. ഉൽപാദന മേഖലയിൽ വളർച്ച 2% മാത്രം. ഇത് 15 വർഷത്തെ ഏറ്റവും കുറഞ്ഞ നിലവാരമാണ്. കാർഷിക മേഖലയിൽ വളർച്ച 2.8% മാത്രം. ഇതിനിടെ ഭക്ഷ്യോൽപന്നങ്ങളുടെ വില വർധന മൂലം പണപ്പെരുപ്പം 2019 ഡിസംബറിൽ 7.35% ആയി കുതിച്ചുയർന്നു. 19 ജനുവരിയിൽ പണപ്പെരുപ്പതോത് 1.97 % മാത്രമായിരുന്നു.

വരുമാനത്തിലെ ഇടിവ്

ആദായ നികുതിയും കോർപറേറ്റ് നികുതിയുമടക്കമുള്ള പ്രത്യക്ഷ നികുതി പിരിവ് കുത്തനെ ഇടിഞ്ഞതു കേന്ദ്ര ഖജനാവിനെ ഉലച്ചിരിക്കുകയാണ്. 2020 ജനുവരി അവസാന വാരം വരെയുള്ള കണക്കു പ്രകാരം പ്രത്യക്ഷ നികുതി പിരിവ് 7.3 ലക്ഷം കോടി രൂപയാണ്. മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.5% കുറവ്. പൂർണ വർഷത്തേക്ക് 13. 5 ലക്ഷം കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്തു കഴിഞ്ഞ വർഷത്തെ 11.5 ലക്ഷം കോടിയിൽ പോലും എത്തില്ലെന്നതാണു സ്ഥിതി. വ്യവസായ മേഖലയ്ക്ക് ഉത്തേജനം പകരുന്നതിനും നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിനും കോർപറേറ്റ് നികുതിയിൽ വരുത്തിയ കുറവ് 1.5 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണു കണക്കാക്കിയിട്ടുള്ളത്. 2019 ഡിസംബർ അവസാനം വരെയുള്ള കാലയളവിൽ കോർപറേറ്റ് നികുതി പിരിവിൽ 15% കുറവുണ്ടായി. കോർപറേറ്റ് നികുതി കുറച്ചതുവഴിയുള്ള നഷ്ടവും സാമ്പത്തിക മാന്ദ്യവും ഇടിവിനു കാരണമായി.

വരുമാനം കൂട്ടൽ വലിയ കടമ്പ

പ്രത്യക്ഷ നികുതി വരുമാനം (ആദായനികുതി, കോർപറേറ്റ് നികുതി തുടങ്ങിയവ) ലക്ഷ്യം കാണില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ വികസന പദ്ധതികൾക്കും സാമൂഹിക സുരക്ഷാ പദ്ധതികൾക്കും പണം കണ്ടെത്തുക സർക്കാരിനു മുന്നിലെ വലിയ കടമ്പയാണ്.

ഓഹരി വിറ്റഴിക്കലും ലക്ഷ്യം കാണുന്ന ലക്ഷണമല്ല. 2019–20 സാമ്പത്തിക വർഷത്തിൽ 1.05 ലക്ഷം കോടി ലക്ഷ്യമിട്ട സ്ഥാനത്ത് ഇതുവരെ 18.000 കോടിയാണു നേടാനായത്. എയർ ഇന്ത്യ വിൽപനയ്ക്കായി സർക്കാർ ധൃതി കൂട്ടുന്നതിനും കാരണം മറ്റൊന്നല്ല. മാർച്ച്  31നകം എയർ ഇന്ത്യ വിൽപ്പന പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം.

ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) വിൽപന വഴി 63,000 കോടി രൂപയാണു ലക്ഷ്യമിടുന്നതെങ്കിലും അതു നടപ്പു വർഷം പൂർത്തിയാകില്ലെന്നതാണ് സ്ഥിതി. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ(കോൺകോർ) എന്നിവയുടെ ഓഹരി വിറ്റഴിക്കൽ ബജറ്റിൽ പ്രഖ്യാപിച്ചു കൂടായ്കയില്ല.

