വധശിക്ഷ ഒരിക്കലും നടക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ വെല്ലുവിളിച്ചിരുന്നു; പ്രതികളെ തൂക്കിലേറ്റുന്നതുവരെ പോരാട്ടം തുടരുമെന്ന് നിര്‍ഭയയുടെ അമ്മ
by Janam TV Web Deskന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ. പ്രതികളെ തൂക്കിലേറ്റുന്നതുവരെ നിയമ പോരാട്ടം തുടരുമെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി പറഞ്ഞു. ഡൽഹി പട്യാല അഡീണൽ സെഷൻസ് കോടതി വിധി കേട്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആശാദേവി.
പ്രതികളുടെ വധശിക്ഷ ഒരിക്കലും നടക്കില്ലെന്ന് അഭിഭാഷകന്‍ എപി സിംഗ് തന്നോട് പരസ്യമായി വെല്ലുവിളിച്ചിരുന്നു. വധശിക്ഷ നീട്ടിവെയ്ക്കുന്നതിലൂടെ മുഴുവന്‍ ഭരണ കൂടത്തെയും പ്രതികള്‍ പരിഹസിക്കുകയാണ്. ഇവരുടെ മുന്‍പില്‍ ഭരണ വ്യവസ്ഥ തലകുനിയ്ക്കുകയാണ്. തന്റെ മകള്‍ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും എന്നും ആശാദേവി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരും കോടതിയും എല്ലാവരും ഇത് കേള്‍ക്കണം. രാവിലെ പത്ത് മണി മുതല്‍ താന്‍ കോടതി വരാന്തയില്‍ നില്‍ക്കുകയായിരുന്നു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് കോടതിയ്ക്ക് ഉണ്ടെങ്കില്‍ എന്തിനാണ് വധശിക്ഷ വൈകിപ്പിക്കുന്നത്. എന്തിനാണ് തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. എപ്പോഴും പ്രതീക്ഷയുമായി തങ്ങള്‍ ഇവിടെ കാത്തിരിക്കുന്നു. എപ്പോഴാണ് തനിക്ക് വീട്ടിലേക്ക് പോകാന്‍ കഴിയുക എന്നും ആശാദേവി ചോദിച്ചു.
പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് പ്രതികളുടെ മരണവാറന്റ് കോടതി സ്റ്റേ ചെയ്തത്. വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.
പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ നടക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ഒരു കേസില്‍ ഒന്നിലേറെപ്പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ എല്ലാവര്‍ക്കും നിയമപരമായ പരിഹാര മാര്‍ഗങ്ങള്‍ തേടിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്ന ജയില്‍ ചട്ടം വ്യക്തമാക്കി കൊണ്ടാണ് കോടതി മരണ വാറണ്ട് സ്റ്റേ ചെയ്തത്.