രണ്ടാം അവസരവും മുതലെടുക്കാനായില്ല; സഞ്ജു വീണ്ടും വന്നു, സിക്സടിച്ചു, ഔട്ട്!
by മനോരമ ലേഖകൻവെല്ലിങ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽ ആദ്യ മത്സരത്തിനുശേഷം രണ്ടാം മത്സരത്തിനായി സഞ്ജു സാംസൺ കാത്തിരുന്നത് 73 മത്സരങ്ങളാണ്. അതാകട്ടെ, രാജ്യന്തര ട്വന്റി20യിൽ ‘കാത്തിരിപ്പിന്റെ’ കാര്യത്തിൽ ഇന്ത്യൻ റെക്കോർഡുമായി. എന്നാൽ, രണ്ടാം മത്സരത്തിൽനിന്ന് മൂന്നാം മത്സരത്തിലേക്ക് സഞ്ജു കാത്തിരിക്കേണ്ടി വന്നത് വെറും മൂന്നു മത്സരങ്ങളാണ്. നാലാം മത്സരത്തിൽ വീണ്ടും അവസരം ലഭിച്ചു. ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20യിൽ വെല്ലിങ്ടനിൽ സാക്ഷാൽ രോഹിത് ശർമയ്ക്കു പകരം സഞ്ജു കളത്തിലെത്തിയത് അങ്ങനെയാണ്. പക്ഷേ, തുടർച്ചയായ രണ്ടാം മത്സരത്തിലും സിക്സറടിച്ച് കൊതിപ്പിച്ച സഞ്ജു, തൊട്ടുപിന്നാലെ പുറത്തായി. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന്റെ ആവർത്തനം!
ഋഷഭ് പന്തിനേപ്പോലെ ദേശീയ ടീമിൽ സ്ഥിരാംഗമായിരുന്ന താരത്തെ ബെഞ്ചിൽത്തന്നെ ഇരുത്തിയാണ് ഇത്തവണ സഞ്ജുവിന് അവസരം നൽകിയത്. ശ്രീലങ്കയ്‌ക്കെതിരെ മൂന്നാമനായിരുന്നു സഞ്ജുവെങ്കിൽ ഇക്കുറി ഓപ്പണറായാണ് പരീക്ഷിച്ചത്. പ്രതിഭാധനരായ താരങ്ങൾ തിക്കിത്തിരക്കുന്ന ദേശീയ ടീമിൽ അധികം കാലവ്യത്യാസമില്ലാതെ തുടർച്ചയായി രണ്ട് അവസരം പാഴാക്കിയത് താരത്തിന് അത്ര ഭൂഷണമാകുമോ? കാത്തിരുന്നു കാണേണ്ടിവരും.
ന്യൂസീലൻഡ് മണ്ണിൽ ചരിത്രത്തിലാദ്യമായി പരമ്പര നേടിയതിനു പിന്നാലെയാണ് മൂന്നാം മത്സരത്തിലെ വിജയശിൽപിയായ രോഹിത്തിന് ഇന്ത്യ വിശ്രമം അനുവദിച്ചത്. രോഹിത്തിനു പുറമെ ജോലിഭാരം കൂടുതലുള്ള മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്കും വിശ്രമം അനുവദിച്ചതോടെ പകരം ടീമിലെത്തിയത് സഞ്ജു, നവ്ദീപ് സെയ്നി, വാഷിങ്ടൻ സുന്ദർ എന്നിവർ. വെല്ലിങ്ടനിൽ രോഹിത്തിനു പകരമെത്തുന്ന സഞ്ജു ഓപ്പണറാകുമെന്ന കോലിയുടെ പ്രഖ്യാപനത്തെ കരഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. കെയ്ൻ വില്യംസനു പരുക്കായതിനാൽ പകരം നായകനായെത്തിയ ടിം സൗത്തി ടോസ് ജയിച്ച് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചതോടെ, സഞ്ജുവിന്റെ ബാറ്റിങ് കാണാൻ അധികം കാത്തിരിക്കേണ്ടിയും വന്നില്ല.
ടിം സൗത്തി എറിഞ്ഞ ആദ്യ ഓവറിൽ ലോകേഷ് രാഹുലാണ് സ്ട്രൈക്ക് ചെയ്തത്. സഞ്ജുവിന് സ്ട്രൈക്ക് കിട്ടുന്നത് മൂന്നാം പന്തിൽ. ക്ഷമയോടെ സിംഗിൾ. ആറാം പന്തിൽ വീണ്ടും സ്ട്രൈക്ക്. ഇക്കുറി വീണ്ടും സിംഗിൾ. ഇതോടെ രണ്ടാം ഓവറിൽ സഞ്ജു സ്ട്രൈക്ക് നിലനിർത്തി. സ്കോട്ട് കുഗ്ഗെലെയ്നാണ് രണ്ടാം ഓവർ എറിയാനെത്തിയത്. ആദ്യ പന്തിൽ സഞ്ജു പ്രതിഭ തെളിയിച്ചു. മിഡിലിനും ലെഗ്ഗിനുമിടയിലായി കുഗ്ഗെലെയ്ന്റെ ലെങ്ത് ഡെലിവറി. സഞ്ജുവിന്റെ ഫ്ലിക് ഷോട്ട് നിലംതൊടാതെ ഗാലറിയിൽ. ആരാധകർക്ക് ആവേശം. കുഗ്ഗെലെയ്ന്റെ അടുത്ത പന്ത് വൈഡ്. പകരമെറിഞ്ഞ പന്ത് 141 കിലോമീറ്റർ വേഗത്തിലെത്തിൽ. സഞ്ജു പ്രതിരോധിച്ചു. മൂന്നാം പന്തിൽ സഞ്ജുവിന് പിഴച്ചു. കണ്ണുംപൂട്ടി അടുത്ത സിക്സിനുള്ള സഞ്ജുവിന്റെ ശ്രമം പാളി. നേരെ ഉയർന്നുപൊങ്ങിയ പന്ത് പിച്ചിന് തൊട്ടരികെ മിച്ചൽ സാന്റ്നർ അനായാസം കയ്യിലൊതുക്കി. സിക്സറടിച്ച് കൊതിപ്പിച്ച് തൊട്ടുപിന്നാലെ പുറത്താകുന്ന ‘സഞ്ജു സ്റ്റൈലി’ന് രണ്ടാം ഭാഗം.
നേരത്തെ, ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ ലഭിച്ച അവസരവും സമാനമായ രീതിയിൽ സഞ്ജു പാഴാക്കിയിരുന്നു. നേരിട്ട ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ച് ക്യാപ്റ്റൻ വിരാട് കോലിയുള്‍പ്പെടെയുള്ള സഹതാരങ്ങളിലും ആരാധകരിലും ആവേശമുണർത്തിയ സഞ്ജു, രണ്ടാം പന്തിൽ എൽബിയിൽ കുരുങ്ങി പുറത്താവുകയായിരുന്നു. കാത്തുകാത്തിരുന്നു കിട്ടിയ അവസരത്തിൽ സഞ്ജു ആവേശത്തോടെ തുടങ്ങിയെങ്കിലും ആ ആവേശം അതേപടി നിലനിർത്താനാകാതെ പോയത് ആരാധകർക്കും നിരാശയായി. അന്ന് രണ്ടു പന്തിൽനിന്ന് ആറു റണ്‍സെടുത്താണ് പുറത്തായതെങ്കിൽ ഇക്കുറി അഞ്ച് പന്തിൽ എട്ട് റൺസായി എന്ന വ്യത്യാസം മാത്രം.
English Summary: Sanju Samson criticised for playing reckless shot, squandering an opportunity