ആക്സിസ് ബാങ്ക്, ഐടിസി കമ്പനികളിൽ സർക്കാരിനു ബാക്കിയുള്ള ഓഹരി വിറ്റഴിക്കുകയാണ് എളുപ്പത്തിൽ വരുമാനം നേടാൻ മറ്റൊരു വഴി. ഇതുവഴി 32,000കോടി രൂപവരെ നേടാനാകും. ആർബിഐ, പൊതുമേഖല ബാങ്കുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ ലാഭവിഹിതമാണ് മറ്റൊരു നികുതി ഇതര വരുമാന മാർഗം. 1.63 കോടി രൂപ ഈ വിഭാഗത്തിൽ നിന്നു നേടാനാകുമെന്നാണ് കഴിഞ്ഞ ബജറ്റിൽ കണക്കാക്കിയിരുന്നത്. 2019 നവംബർ അവസാനത്തെ കണക്കുപ്രകാരം 1.58 ലക്ഷം കോടി രൂപ സർക്കാരിനു ലഭിച്ചു കഴിഞ്ഞു. 2019 ഓഗസ്റ്റിൽ ആർബിഐയിൽ നിന്നു ലഭിച്ച ലാഭവിഹിതത്തിനു പുറമേ കൂടുതൽ തുക ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ടെലികോം കമ്പനികൾ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ(എജിആർ) ഇനത്തിൽ നൽകാനുള്ള 1.47ലക്ഷം കോടി രൂപ ഉടൻ നൽകാൻ സുപ്രീം കോടതി വിധി വന്നതു സർക്കാരിനു നിനച്ചിരിക്കാതെ ലഭിച്ചൊരു ബോണസാണ്. ടെലികോം കമ്പനികളുടെ മോശം സാമ്പത്തിക നില പരിഗണിച്ച് ഇതുപിരിച്ചെടുക്കാൻ സർക്കാർ തിടുക്കം കാട്ടുന്നില്ലെങ്കിലും കണക്കിൽ കാണിക്കാൻ കഴിയും.

കുരുക്കായി കമ്മി

നികുതി വരവ് ലക്ഷ്യം കാണാതിരിക്കുകയും നികുതി ഇതര വരുമാനം പ്രതീക്ഷിച്ച തോതിൽ എത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വരവും ചെലവും തമ്മിലുള്ള വിടവ്– കമ്മി കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. ബജറ്റ് കമ്മി 2019–20 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 3.3 ശതമാനത്തിൽ ഒതുങ്ങുമെന്നാണു കഴിഞ്ഞ ബജറ്റിൽ‌ കണക്കാക്കിയിരുന്നത്. 2018ൽ കമ്മി 3.5 ശതമാനവും 2019ൽ 3.4 ശതമാനവുമായിരുന്നു. 

നിലവിലുള്ള സാഹചര്യത്തിൽ കമ്മി 3.8–4 ശതമാനം വരെ ഉയരാം എന്നാണ് അനുമാനം. കൂടുതൽ കടമെടുക്കേണ്ട സാഹചര്യമാകും ഇതുണ്ടാക്കുക. നടപ്പുവർഷം 7.9–8.0 ലക്ഷം കോടി രൂപ കടമെടുക്കേണ്ടി വരുമെന്നാണ് കണക്ക്. കുതിച്ചുയരുന്ന കമ്മിക്കു കടിഞ്ഞാണിട്ടു വിപണി ഉത്തേജന നടപടികൾക്ക് ധനമന്ത്രി എങ്ങനെ പണം കണ്ടത്തുമെന്നതാണ് ഇത്തവണത്തെ ബജറ്റിൽ കാണേണ്ടത്. ശരിക്കുമൊരു ഞാണിന്മേൽ കളിയാകും നിർമല സീതാരാൻ ബജറ്റിലൂടെ നടത്തേണ്ടി വരിക.

കടം കുമിയുന്നു

2020ന്റെ അവസാനത്തോടെ കേന്ദ്ര സർക്കാരിന്റെ കടബാധ്യത. 102 ലക്ഷം കോടി രൂപയായിരിക്കുമെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ പറയുന്നു. 2014ൽ കടബാധ്യത 58.5 ലക്ഷം കോടി രൂപ മാത്രമായിരുന്നു.

5 ട്രില്യൻ ഡോളർ സ്വപ്നം

സ്വപ്നമെന്ന നിലയിൽ മികച്ചത്. എന്നാൽ എത്തിപ്പെടാൻ ഇന്നത്തെ വളർച്ചാനിരക്ക് പോര’– പറയുന്നത് മറ്റാരുമല്ല. റിസർവ് ബാങ്ക് മുൻ ഗവർണറും യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനുമായിരുന്ന സി. രംഗരാജൻ.’ 2025 ഓടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 5 ട്രില്യൻ ഡോളർ(ഏകദേശം 350 ലക്ഷം കോടി രൂപ) കവിയുമെന്നാണ് 2019 ജൂലൈ 5ലെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ആവേശപൂർവം പ്രഖ്യാപിച്ചത്. ആ ലക്ഷ്യം നേടാൻ ഇനിയുള്ള വർഷങ്ങളിൽ രാജ്യത്തിന്റെ ജിഡിപി 9 ശതമാനം നിരക്കിൽ വളരണമെന്ന് രംഗരാജൻ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 2.7ട്രില്യൻ ഡോളറാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വ്യാപ്തി.

സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന കിതപ്പ് 5 ട്രില്യൻ ഡോളർ സ്വപ്നം വീണ്ടും അകലെയാക്കുമെന്ന് രംഗരാജന്റെ വാക്കുകളിൽനിന്ന് വ്യക്തം. 2020–21ൽ 5.5ശതമാനവും 21–22ൽ 6.5ശതമാനവും തോതിൽ സമ്പദ്‌വ്യവസ്ഥ വളരുമെന്നാണ് രാജ്യാന്തര നാണയനിധി(ഐഎംഎഫ്)കണക്കാക്കിയിരിക്കുന്നത്.

ആദായനികുതി: പ്രതീക്ഷ കാക്കുമോ നിർമല?

ആദായനികുതിദായകർ പ്രതീക്ഷയിലാണ്. എന്നാൽ സർക്കാരിന്റെ സാമ്പത്തിക ചുറ്റുപാടുകൾ അതിനു മങ്ങലേൽപ്പിക്കുന്നു. ഉപഭോഗം വർധിപ്പിക്കാൻ സാധാരണ ജനത്തിന്റെ കയ്യിൽ കൂടുതൽ പണം എത്തിക്കേണ്ടതുണ്ട് എന്ന സാമാന്യ തത്വത്തിന്റെ അടിസ്ഥാനത്തിൽ ആദായനികുതിയില‌െ ഇളവുകൾ അതിനു മികച്ച ഉപാധിയാണ്. ഇത്തരത്തിൽ ജനത്തിന്റെ പോക്കറ്റിലെത്തുന്ന പണം അവർ ചെലവഴിക്കുമ്പോൾ വിപണി ചലനാത്മകമാകുമെന്നും ഡിമാൻഡ് ഉയരുമെന്നും സാരം. 

പ്രത്യക്ഷ നികുതി കോഡ് (ഡിടിസി) പരിഷ്കരിക്കുന്നതിന് നിയോഗിക്കപ്പെട്ട സമിതി നൽകിയിരിക്കുന്ന ശുപാർശകളും ആദായനികുതി ദായകന് ആശ്വാസം പകരുന്നതാണ്. ശുപാർശകൾ അംഗീകരിച്ച് ബജറ്റിൽ പ്രഖ്യാപനമുണ്ടായാൽ എല്ലാ വിഭാഗം നികുതിദായകർക്കും അതിന്റെ പ്രയോജനം ലഭിക്കും. 

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/1/31/table-01.jpg
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/1/31/table-02.jpg

കോർപറേറ്റ് മേഖലയ്ക്ക് വൻ നികുതി കിഴിവ് കഴിഞ്ഞ ബജറ്റിനു ശേഷം നൽകിയ സാഹചര്യത്തിൽ വ്യക്തിഗത ആദായനികുതി ദായകർ നിശ്ചയമായും ഇക്കുറി ബജറ്റിൽ ചില ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. വരുമാനത്തിലെ ഇടിവും മുൻപു പ്രഖ്യാപിച്ച നികുതി ആനുകൂല്യങ്ങളുടെ ഭാരവും കണക്കിലെടുക്കുമ്പോൾ ഇക്കുറി ആദായനികുതിയിൽ ഇളവ് പ്രതീക്ഷിക്കേണ്ടെന്നു കരുതുന്നവരുമുണ്ട്. ഡിടിസി നിർദേശങ്ങൾ പൂർണമായി നടപ്പാക്കിയില്ലെങ്കിലും 10 ലക്ഷം രൂപ വരെ വരുമാനക്കാർക്ക് നിരക്ക് 10% ആയി നിശ്ചയിച്ചാൽത്തന്നെ 1.5 കോടി നികുതി ദായകർക്ക് അതിന്റെ പ്രയോജനം ലഭിക്കും. ആദായ നികുതി ഒഴിവിന്റെ പരിധി 2.5 ലക്ഷം രൂപയിൽനിന്ന് 3 ലക്ഷം രൂപയായി ഉയർത്തണമെന്ന നിർദേശവും ഉയർന്നു കേൾക്കുന്നുണ്ട്.

ഓഹരി വിപണി കാതോർക്കുന്നു

ഓഹരി വിപണിക്കു കരുത്തേകുന്ന വലിയ പ്രഖ്യാപനങ്ങളും നടപടികളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. കൂടുതൽ പണം ജനത്തിന്റെ കയ്യിലെത്തിക്കാനും സർക്കാർ ഈ മേഖലയിലെ പരിഷ്കാരങ്ങളിലൂടെ നടപടിയെടുക്കുമെന്നതാണ് പ്രതീക്ഷ. കമ്പനികൾക്കു മേൽ ചുമത്തിയിരുന്ന ലാഭവിഹിത വിതരണ നികുതി(ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ്), ദീർഘകാല മൂലധന വർധന നികുതി എന്നിവ ഒഴിവാക്കുകയോ കുറവു വരുത്തുകയോ ചെയ്യുമെന്നാണു കരുതുന്നത്. ഓഹരി വിപണിയെ കൂടുതൽ സജീവമാക്കാൻ സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ടാക്സിലും (എസ്‍‌ടിടി) ഇളവ് പ്രതീക്ഷിക്കാം.

വാഹന മേഖല

സ്ഥിതി: 

രാജ്യത്തിന്റെ ജിഡിപിയുടെ 7 % സംഭാവന ചെയ്യുന്ന വാഹന വ്യവസായം 2018ന്റെ പകുതി മുതൽ കടുത്ത ഞെരുക്കത്തിലാണ്. സ്കൂട്ടർ മുതൽ വാണിജ്യ വാഹന വിഭാഗത്തിൽ വരെ വിൽപന കുത്തനെ ഇടിഞ്ഞു. 2019ന്റെ മധ്യത്തോടെ വാഹന നിർമാതാക്കൾ ഉൽപാദനം വെട്ടിച്ചുരുക്കി. ലക്ഷക്കണക്കിനു തൊഴിൽ നഷ്ടമായിരുന്നു ഫലം.

2020 ഏപ്രിൽ– ഡിസംബർ കാലയളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് യാത്രാ വാഹന വിഭാഗത്തിൽ 16 ശതമാനവും വാണിജ്യ വിഭാഗത്തിൽ 21 ശതമാനവും വിൽപന ഇടിഞ്ഞു.  തകർച്ചയ്ക്കു കാരണം പലതാണ്. 

1. സാമ്പത്തിക ഞരുക്കം.

2. ബാങ്കുകളിൽനിന്നും സ്വകര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭിക്കുന്നതിനുള്ള തടസ്സം.

3. ബിഎസ്–6 മലിനീകരണ നിലവാരത്തിലേയ്ക്കും വൈദ്യുതി വാഹനങ്ങളിലേയ്ക്കുമുള്ള മാറ്റം സൃഷ്ടിക്കുന്ന അനിശ്ചിതത്വം.

പ്രതീക്ഷ

1. വാഹനങ്ങൾക്കുള്ള ജിഎസ്ടി നിലവിലുള്ള 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെടുന്നു. അതുവഴി ബിഎസ്–6 നിലവാരത്തിലേയ്ക്കുള്ള മാറ്റം സൃഷ്ടിക്കുന്ന അധികച്ചെലവ് ഒഴിവാക്കാനാകും.

2. ആദായനികുതി നിരക്കുകളിൽ കുറവു വരുത്തുന്നത് ആളുകളിൽ കൂടുതൽ പണമെത്താനും അതുവഴി വാഹന വിപണിക്ക് ഉണർവ് ഉണ്ടാകാനും ഇടയാക്കുമെന്ന് പ്രതീക്ഷ.

3. പഴയ വാഹനങ്ങൾ ഒഴിവാക്കി പുതിയത് വാങ്ങുന്നതിനുള്ള സ്ക്രാപ്പേജ് നയം നേരത്തെ പ്രഖ്യാപിക്കപ്പെട്ടെങ്കിലും വ്യക്തതയും കൂടുതൽ‌ ആനുകൂല്യങ്ങളും വാഹന വിപണിക്ക് തുണയാകും.

കൃഷി

സ്ഥിതി:

കർഷകരെ തഴുകിയാണ് എല്ലാ ബജറ്റുകളും കടന്നുപോകുക. എന്നാൽ കടലാസിനു പുറത്ത് കണക്കെടുക്കുമ്പോൾ കോരന് കഞ്ഞി കുമ്പിളിൽതന്നെ. കർഷക ആത്മഹത്യകളും കടക്കെണിയുമെല്ലാം രാജ്യത്തെമ്പാടും കർഷക സമൂഹത്തിന്റെ ദുരവസ്ഥ വ്യക്തമാക്കുന്നു.

രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ നടന്നത് മറിച്ചാണ്. പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ഒന്നിനു പിന്നാലെ മറ്റൊന്നായി കർഷകന്റെ സാമ്പത്തിക നില കൂടുതൽ പരിതാപകരമാക്കി. കിസാൻ സമ്മാൻ പദ്ധതിക്കു കീഴിൽ കൃഷിക്കാർക്ക് 6,000 രൂപ നേരിട്ടു നൽകിയെങ്കിലും അതൊന്നും അടിസ്ഥാനപരമായി അവരെ തുണച്ചില്ല. 

ഇടനിലക്കാരന്റെ ചൂഷണം തടഞ്ഞ് വിപണന മേഖല കർഷകന് അനുകൂലമാക്കാനും കയറ്റുമതി വർധിപ്പിച്ച് വരുമാനം ഉയർത്താനും ഘടനാപരമായ പരിഷ്കാരം ആവശ്യമാണ്. മാസങ്ങൾക്കു മുൻപ് രാജ്യത്തു സവാള വില കിലോയ്ക്ക് 200 രൂപ കടന്നപ്പോഴും കർഷകനു ലഭിച്ചത് കിലോയ്ക്ക് 30 രൂപയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കാർഷിക വിപണിക്കു മേൽ‌ ഇടനിലക്കാരന്റെ പിടി ഇതിലൂടെ വ്യക്തമാണ്. കർഷകരുടെ 10,000 ഉൽപാദക സംഘങ്ങൾ രൂപീകരിക്കാൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഇതിനുള്ള നിർദേശം ഇനിയും കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിട്ടില്ല.

പ്രതീക്ഷ

ജലസേചനം, വിത്ത്, വെയർ ഹൗസിങ്, വിപണന മേഖലകളിൽ വൻ അടിസ്ഥാന സൗകര്യ വികസനം. ഇതു കർഷകർക്ക് ഗുണം ചെയ്യുമെന്നതിനു പുറമേ തൊഴിലും സൃഷ്ടിക്കും. രാജ്യത്തെ ജലസേചന പദ്ധതികളുടെ പ്രവർത്തനക്ഷമത 35% മാത്രമാണ്. വേണ്ടത്ര സംരക്ഷണമോ അറ്റകുറ്റപ്പണികളോ ഇല്ലാതെ ജലം വൻതോതിൽ പാഴാകുകയാണ്. ഇവയുടെ അറ്റകുറ്റപ്പണി കൃത്യമായി നടന്നാൽ തന്നെ അതിലൂടെ ജലസേചന തോത് ഉയർത്താനാകും. 

ബാങ്കിങ്– ബാങ്കിങ് ഇതര ധനകാര്യ മേഖല

സ്ഥിതി:

ബാങ്കിങ്– ബാങ്കിങ് ഇതര ധനകാര്യ മേഖലയിൽനിന്നു വ്യവസായങ്ങൾക്കും വ്യക്തികൾക്കും വായ്പ ലഭിക്കാനുണ്ടാകുന്ന തടസ്സവും താമസവുമാണ് ഇന്നത്തെ സാമ്പത്തിക ഞെരുക്കത്തിന്റെ മുഖ്യകാരണം. കിട്ടാക്കടം പെരുകിയതോടെ ബാങ്കുകൾ വായ്പ നൽകാൻ മടിച്ചു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ ആ റോൾ ഏറ്റെടുത്ത‌ു. എന്നാൽ ചില സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും തകർച്ചയും തട്ടിപ്പുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും ഇടിച്ചു. ഇതോടെ ബാങ്കുകൾ ഇവയ്ക്കും വായ്പ നൽകാതായി. ബാങ്കുകളുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ സർക്കാർ രംഗത്തു വന്നെങ്കിലും ഇനിയും വായ്പാ വിതരണം സാധാരണ നിലയിലായിട്ടില്ല.

പ്രതീക്ഷ:

ബാങ്കുകൾക്കെന്നപോലെ കിട്ടാക്കടങ്ങൾ ഏറ്റെടുക്കാൻ സംവിധാനം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും വേണമെന്ന ആവശ്യം ധനമന്ത്രി പരിഗണിച്ചേക്കും. ബാങ്കിങ് മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികളും പ്രതീക്ഷിക്കാം.

ഭവന മേഖല

സ്ഥിതി:

രാജ്യത്ത് തൊഴിൽ സൃഷ്ടിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന നിർമാണ മേഖല ഇനിയും തിരിച്ചുവരവിന് സജ്ജമായിട്ടില്ല. ഡിമാൻഡ് ഉയരാത്തതാണ് കാരണം. നിർമാണം പൂർത്തിയാക്കിയതും പാതിവഴിയിലായതുമായ പാർപ്പിടങ്ങൾ വാങ്ങാൻ ആളില്ലാതെ വെറുതെ കിടക്കുകയാണ് രാജ്യത്തെമ്പാടും. മുടങ്ങിയ പദ്ധതികൾ വേറെ. ഈ പ്രതിസന്ധി മറികടന്നാലേ ഭവന മേഖലയ്ക്ക് തിരിച്ചുവരവ് സാധ്യമാകൂ.

പ്രതീക്ഷ

വീടു വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന അത്യാകർഷകമായ നിർദേശങ്ങൾ ബജറ്റിൽനിന്നു പ്രതീക്ഷിക്കുന്നുണ്ട്. നിശ്ചിത കാലയളവിനുള്ളിൽ വാങ്ങുന്ന വീടുകൾക്ക് വൻ സബിസിഡി അല്ലെങ്കിൽ വലിയ നികുതി കിഴിവ് എന്നൊക്കെ നിർദേശം മുന്നോട്ടു വയ്ക്കപ്പെട്ടിട്ടുണ്ട്.  ഭവന വായ്പയുടെ പലിശയ്ക്കുള്ള നികുതി കിഴിവ് പരിധി ഉയർത്തണമെന്നതാണ് മറ്റൊരു നിർദേശം. നിലവിൽ 2 ലക്ഷം രൂപയാണ് പരിധി.

അടിസ്ഥാന വികസന മേഖല

സ്ഥിതി

കഴിഞ്ഞ ബജറ്റിൽ അടിസ്ഥാന വികസന മേഖലയ്ക്കു പണം ലഭ്യമാക്കാൻ പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച ധനമന്ത്രി ഇതിനു പിന്നാലെ 5 വർഷക്കാലയളവിൽ 102 ലക്ഷം കോടി രൂപ ചെലവു വരുന്ന നിക്ഷേപ നയരേഖയും പുറത്തിറക്കുകയുണ്ടായി. എന്നാൽ ഈ നടപടികൾക്കൊന്നും അടിസ്ഥാന വികസന രംഗത്ത് ഉണർവു കൊണ്ടുവരാനായില്ല.

പ്രതീക്ഷ

അടിസ്ഥാന മേഖലയിലെ നിക്ഷേപത്തിലൂടെ മാത്രമേ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവു പകരാനാകൂ എന്ന് വിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടുന്നു. കടുത്ത വരുമാന പ്രതിസന്ധി നേരിടുന്ന സർക്കാരിന് പണമൊഴുക്കി ഈ മേഖലയെ ഉണർത്താനാകുമെന്ന് പ്രതീക്ഷയില്ല. പകരം പദ്ധതികളുടെ രൂപരേഖ നൽകുന്നതിലാവും ശ്രദ്ധ. ഭാരത് മാല പോലെ മെഗാ പദ്ധതിയായി ഇത് അവതരിപ്പിക്കാനും സാധ്യതയേറെ. 

ഉറപ്പ് കൂടുമോ തൊഴിലുറപ്പിന്?

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകാൻ കഴിയുന്ന സാമൂഹിക സുരക്ഷാ പദ്ധതി എന്ന നിലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വീണ്ടും ശ്രദ്ധ ആകർഷിക്കുകയാണ്.  മുൻ കോൺഗ്രസ് സർക്കാരിന്റെ പദ്ധതി എന്ന നിലയിൽ തൊഴിലുറപ്പ് പദ്ധതിക്ക് പരിഗണന കുറഞ്ഞു വരികയായിരുന്നു. 2018–19നെ അപേക്ഷിച്ച് 19–20ൽ അനുവദിച്ച തുകയിലും നേരിയ കുറവുണ്ടായി 61,084 കോടി രൂപയിൽ നിന്ന് 60,000 കോടിരൂപയിലേക്ക്. എന്നാൽ ഇക്കുറി 70,000 കോടിരൂപയെങ്കിലും പദ്ധതിക്കായി നീക്കിവച്ചേക്കും എന്നു പ്രതീക്ഷിക്കുന്നു.

പ്രധാൻമന്ത്രി കിസാൻ സമ്മാൻ

കർഷകർക്ക് നേരിട്ട് പ്രതിവർഷം 6,000 രൂപവീതം നൽകുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ പദ്ധതി ഇക്കുറി സാമ്പത്തിക ഉത്തേജക ഉപാധിയായി മാറിയേക്കും. 14.5 കോടിയോളം വരുന്ന രാജ്യത്തെ കർഷകരിൽ 7.6 കോടി പേർക്കാണ് പദ്ധതിയുടെ പ്രയോജനം ഇതുവരെ ലഭിച്ചത്. തുക ഉയർത്തുന്നതിനു പുറമേ മുഴുവൻ കർഷകരിലേക്കും പ്രയോജനം എത്തിക്കുന്നതിനുള്ള നടപടിയും ബജറ്റിന്റെ ഭാഗമായി പ്രതീക്ഷിക്കാം.

English Summary: Union Budget Analysis 2020